ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഇളയരാജ ഈണമിട്ടു 2009- ല്‍ പുറത്തിറങ്ങിയ ‘ഭാഗ്യദേവത’ എന്ന ചിത്രത്തില്‍ മനോഹരമായൊരു യുഗ്മഗാനമുണ്ട്, രാഹുല്‍ രാജും കെ എസ് ചിത്രയും ചേര്‍ന്ന് പാടുന്ന ‘സ്വപ്നങ്ങള്‍ കണ്ണെഴുതിയ മല്‍സ്യകന്യകേ…’ മലയാളികള്‍ എന്നെന്നും ഓര്‍ത്ത് വെക്കുന്ന പ്രണയ ഗാനങ്ങളില്‍ ഒന്നാണിത്. ഗായകനായി മാത്രമല്ല, സംഗീത സംവിധായകനായും മലയാള സിനിമയില്‍ തന്‍റേതായ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ കലാകാരനാണ് രാഹുല്‍ രാജ്. ഗായകനായും സംഗീത സംവിധായകനായും മലയാള സിനിമയില്‍ ഒരുപോലെ ഇദ്ദേഹം ഉയര്‍ന്നു വന്നു. കുട്ടിക്കാലത്തെ സംഗീതം പഠിച്ച രാഹുല്‍ മൃദംഗവും അഭ്യസിച്ചിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ടു ലണ്ടനില്‍ കഴിയവെ യാദൃശ്ചികമായി എ ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ആകൃഷ്ടനാകുകയും പിന്നീട് സംഗീതത്തിന്‍റെ വഴിയിലേക്ക് ജീവിതത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകുകയും ചെയ്തു. ഒരു സുഹൃത്തിന്‍റെ അയ്യപ്പ ഭക്തിഗാന ആല്‍ബം റീമിക്സ് ചെയ്യുന്നതിനായി പ്രമുഖ സംഗീതജ്ഞരായിരുന്ന ശിവമണിയെയും പ്രവീണ്‍ മണിയെയും സരോജ തുടങ്ങിയവരെയും പരിചയപ്പെടാനുണ്ടായ അവസരങ്ങളിലൂടെ അദ്ദേഹത്തിന് സംഗീതത്തെക്കുറിച്ചുള്ള ജ്ഞാനം ലഭിക്കുകയും സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധാലുവാകുകയും ചെയ്തു.
സംഗീതത്തില്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങിയ കാലം തൊട്ട് സിനിമയിലേക്ക് കടന്നു ചെന്നിരുന്നില്ല ഇദ്ദേഹം. സിനിമയില്‍ എത്തും മുന്നേ ഹിന്ദിയിലും തമിഴിലും മലയാളത്തിലും തെലുങ്കിലുമായി അദ്ദേഹം നിരവധി പരസ്യ ചിത്രങ്ങള്‍ ചെയ്തു. കൂടാതെ ആല്‍ബങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകളിലും ഈണം നല്‍കി. 2007- ല്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാ മുംബൈ’ എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ രാജ് സംഗീത സംവിധായകനായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘അടിതടകള്‍ പഠിച്ചവനല്ല’, ‘വാസ്കോ ഡാ ഗാമ,’ ‘പൂനിലാ മഴ നനയും,’ ‘ചെട്ടിക്കുളങ്ങര,’ തുടങ്ങിയ ഗാനങ്ങള്‍ക്കാണ് രാഹുല്‍ രാജ് ആദ്യ ചിത്രത്തില്‍ സംഗീതമൊരുക്കിയത്. പിന്നീട് നൂറില്‍പ്പരം സിനിമകള്‍ക്ക് സംഗീതം നല്കുവാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. സംഗീതത്തെക്കുറിച്ചുള്ള അറിവുകള്‍ തേടിയുള്ള യാത്രയില്‍ രാഹുല്‍ രാജ് എന്ന സംഗീതജ്ഞനെ കൂടുതല്‍ സിനിമകളിലേക്ക് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നതിലും പശ്ചാത്തല സംഗീതമൊരുക്കുന്നതിലും ക്ഷണിക്കപ്പെട്ടു.
മലയാളത്തിലെ ശ്രദ്ധേയമായ സിനിമകളില്‍ സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തുന്നത് രാഹുല്‍ രാജാണ്. സമീപകാലത്ത് പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റും, മോഹന്‍ലാല്‍ നായകനായ ആറാട്ടും മരക്കാര്‍ അറബിക്കടലിന്‍റെ സിംഹവും ഉദാഹരണം. മലയാള സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ ബിഗ് ബജറ്റായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം.’ സംഗീതസംവിധായകനായി അറിയപ്പെടുന്നതിനോടൊപ്പം തന്നെ നല്ലൊരു പിന്നണി ഗായകനായും രാഹുല്‍ രാജ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാഗ്യദേവതയിലെ ‘സ്വപ്നങ്ങള്‍ കണ്ണെഴുതിയ’, വണ്‍ വേ ടിക്കറ്റിലെ ‘നീര്‍ മിഴിയുടെ’, ഋതുവിലെ ‘വേനല്‍ക്കാറ്റില്‍ ‘, കിളിപോയിലെ ‘ഓ ഓ കിളി പോയി ‘, മാന്നാര്‍ മത്തായി സ്പീകിങ്2 ലെ ‘ഉര്‍വശീ ഉര്‍വശീ’, ‘തിരയാണെ തിരയാണെ ‘, മുദുഗൌ ലെ ‘ഹള്ളി ശ്രീ ഹള്ളി’, ബിടെക്കിലെ ‘ ആസാദി’, തുടങ്ങിയവ രാഹുല്‍ രാജ് ആലപിച്ച ഗാനങ്ങളാണ്.
പാട്ടില്‍ എന്നപോലെ സംഗീതം ചെയുന്നതിലും രാഹുല്‍ രാജ് വിജയിച്ചു. ടൈം എന്ന ചിത്രത്തിലെ ‘രാപ്പൂ’, അണ്ണന്‍ തമ്പിയിലെ ‘തോംതോംതോം തിത്തിത്തോ൦’, ‘ചെമ്പന്‍ കാളേ’, ‘കണ്മണിയെ പുണ്യം’, മായാ ബസാറിലെ ‘മിഴിയില്‍ മിഴിയില്‍’, ഋതുവിലെ ‘ചഞ്ചലം തെന്നിപ്പോയി,’ ‘പുലരുമോ രാവുഴിയുമോ,’ ‘കൂകൂ കൂകൂ തീവണ്ടി,’ ‘ഇനിയേതു ജന്മം,’ ബാച്ച്ലര്‍ പാര്‍ട്ടിയിലെ ‘വിജനസുരഭീ വാടികളില്‍,’ വൈറ്റിലെ ‘പ്രേമാര്‍ദ്രമാവുന്നു ലോകം,’ ദി പ്രീസ്റ്റിലെ ‘ജനാലയില്‍’, ‘നീലാമ്പലെ നീ വന്നിതാ,’ ‘കണ്ണേ ഉയിരിന്‍ കണ്ണീര്‍മണിയെ,’ ‘ശുദ്ധര്‍ സ്തുതിക്കും,’ നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ടിലെ ‘നീഹാരം’, ‘താരുഴിയും,’… തുടങ്ങിയ നിരവധി ജനപ്രിയ സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്തു ,രാഹുല്‍ രാജ്.
എന്തു കൊണ്ട് മലയാളികള്‍ ഇപ്പൊഴും പഴയകാല സിനിമാപ്പാട്ടുകളെ തേടിപ്പോകുന്നു എന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്, “ എല്ലാകാലത്തും ഏത് ജനറേഷനെ എടുത്തു നോക്കിയാലും അവര്‍ തങ്ങള്‍ക്ക് മുന്നെയുള്ളവരെയാണ് നോക്കുന്നത്. 90- കളില്‍ ഉള്ളവര്‍ 70 കളിലെ സംഗീതത്തെ ഇഷ്ടപ്പെടുന്നു. 2000- ല്‍ ഉള്ളവര്‍ 90 കളിലെ സംഗീതത്തെ ഇഷ്ടപ്പെടുന്നു. ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം ഇന്നത്തെ സംഗീതം നോസ്റ്റാള്‍ജിയ ആകും. ഇത് ഒരു അപേക്ഷികമായ കാര്യമാണ്. ഇത് സംഗീത സംവിധായകരുടെ കുഴപ്പമല്ല, എല്ലാ പാട്ടുകളോ സംഗീതമോ എന്തു തന്നെയായാലും നമ്മള്‍ അത് നമ്മുടെ ജീവിതവുമായി കണക്ട് ചെയ്യുന്നു. നമ്മുടെ നോസ്റ്റാള്‍ജിയ അത് നമ്മുടെ ഓര്‍മ്മകളില്‍ ഉള്ള സംഭവമാണ്. അല്ലാതെ അത് നമ്മുടെ പാട്ടുകളുടെ പോരായ്മയല്ല.” മലയാള സിനിമയ്ക്കു ഹിറ്റ് പാട്ടുകള്‍ സ്മ്മാനിച്ചു കൊണ്ടിരിക്കുന്ന രാഹുല്‍ രാജ് ഇതര ഭാഷ ഗാനങ്ങള്‍ക്കും ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തുന്ന തിരക്കിലാണിപ്പോള്‍.