Friday, November 15, 2024

രാക്കുയിൽ പാടുന്നു : മലയാള സിനിമയുടെ പ്രിയപ്പെട്ട ലോഹിയെക്കുറിച്ച്

സിനിമ കലാകാരന്മാരെ തേടിപ്പോകുന്ന അപൂര്‍വ ചരിത്രമുണ്ട് ചലച്ചിത്ര ലോകത്തിന്. സിനിമാലോകം കലാകാരന്‍റെ/രിയുടെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്നത് സിനിമയില്‍ അത്ഭുതമായിരുന്നു. സിനിമയുടെ ഒരു നൂറ്റാണ്ടിന്‍റെ ഓർമ്മ പോലും നമുക്ക് ഉണ്ടാകുന്നത് ആ കലാകാരൻമാരുടെ കലാസൃഷ്ടിയുടെ മേല്‍വിലാസത്തിലാണ്. ഭരതനും പത്മരാജനും എം ടിയും ലെനിൻ രാജേന്ദ്രനുമെല്ലാം മലയാള സിനിമയെ സുവർണ ലിപികൾ കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു. ലോഹിതദാസ് തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, ചെറുകഥാകൃത്ത്, നാടകരചയിതാവ് എന്നീ സര്‍ഗ്ഗമേഖലകളില്‍ തന്‍റെ കലാപരമായ പ്രഭാവം തെളിയിച്ച കലാകാരനാണ്. വളരെപ്പെട്ടെന്ന് തന്നെ അദ്ദേഹം മലയാള സിനിമയുടെ പ്രിയപ്പെട്ടവനായി. എത്രയൊ ഹിറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ലോഹിതദാസിന്‍റെ മനസ്സും കൈകളും നിറയെ കഥാപാത്രങ്ങളായിരുന്നു, കഥകളായിരുന്നു. അവരുടെ ജീവിതങ്ങളായിരുന്നു. കഥയില്ലാതെ ഉഴറി നടന്ന മലയാള സിനിമയ്ക്ക് കിട്ടിയ അപൂർവ ‘കഥച്ചെപ്പ് ‘തന്നെയായിരുന്നു ലോഹിതദാസ് എന്ന കലാകാരൻ.

തന്‍റെ കാഴ്ചയിൽ മുന്നിൽ ജീവിക്കുന്ന ഓരോ മനുഷ്യരും അദ്ദേഹത്തിന്‍റെ കഥയിൽ ഓരോ കഥാപാത്രങ്ങളായിത്തീർന്നു. വെള്ളിത്തിരയിൽ നിന്നും ഓരോ കഥാപാ ത്രങ്ങളും മിന്നി മറഞ്ഞപ്പോൾ ഓരോ പ്രേക്ഷകനും കണ്ണാടിയിലെന്ന പോലെ തന്നെത്തന്നെ തന്‍റെ ജീവിതത്തെത്തന്നെ കാണുകയായിരുന്നു. ഓരോ ജീവിതവും കഥാപാത്രങ്ങളുടെ വേദനയിലും ഉള്ളിൽ അതേ നീറ്റലോടെ തന്നെ തിയ്യേറ്ററിൽ നിന്നും പുറത്തേക്കിറങ്ങുന്നു. ദിവസങ്ങളോളം അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് നീറുന്ന ജീവിതവുമായി കടന്നുവന്നു നമ്മുടെ ഉറക്കം കെടുത്തിക്കളയുന്നത് ! അവരുടെ ശബ്ദത്തിലെ വിങ്ങലും ജീവിതത്തിന്‍റെ ഇടർച്ചകളും പതർച്ചകളും എത്ര പെട്ടന്നാണ് നമ്മുടേത് കൂടിയായിത്തീരുന്നത് ! ലോഹിതദാസ് നമുക്ക് നൽകിയത് ഒരു കൂട്ടം മനുഷ്യ ജീവിതങ്ങളും അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമായിരുന്നു…

വെള്ളിത്തിരയിൽ തീഷ്ണവും ജീവിതഗന്ധിയുമായ കഥാപാത്രങ്ങളെക്കൊണ്ട് ഒരു മനുഷ്യായുസ്സിനെ തന്നെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ജീനിയസ് ആയിരുന്നു ലോഹിതദാസ്. സംവിധാനത്തിൽ മറ്റൊരു ജീനിയസ് ആയിരുന്ന ഭരതന്‍റെയും സിബിമലയിലിന്‍റെയും ലോഹിതദാസുമായുള്ള അപൂർവ കൂട്ട്കെട്ട് മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കെമിസ്ട്രിയായിരുന്നു. കലർപ്പില്ലാത്ത മനുഷ്യ സ്നേഹത്തെയും ബന്ധങ്ങളെയും അതിന്‍റെ വിള്ളലുകളെയും തന്‍റെ കഥയിൽ നിന്നും തിരക്കഥയിലേക്ക് ചെത്തി മിനുക്കിയെടുത്തു ,ലോഹിതദാസ് എന്ന ഈ കഥാ ശില്പി. സിബി മലയിലുമായി കൂട്ട് ചേർന്നു നിർമ്മിച്ച ഹിറ്റ് ചിത്രം ‘തനിയാവർത്തനം ‘മുതൽ ലോഹിതദാസ് തന്നെ തിരക്കഥയും സംവിധാനവുമൊരുക്കിയ ‘നിവേദ്യം’ വരെ നാല്പത്തി മൂന്നു ചിത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

സംവിധായകൻ സുന്ദർ രാജിന്‍റെ ‘അഞ്ചരക്കുള്ള തീവണ്ടി ‘എന്ന ഹ്രസ്വ ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതിയതെങ്കിലും സിനിമാലോകത്തേക്ക് ലോഹിതദാസ് ആദ്യമായി ചുവട് വെക്കുന്നത് നാടക ലോകത്ത് നിന്നും പരിചിതനായ മലയാള സിനിമയുടെ പ്രിയപ്പെട്ട ’പെരുന്തച്ചൻ’ തിലകനിലൂടെയാണ്. തിലകൻ വഴി സിബി മലയിലുമായി പരിചയപ്പെടുന്നതോട് കൂടി മലയാള സിനിമ മറ്റൊരു യുഗപ്പിറവിക്ക് കൂടി സാക്ഷ്യം വഹിച്ചു. സിബിമലയിൽ കൂട്ട്കെട്ടിൽ മമ്മൂട്ടി ‘ബാലൻ മാഷ് ‘ എന്ന കഥാപാത്രമായി തകർത്തഭിനയിച്ച ലോഹിത ദാസിന്‍റെ ആദ്യ ചിത്രം ‘തനിയാവർത്തനം’ സൂപ്പർ ഹിറ്റായി. പിന്നീട് മലയാള സിനിമാ ലോകം ലോഹിതദാസിന്‍റെ കഥയ്ക്കും തിരക്കഥയ്ക്കുമായി സംവിധാനത്തിനുമായി കാത്തു നിന്നു…

ലോഹിതദാസ് എന്ന കലാകാരനെ പ്രേക്ഷകർ ഓർക്കുന്നത് അദ്ദേഹം സമ്മാനിച്ച ഒത്തിരി നല്ല കഥാപാത്രങ്ങളിലൂടെയും അവരുടെ സൂപ്പര്‍ ഹിറ്റ് ഡയലോഗുകളിലൂടെയുമാണ്. മറക്കാനാവാത്ത ചലച്ചിത്ര മുഹൂർത്തങ്ങൾ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന്‍റെ തൂലികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭരതനും സിബിമലയിലും ലോഹിതദാസിന്‍റെ കലയോട് ചേരുമ്പോൾ അത്ഭുതാവഹമായൊരു ചലച്ചിത്ര മാന്ത്രികത നിലയ്ക്കാത്ത കയ്യടികളുടെ നടുവിൽ, അംഗീകാരങ്ങളുടെ നിറവിൽ നമുക്ക് മുന്നിൽ ആകാശം മുട്ടെ ഉയരുകയാണ്. 1989 ൽ സിബിമലയിൽ ലോഹിതദാസ് കൂട്ട് കെട്ടിൽ പിറന്ന മോഹൻലാൽ നായകനും പാർവതി നായികയായും അഭിനയിച്ച ‘കിരീടം’ എന്ന ഹിറ്റ് ചിത്രം മലയാള സിനിമയുടെ പൊൻ തൂവലായിരുന്നു. പോലിസ് കോൺസ്റ്റബിളായ അച്യുതൻ നായരെയും (തിലകൻ ) അയാളുടെ മകൻ സേതുമാധവനെയും (മോഹൻലാൽ ) മലയാള സിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കുകില്ല. വിഷാദവും വാത്സല്യവും സംഘട്ടനവും നിറഞ്ഞ സന്ദർഭത്തിൽ അച്യുതൻ നായർ സേതുമാധവനോട് “കത്തി താഴെ ഇടു മോനെ,നിന്‍റെ അച്ഛനാണ് പറയുന്നത് ” എന്ന ഹിറ്റ് ഡയലോഗ് സാമൂഹിക സമകാലിക രാഷ്ട്രീയത്തിന്‍റെ മിക്ക മീമുകളിലും ഹാസ്യ രൂപേണ ട്രോളുകളായി ഇന്നും ഓർക്കപ്പെടുന്നു. തിലകനും മോഹൻലാലും അച്ഛനും മകനുമായി വരുന്ന കഥാപാത്രങ്ങളുടെ അമ്പരപ്പിക്കുന്ന കെമിസ്ട്രിയും അഭിനയ മികവും മറ്റൊരു ‘അച്ഛനും മകനും’ സ്വന്തമാക്കിയില്ല , മലയാള സിനിമയിൽ. അച്ഛനും മകനുമെന്നാൽ അത് മോഹൻലാലും തിലകനും തന്നെ എന്ന് പ്രേക്ഷകരും സമ്മതിക്കുന്നു. ഇന്നും ലോഹിതദാസ് ജീവൻ നൽകിയ അച്യുതൻ നായരും സേതുമാധവനും ഒരു നീറ്റലായി നമുക്കുള്ളിൽ ഇന്നും ജീവിക്കുന്നു.

തന്‍റെ സ്വന്തം ജീവിതവും നോക്കി മുന്നോട്ട് പോകുന്ന ഒരു മനുഷ്യനെ മനോരോഗി എന്ന് മുദ്ര കുത്തുന്ന സമൂഹത്തിന്‍റെ കഥയാണ് സിബിമലയിലിനായി ലോഹിതദാസ് ഒരുക്കിയിരുന്നത്. മമ്മൂട്ടി എന്ന നടന്‍റെ അഭിനയ പാടവം പ്രേക്ഷകർ കണ്ട നിരവധി ചിത്രങ്ങളിൽ ഒന്നാണ് 1987 ൽ പുറത്തിറങ്ങിയ ‘തനിയാവർത്ത ന’ത്തിലെ ബാലൻ മാഷ് എന്ന കഥാപാത്രം. ‘ഭ്രാന്ത് ‘ എന്ന് കുടുംബ പാരമ്പര്യമെന്ന് മുദ്ര സമൂഹം ബാലൻ മാഷിനും കല്പിച്ചു നൽകുമ്പോൾ അതിൽപ്പെട്ടുഴറുന്ന സാധാരണക്കാരന്‍റെ കഥയാണ് ‘തനിയാവര്‍ത്തന’ ത്തില്‍ .ബാലൻ മാഷ് എന്ന നിസ്സഹായനായ മനുഷ്യൻ ഒടുവിൽ വീടിന്‍റെ അകത്തളങ്ങളിൽ മാത്രം ചുരുങ്ങിപ്പോകുന്നു, ഒരു മനോരോഗി അല്ലാതിരുന്നിട്ട് കൂടി. ഒരു നൊമ്പരമായി പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും വിങ്ങി നിൽക്കുന്നത് ചിത്രത്തിന്‍റെ ക്ലൈമാക്സിൽ ഭ്രാന്ത്‌ ഇല്ലാതിരുന്നിട്ട് കൂടി ചങ്ങലക്കിടേണ്ടി വരികയും ഭ്രാന്തനെന്ന വിളികളിൽ നിന്നും അയാളുടെ അമ്മ അയാൾക്ക് ചോറിൽ വിഷം ചേർത്തു കൊടുത്തു ‘ദയാവധം ‘ നടത്തുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ്. മലയാള സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത തീവ്രമായ ക്ലൈമാക്സ്‌ രംഗങ്ങളിലൂടെയാണ് പ്രേക്ഷകർ ‘തനിയാവർത്തന’ ത്തിലൂടെ കടന്ന് പോയത്. അത് കൊണ്ട് തന്നെ ‘ തനിയാവർത്തനം ‘ ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളില്‍ , കഥാപാത്രങ്ങളില്‍ നൊമ്പരമായി നിൽക്കുന്നു. ഈ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് ലോഹിതദാസും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് തിലകനും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ഫിലോമിനയും മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം മമ്മൂട്ടിയും സ്വന്തമാക്കി.

വൈകാരിക സന്ദർഭങ്ങളിൽ ലോഹിതദാസിന്‍റെ കഥകളിലെ മനുഷ്യാത്മാക്കള്‍ എത്ര വേദനയോടെയാണ് ഓരോരുത്തരിലൂടെയും കടന്ന് പോകുന്നത്. 1991ൽ ഭരതനുമായുള്ള കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘അമര’ ത്തിലും മമ്മൂട്ടിയുടെ വേറിട്ട അഭിനയത്തിന് പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. ‘അമര’ത്തിലെ അച്ചൂട്ടിയെയും അയാളുടെ കടപ്പുറ ജീവിതത്തെയും മുക്കുവ ഭാഷയിലെ നിഷ്കളങ്കതയേയും സ്നേഹത്തെയും നമുക്ക് അത്ര വേഗം മറക്കാൻ കഴിയില്ല. അച്ചൂട്ടിയുടേയും അയാളുടെ മകൾ മുത്തിന്‍റെയും വാത്സല്യ നിര്‍ഭരമായ കഥ. മുത്തും രാഘവനും തമ്മിലുള്ള പ്രണയത്തെ അച്ചൂട്ടി എതിർക്കുന്നത് മുത്തുവിനെക്കുറിച്ചുള്ള സ്വപ്നവും അവളുടെ ഭാവിയും മനസ്സില്‍ സ്വപ്നം കണ്ടു കൊണ്ടാണ്. കൊച്ചുരാമനുമായുള്ള അച്ചൂട്ടിയുടെ സൗഹൃദത്തെയും മുത്തിനോടുള്ള വാത്സല്യത്തെയും രാഘവന്‍റെ പ്രണയത്തെയും എത്ര നിഷ്കളങ്കമായി ലോഹിത ദാസ് തന്‍റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ വേറിട്ട അഭിനയത്തിന് സാക്ഷ്യം വഹിച്ചു അച്ചൂട്ടിഎന്ന കഥാപാത്രം തകഴിയുടെ ‘ചെമ്മീനിന്‍റെ’കടൽത്തിരകൾക്കൊപ്പം കാലാകാലങ്ങളായി തലമുറകളായി കടന്നു വന്നതാണ്, അത് ‘അമര’ത്തിലും അടങ്ങിയില്ല. കടലും കടലിന്‍റെ മക്കളുടെ കഥയും എത്ര തിരകളുടെ എണ്ണത്തിലാണ് ഒടുങ്ങുക? അത് അവസാനിക്കുന്നേയില്ലല്ലോ… ഓരോ തിരയും പറയുന്ന ജീവിതങ്ങളെ കേൾക്കാൻ ലോഹിതദാസിന്‍റെ പോലെയുള്ള കലാകാരൻ ആയിരിക്കണമെന്ന് മാത്രം!’

‘അമര’ത്തിലെ’അച്ചൂട്ടി’ചരിത്രവിജയം നേടിയപ്പോൾ അധികം വൈകാതെ ലോഹിതദാസിൽ നിന്ന് 1992ൽ ജോഷിയുടെ സംവിധാനത്തിൽ ‘കൗരവർ ‘പിറന്നു. മമ്മൂട്ടി യുടെ ‘ആന്‍റണി ‘എന്ന കഥാപാത്രവും മമ്മൂട്ടിയുടെ കരിയറിൽ ഇടം പിടിച്ചപ്പോൾ ലോഹിതദാസിന്‍റെ രചനയിലും ജോഷിയുടെ സംവിധാന ചിത്രങ്ങളിലും’ കൗരവർ ‘ മലയാള സിനിമയിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. ഗ്രാമീണ നിഷ്കളങ്കതയും ജീവിതവും നാട്ടു പച്ചയും മനുഷ്യരുടെ നിസ്സഹായതയും ലോഹിത ദാസിന്‍റെ കഥകൾക്ക് എന്നും അഴകായിരുന്നു. മൃഗയയിലെ ‘വാറുണ്ണി’യിലേക്ക് എത്തുമ്പോൾ സ്വയം വേദനിക്കുന്ന എന്നാൽ ആ വേദനയിൽ സ്വയം മറക്കുന്ന മറ്റൊരു മനുഷ്യനെ നമ്മൾ കണ്ടു മുട്ടുന്നു. മമ്മൂട്ടി ലോഹിതദാസിന്‍റെ കഥാപാത്രമായെത്തുമ്പോൾ അദ്ദേഹം സിനിമയിൽ ജീവിക്കുകയായിരുന്നു. പ്രത്യക്ഷത്തിൽ ഒരാളുടെ ശരീരത്തിന്‍റെ പുറം കാഴ്ചയിൽ മാത്രം ആളുകളെ വ്യക്തിത്വം വിലയിരുത്തുന്ന ഒരു ആൾക്കൂട്ട സമൂഹത്തെ ‘മൃഗയ’യിൽ കാണാം. ഐ വി ശശിയുടെ സംവിധാനത്തിൽ 1989 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മൃഗയ ‘. ഒരു നായാട്ട്കാരന്‍റെ വേഷത്തിലെത്തിയ വാറുണ്ണിയിലൂടെ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കി.

നടനും സംവിധായകനും തിരക്കഥാകൃത്തുമായ കൊച്ചിൻ ഹനീഫ 1993 ൽ പുറത്തിറക്കിയ ‘വാത്സല്യം’ വീണ്ടും മമ്മൂട്ടിയുടേയും ലോഹിതദാസിന്‍റെയും കരിയറിൽ ഒരു പൊൻതൂവൽ കൂടിയായി.ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കുകയുണ്ടായി.മേലേടത്ത് രാഘവൻ നായർ എന്ന മമ്മൂട്ടി കഥാപാത്രം താനാണോ എന്ന് ഓരോ പ്രേക്ഷകനും സ്വയം സംശയിച്ചു. തന്‍റെ തന്നെ ജീവിതത്തെ ആണല്ലോ ലോഹിതദാസ് വെള്ളിത്തിരയിൽ കൊണ്ട് വരുന്നതെന്ന് ഓരോ സാധാരണക്കാരനും ചിന്തിച്ചു. ഇല്ലായ്മയുടെയും വല്ലായ്മയുടെയും വറുതിയിൽ ജീവിക്കുന്ന ഓരോ കഥാപാത്രത്തിലും ഓരോ മനുഷ്യന്‍റെയും വേദനയും സന്തോഷവും ഏകാന്തതയും ഒപ്പിയെടുക്കാൻ ലോഹിതദാസിന്‍റെ തൂലികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

വള്ളുവനാടൻ ഗ്രാമാന്തരീക്ഷത്തിന്‍റെ പ്രിയങ്കരനാണ് ലോഹിതദാസ്. പ്രകൃതിയും അതിലെ ജീവജാലങ്ങളുമെല്ലാം അദ്ദേഹത്തിനു സിനിമ പോലെ തന്‍റെ കഥാപാത്രങ്ങളെ പോലെ പ്രിയങ്കരമായിരുന്നു.അത് കൊണ്ട് തന്നെ മനുഷ്യന്‍റെയും അവന്‍റെ വിയർപ്പിന്‍റെയും മണവും സ്വരവും സ്നേഹവും ദുഃഖവുമെല്ലാം അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾക്കും സ്വന്തമായി. എല്ലാ മനുഷ്യ ദുഃഖങ്ങളുടെയും സ്ഥായിഭാവം ഒന്നല്ല എന്നും ഓരോ ജീവിതചര്യകൾക്കും അതിന്‍റെതായ സാഹചര്യങ്ങളുടെ കാണാപ്പുറങ്ങൾ ഉണ്ടാകുമെന്നും ലോഹിത ദാസിലെ എഴുത്തുകാരനും മനുഷ്യനും തിരിച്ചറിഞ്ഞിരുന്നു. ലോഹിതാദാസിന്റെ തന്നെ തിരകഥയിൽ 2001 ൽ ഇറങ്ങിയ ‘സൂത്രധാരൻ ‘എന്ന ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചത് ലോഹിതദാസ് തന്നെയായിരുന്നു. വേശ്യകളുടെ ദുഃഖ ജീവിതത്തിന്‍റെ കഥപറയുന്ന ഈ ചിത്രം ഇന്നും ഒരു നൊമ്പരമായി നിൽക്കുന്നു.മനുഷ്യന്‍റെ വികാരങ്ങളും അവർ തന്‍റെ ആത്മബന്ധങ്ങൾക്ക് കല്പ്പിക്കുന്ന മൂല്യവുമെല്ലാം ചിത്രം വരച്ചു കാട്ടുന്നു.

ലോഹിതാദാസിന്‍റെ ‘ഭൂതക്കണ്ണാടി’യിലേക്ക് എത്തുമ്പോൾ അത് വരെ അദ്ദേഹം സ്വീകരിച്ചു പോന്നിരുന്ന സിനിമയുടെ വീക്ഷണവും വിഷയ സ്വീകരണവും മാറി മറയുന്നു.പെൺകുട്ടികളുള്ള അച്ഛനമ്മമാരുടെ ആധിയും സമകാലിക സമൂഹത്തിന്‍റെ വൈകൃതമായ മുഖവും സിനിമ അതിന്‍റെ ആശയം കൊണ്ട് വേറിട്ടു നിന്നു. ഒരു പക്ഷെ, മലയാള സിനിമ ലോഹിതദാസിന്‍റെ ചിത്രത്തിന്‍റെ വേറിട്ടൊരു മുഖം ‘ഭൂതക്കണ്ണാടി’യിലൂടെ കാണാം. അതിലെ നായകനായി തകർത്തു അഭിനയിച്ച മമ്മൂട്ടിയുടെ’റിപ്പയർ വിദ്യാധരൻ ‘പ്രേക്ഷക ഹൃദയത്തിൽ നൊമ്പരമായിനിന്നു. ‘അരയന്നങ്ങളുടെ വീട്ടിലെ’രവീന്ദ്രനാഥും, കമലദളത്തിലെ ‘നന്ദഗോപരും’, ‘കുട്ടേട്ട’നി ലെ കുട്ടേട്ടനും ‘കന്മദ’ത്തിലെ ഭാനുവും ലോഹിതദാസിന്‍റെ തൂലികയിൽ നിന്ന് പിറന്നു വീണ മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. നിവേദ്യം,ചക്കരമുത്ത്,ചക്രം, ജോക്കർ,ഓർമ്മച്ചെപ്പ്,കാരുണ്യം എന്നിവയാണ് ലോഹിതദാസ് സംവിധാനം ചെയ്ത മറ്റു ഹിറ്റ് മലയാള ചിത്രങ്ങൾ…

ജീവിതഗന്ധിയായ ലോഹിതദാസിന്‍റെ തിരക്കഥയെക്കുറിച്ചും കഥയെക്കുറിച്ചും പറയുമ്പോൾ സിബിമലയിൽ കൂട്ട്കെട്ടിൽ പിറന്ന മോഹൻലാൽ തകർത്തഭിനയിച്ച ‘ഭരത’വും (1991), ഹിസ്ഹൈനസ് അബ്‌ദുള്ളയും (1991) എങ്ങനെ മറക്കാൻ കഴിയും? ഈ ചിത്രങ്ങളിലെ ഓരോ അണുപോലും കല കൊണ്ട് സൗന്ദര്യമാർന്നിരുന്നു. അഭിനയവും തിരക്കഥയും സംവിധാവും മാത്രമല്ല,ലോഹിതദാസിന്‍റെ കഴിവുകളില്‍ പാട്ടും സംഗീതവും വരികളും ആലാപനവും ഒന്നിനോടൊന്ന് മെച്ചമായിരുന്നു. ഹിസ്‌ഹൈനസ് അബ്‌ദുല്ലയിൽ മോഹൻലാൽ അനന്തനായും അബ്‌ദുള്ളയായും ഡബിള്‍ റോളില്‍ എത്തുമ്പോൾ ‘ഭരത’ത്തിലെ കല്ലൂർ ഗോപിനാഥ് ഒരു നീറ്റലായി നമ്മുടെ ഉള്ളിൽ ആ കഥാപാത്രത്തോടൊപ്പം വേദനയുടെ തിരകളെണ്ണുന്നു.’ ഭരത’ത്തിലൂടെയും ‘ഹിസ്‌ ഹൈനസ് അബ്‌ദുള്ള’യിലൂടെയും ലോഹിതാദാസ് – സിബി മലയിൽ കൂട്ടുകെട്ട് കൂടുതൽ ജനപ്രിയമായിത്തീർന്നു. തന്‍റെ ജീവിതത്തിൽ നിന്നും അനുഭവത്തിലൂടെ സ്വയം ആർജിച്ചെടുത്ത തീവ്രതയിൽ നിന്നും ലോഹിതാദാസിന്‍റെ പിറന്നു വീണ കഥാപാത്രങ്ങളും പ്രേക്ഷകരോട് വെള്ളിത്തിരയിൽ പച്ചയായ മനുഷ്യ ജീവിതത്തിന്‍റെ കഥ പറഞ്ഞു .

യാഥാർഥ്യവും ദുഃഖവും സമകാലിക മനുഷ്യ ജീവിതങ്ങളിലൂടെ പങ്കു വെച്ചു,അദ്ദേഹത്തിന്‍റെ ഓരോ കഥാ പാത്രങ്ങളും. ലോഹിതദാസിന്‍റെ ചിരിപ്പിച്ച കഥാപാത്രങ്ങൾ ഓർമ്മയിൽ പോലും തെളിയാതിരിക്കുമ്പോൾ പകരമെത്തുന്നത് നമ്മെ ചിന്തിപ്പിക്കുകയും സ്നേഹിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ്. ഓരോ കഥാപാത്രവും അവരുടെ ജീവിതങ്ങളുടെ ആഴങ്ങളിലേക്ക് നമ്മെ കൊണ്ട് പോകുന്നു. സാങ്കല്പിക കഥാപാത്രങ്ങളല്ല, ജീവിതത്തിന്‍റെ നാനാ തുറകളിലും ജീവിക്കുന്ന മനുഷ്യ ജന്മങ്ങൾ തന്‍റെ സിനിമയിൽ കഥാപാത്രങ്ങളായി വരണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. വേദനകളുടെയും ഒറ്റപ്പെടലിന്‍റെയും പ്രണയത്തിന്‍റെയും ഉന്മാദികളായ കഥാപാത്രങ്ങൾ ലോഹിതദാസിന്‍റെ സിനിമകളുടെ കഥയും തിരക്കഥയും സംവിധാനവുമെല്ലാം കലാമൂല്യത്തെയും വാണിജ്യാടിസ്ഥാനത്തിലും സമ്പന്നമാക്കി. വ്യക്തിയുടെയും കുടുംബത്തിന്‍റെയും ജീവിത വ്യാപാരങ്ങളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്‍റെ കഥയുടെ മറ്റൊരു വശം സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ലോഹിതദാസിന് മാത്രം കഴിയുന്നൊരു ദൃശ്യപരത സ്‌ക്രീനിൽ വേറിട്ടു നിന്നിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങളായ വീണ്ടും ചില വീട്ടുകാര്യങ്ങൾ, തൂവൽ കൊട്ടാരം, കനൽക്കാറ്റ്, സസ്നേഹം, കുടുംബ പുരാണം, സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം, സിബി മലയിലിന്‍റെ ചെങ്കോൽ, കമലദളം, ധനം, മാലയോഗം, മുദ്ര, ദശരഥം,വിചാരണ,എഴുതാപ്പുറങ്ങൾ,ഭരതനോടൊപ്പം ചേർന്നു എഴുതിയ പാഥേയം,വെങ്കലം,ജോർജ് കിത്തുവിനൊപ്പം ആധാരം,ജോഷിയോടൊപ്പം കുട്ടേട്ടൻ,മഹായാനം,ഐ വി ശശിയോടൊപ്പം മുക്തി തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും എഴുതിയ ലോഹിതദാസ് ഉദയനാണ് താരം,ദി ക്യാമ്പസ്‌, സ്റ്റോപ്പ് വയലൻസ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ,ആധാരം,ചകോരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയൂം ചെയ്തു.

സംവിധായകനും തിരക്കഥാകൃത്തും മാത്രമല്ല, നല്ലൊരു ഗാനരചയിതാവ് കൂടിയായിരുന്നു ലോഹിതാദാസ്. അതെല്ലാം ജനപ്രിയ ഗാനങ്ങളാകുകയും ചെയ്തു. ‘നിവേദ്യ’ത്തിൽ എം ജയചന്ദ്രൻ ഈണമിട്ട് വിജയ് യേശുദാസും ശ്വേതയും ചേർന്നു പാടിയ “കോലക്കുഴൽ വിളി കേട്ടോ രാധേ “..’കസ്തുരിമാനി’ൽ ഔസേപ്പച്ചൻ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ “രാക്കുയിൽ പാടി “…’ജോക്കറി’ൽ മോഹൻസിത്താര ഈണമിട്ടു യേശുദാസ് പാടിയ “ചെമ്മാനം പൂത്തെ “…”അഴകേ നീ പാടും “..തുടങ്ങിയ ഗാനങ്ങൾ ഇന്നും കാതില്‍ ഇമ്പമോടെ നിൽക്കുന്നു. ആകസ്മികമായി ജീവിതത്തിന്‍റെയും സിനിമയുടെയും തട്ടകം വിട്ടൊഴിയേണ്ടി വന്നു,ലോഹിതദാസ് എന്ന പ്രതിഭാധനനും കലാകാരനുമായ ജീനിയസ്സിനു. ലോഹിതദാസ് മലയാള സിനിമയിൽ നിന്ന് വിടപറഞ്ഞിട്ട് പതിനാലു വർഷം ആകുന്നു.

അകാല നിര്യാണത്തിൽ ചെമ്പട്ട്, ഭീഷ്മർ എന്നി ചിത്രങ്ങൾ പൂർത്തിയാക്കാതെ പോയെങ്കിലും ഇന്നും പ്രേക്ഷക ഹൃദയത്തിലും വെള്ളിത്തിരയിലും ലോഹിതദാസ് തന്‍റെ സിനിമയിലൂടെയും കഥാപാത്രങ്ങളിലൂടെയും പാട്ടുകളിലൂടെയും നമുക്കിടയിലൂടെ ജീവിച്ചു കൊണ്ട് അദൃശ്യമായി യാത്ര ചെയ്യുന്നു. ‘അമര’ത്തിലെ അച്ചൂട്ടി യായി,’മൃഗയ’യിലെ വാറുണ്ണിയായി,’കിരീട’ത്തിലെ തല്ലുകൊള്ളിയും ഗുണ്ടയെന്നും പേര് വീണ സേതുമാധവനിലൂടെ, ഭ്രാന്താണെന്ന് മുദ്രകുത്തപ്പെട്ട് പെറ്റമ്മയുടെ ദയാവധത്തിലൂടെ മരണം സ്വീകരിച്ച ‘തനിയാവര്‍ത്തന’ത്തിലെ ബാലൻ മാഷിലൂടെ, സഹോദര സ്നേഹത്താൽ ജീവിക്കുന്ന ‘വാത്സല്യ’ത്തിലെ മേലേടത്ത് രാഘവ ൻ നായരിലൂടെ ‘കമലദള’ത്തിലെ നന്ദഗോപരിലൂടെ…..അങ്ങനെ അങ്ങനെ പ്രേക്ഷകർ ലോഹിതദാസ് എന്ന ജീനിയസായ മനുഷ്യനെ; കലാകാരനെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിൽ; പുതിയ ടീസറുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’

0
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

വീണ്ടും സജീവമാകാൻ കോഴിക്കോട് അപ്സര തിയ്യേറ്റർ; ആദ്യ പ്രദർശനത്തിന് മമ്മൂട്ടിയുടെ ടർബോ

0
സിനിമാ പ്രേമികളുടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കോഴിക്കോട് അപ്സര തിയ്യേറ്റർ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. 52 വർഷക്കാലത്തോളം മലബാർ ജനതയുടെ സിരകളിൽ സിനിമാ പ്രേമത്തെ നിറച്ചത്തിൽ വലിയ പ്രാധാന്യമുണ്ട് അപ്സര തിയേറ്ററിന്

സെക്കന്‍റ് പോസ്റ്ററുമായി ‘തോല്‍വി എഫ് സി’

0
കുടുംബ ചിത്രമായ തോല്‍വി എഫ് സിയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും ജോണി ആന്‍റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ ഉള്ളത്. ജോര്‍ജ്ജ് കോരയാണ് ചിത്രത്തിന്‍റെ സംവിധാനം.