‘സൌരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണ സൌഗന്ധികമാണീ ഭൂമി…’ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലില്‍ ചൌധരി ഈണമിട്ട് ഒ എന്‍ വി എഴുതി വാണി ജയറാം ആലപിച്ച ഹൃദ്യമായ പാട്ട്. വാണിജയറാമെന്ന അനശ്വരഗായിക മലയാളക്കരയുടെ പ്രിയ ഗായികയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലോ അവര്‍ പാടിയ പാട്ടുകള്‍ക്ക് അന്നുമിന്നുമെന്നും അതേ പുതുമയും സൌന്ദര്യവുമുണ്ട്. ജാനകിയമ്മയുടെയോ സുശീലാമ്മയുടെയോ മാധുരിയുടെയോ പാട്ടുകേട്ടു ശീലിച്ച മലയാളികള്‍ക്കിടയില്‍ വാണി ജയറാം പുതുമുഖമായിരുന്നു. ഇവര്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായ ശബ്ദമായിരുന്നു വാണി ജയറാമിന്‍റേത്. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായിക, തമിഴിലും തെലുങ്കിലും മറാത്തിയിലും ഹിന്ദിയിലുമെല്ലാം തന്‍റെ സുവർണ നാദവുമായി മലയാളത്തിലേക്ക് കടന്ന് വന്ന തമിഴകത്തിന്‍റെ വാണിജയറാം പിന്നീട് മലയാളികളുടെ ചുണ്ടിൽ തുളുമ്പി നിൽക്കുന്ന പ്രിയങ്കരമായ പാട്ടുകളിൽ ശബ്ദം നല്കി. ജാനകിയമ്മയെപ്പോലെ സുശീലാമ്മയെപ്പോലെ മാധുരിയമ്മയെപ്പോലെ, മലയാളികൾ വാണി ജയറാമിനെയും ‘വാണിയമ്മ’ എന്ന് ആദരവോടെ വിളിച്ച് തങ്ങളുടെ പാട്ടുകളുടെ ഇഷ്ട്ടങ്ങളിലേക്ക് അവര്‍ പാടിയ പാട്ടുകളെയും ചേർത്ത് വെച്ചു.
ദുരൈ പത്മാവതി ദമ്പതികളുടെ മക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു കലൈവാണി. അതായിരുന്നു യഥാർത്ഥ പേര്. ആരോ പറഞ്ഞു ‘കലൈവാണി’ എന്ന പേര് ബുദ്ധിമുട്ടുണ്ടാക്കുമെന്ന്. അങ്ങനെ പേരിന്‍റെ കൂടെ ഭർത്താവിന്‍റെ പേരായ ‘ജയറാം’എന്ന് കൂട്ടിച്ചേർത്തു. ആ പേരായിരുന്നു സംഗീതത്തില്‍ പിൽക്കാലത്ത് കൂടുതൽ ഇണങ്ങിച്ചേർന്നത്. കുട്ടിക്കാലത്തെ സംഗീതത്തോട് താല്പര്യമുണ്ടായിരുന്ന വാണിയുടെ അമ്മ പത്മാവതി വീണവായനയിൽ അതുല്യ പ്രതിഭയായിരുന്നു. അച്ഛൻ അസ്സൽ സംഗീതാസ്വാദകനും. കുട്ടിക്കാലത്തെ രാഗങ്ങളും സംഗതിയുമെല്ലാം ശ്രുതിയൊപ്പിച്ചു പാടാൻ വാണിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അഞ്ചാം വയസ്സിൽ സംഗീതം അഭ്യസിക്കാൻ വാണിക്ക് കഴിഞ്ഞു. സംഗീത പ്രിയരായ കുടുംബ പശ്ചാത്തലം അതിന് വെള്ളവും വെളിച്ചവും നൽകി. ഗുരുവായ കുമാർ ഗന്ധർവയുടെ കീഴിൽ ഹിന്ദുസ്ഥാനി, കടല്ലൂർ ശ്രീനിവാസ അയ്യങ്കാർ, ടി ആർ ബാലസുബ്രഹ്മണ്യൻ, ആർ എസ് മണി എന്നി ഗുരുക്കന്മാരുടെ കീഴിൽ കർണാടിക് സംഗീത പഠനവും നിര്‍വഹിച്ചു. ഇതിനിടയിൽ മദ്രാസ് ആകാശവാണിയിൽ എട്ടാം വയസ്സിൽ പാട്ട് പാടി. കൂടാതെ പത്താം വയസ്സിൽ മൂന്ന് മണിക്കൂറോളം നീളുന്ന സംഗീത കച്ചേരിയും നടത്തി കൊച്ചു കലൈ വാണി.
സിനിമ പിന്നണി ഗായികയാകാനായിരുന്നു കുട്ടിക്കാലത്തെ വാണി ആഗ്രഹിച്ചിരുന്നത്. ആഗ്രഹങ്ങൾക്ക് പ്രോത്സാഹനവുമായി കുടുംബവും കൂടെ നിന്നു. 1971ൽ ഹിന്ദി ചിത്രമായ ‘ഗുഡ്ഢി’യിലാണ് വാണി ജയറാം ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. വസന്ത് ദേശായി സംഗീതം നൽകിയ ‘ബോലേരേ പപ്പി…,’എന്ന ഗാനവും ചിത്രവും സൂപ്പർ ഹിറ്റാവുകയും ചെയ്തു. പിന്നീട് ഹിന്ദി ചലച്ചിത്ര സംഗീത ലോകത്ത് ‘വാണി’ എന്ന പേര് ഒരു തരംഗമായി മാറി. ഹിന്ദി സംഗീതത്തിൽ പ്രഗത്ഭരായ ചിത്രഗുപ്ത്, നൗഷാദ്, മദൻ മോഹൻ, കല്യാൺ ജി ആനന്ദ്, ഒ പി നയ്യാർ തുടങ്ങിയ സംഗീതജ്ഞരുടെ ഗാനങ്ങൾ പാടിയും ആശഭോസ് ലെ, മുഹമ്മദ് റാഫി, മുകേഷ്, മന്നാഡെ തുടങ്ങിയ സംഗീതത്തിൽ മാന്ത്രികത സൃഷ്‌ടിച്ച ഗായകരോടൊപ്പം ആലപിക്കുകയും ചെയ്തു വാണി ജയറാം.
ഹിന്ദിയിൽ തന്‍റെ സ്വരത്തിനു അസ്തിത്വം സൃഷ്‌ടിച്ച വാണി ജയറാം ചെന്നൈയിലേക്ക് താമസം മാറ്റിയതോ ടെയാണ് അവരുടെ സംഗീതത്തിന്‍റെ പാത വിശാലമാകുന്നത്. തമിഴിലും കന്നഡയിലും തെലുങ്കിലുമവര്‍ സജീവമായി. ഹിന്ദിയിൽ പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റാക്കിയ ‘വാണി ജയറാം’ എന്ന പേരും ആ ശുദ്ധമായ നാദവും ചലച്ചിത്ര സംഗീതലോകത്ത് സുപരിചിതമായിക്കഴിഞ്ഞിരുന്നു. വാണി ജയറാമിനെ മലയാളത്തിനു പരിചയപ്പെടുത്തിയത് ഹിന്ദിയിൽ നിന്നെത്തിയ സംഗീത സംവിധായകൻ സലിൽ ചൗധരിയായിരുന്നു. 1973- ൽ ഇറങ്ങിയ ‘സ്വപ്നം’ എന്ന ചിത്രത്തിനു വേണ്ടി ഒ എൻ വി എഴുതിയ ‘സൗരയൂഥത്തിൽ വിടർന്നൊരു…,’ എന്ന ഗാനത്തിലൂടെ വാണി ജയറാമിന്‍റെ സ്വരം മലയാളികൾക്കും പരിചിതമായി. മനോഹരമായ ആ പ്രണയ ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും സ്വീകരിക്കുകയും ചെയ്തു.
മലയാളത്തിൽ ശ്രീകുമാരൻ തമ്പി- അർജുനൻ മാസ്റ്റർ കൂട്ടുകെട്ടിലാണ് വാണി ജയറാം കൂടുതൽ പാട്ടുകളും
പാടിയിരിക്കുന്നത്. ‘പിക് നിക്കി’ലെ യേശുദാസും വാണിജയറാമും ചേർന്നു പാടിയ ‘വാൽക്കണ്ണെഴുതി വന പുഷ്പം ചൂടി’ മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കാല്പനിക ഗാനങ്ങളിലൊന്നായി ഈ പാട്ട് ചേർക്കപ്പെട്ടു. ‘പ്രവാഹം’ എന്ന ചിത്രത്തിലും ശ്രീകുമാരൻ തമ്പി- എം കെ അർജുനൻ മാഷ് കൂട്ടുകെട്ടിൽ യേശുദാസും വാണിജയറാമും ചേർന്നു പാടിയ ‘മാവിന്‍റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു…,’ ‘തിരുവോണ’ത്തിലെ ‘തിരുവോണപ്പുലരിതൻ…,’ സിന്ധു’വിലെ ‘തേടിത്തേടി ഞാനലഞ്ഞു…,’ ‘എൻ ചിരിയോ പൂത്തിരി….,’ ’പുലിവാലി’ലെ ‘ലജ്ജാവതി…,’ തേടിത്തേടി…,’ ’പത്മരാഗ’ത്തിലെ ‘കാറ്റ് വന്നു തൊട്ട നേരം…’, ഓമനക്കുഞ്ഞി’ലെ ‘സ്വപ്നത്തിലിന്നലെ…,’ തുടങ്ങിയവ മലയാളത്തിലെ നിത്യഹരിത ഗാനങ്ങളാണു. കേൾക്കുന്തോറും സംഗീതത്തിന്‍റെ വ്യത്യസ്തമായ ഉറവകൾ അതിന്‍റെ വിശാലമായ ആഴങ്ങൾ തേടിയിറങ്ങുന്നത് നമ്മളറിയുന്നു. കാരണം ആസ്വാദനത്തിന്‍റെ ആഴക്കടൽ നമ്മളിൽ ഓരോരുത്തരിലുമാണ്.
‘ഏതോ ജന്മ കല്പനയിൽ…,’ എത്ര കേട്ടാലും മതിവരാത്ത ‘പാളങ്ങൾ’ എന്ന ചിത്രത്തിലെ ഈ ഗാനം വാണി ജയറാമും ഉണ്ണി മേനോനും ചേർന്നാണ് പാടിയിരിക്കുന്നത്. നിത്യ സുന്ദരമായ പ്രണയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന പാട്ട്. പൂവച്ചൽ ഖാദറിന്‍റെ വരികൾക്ക് ആത്മാവിലേക്കിറങ്ങിച്ചെല്ലാവുന്ന അത്രയും ജീവൻ പകർന്ന ജോൺസൻ മാഷിന്‍റെ സംഗീതം നമ്മുടെ ഹൃദയത്തില്‍ പ്രണയം നിറയ്ക്കുന്നു. ‘ഇവിടെ തുടങ്ങുന്നു’ എന്ന ചിത്രത്തിൽ യേശുദാസും വാണി ജയറാമും ചേർന്നു പാടിയ ‘ഏതോ സ്വപ്നം…, ‘‘സന്ദർഭം’ എന്ന ചിത്രത്തിൽ കെ പി ബ്രഹ്മാനന്ദനും വാണി ജയറാമും പാടിയ ‘ത്രൈലോക്യ പാലനേ….,’ ‘സ്വന്തമെവിടെ ബന്ധമെവിടെ’ എന്ന ചിത്രത്തിലെ ‘ഓടി ഓടി വന്നു…’ തുടങ്ങിയ ഗാനങ്ങൾ കൊണ്ട് ജോൺസൺ മാഷിന്‍റെ സംഗീതത്തെയും അനശ്വരമാക്കി വാണി ജയറാമിന്‍റെ നാദവിസ്‌മയം.
സലിൽ ചൗധരി വാണിജയറാം കൂട്ട് കെട്ട് മലയാള ചലച്ചിത്ര സംഗീതത്തെ ഏറെ സമ്പന്നമാക്കിയിട്ടുണ്ട്. ’രാഗ’ത്തിലെ ‘നാടൻ പാട്ടിലെ മൈന…,’ ഏറെ പ്രശസ്തമായ ഗാനമാണ്. ’അയലത്തെ സുന്ദരി’യിലെ ‘ചിത്രവർണ്ണ പുഷ്പാഞ്ജലി…,‘ ‘എയർ ഹോസ്റ്റസി’ലെ ‘ഒന്നാനാം കുന്നിന്മേൽ…,’ ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിലെ ‘കുറുമൊഴി മുല്ല…,’ ‘രാസലീല’യിലെ ‘ആയില്യം പാടത്തെ…,’ ‘തോമാസ്സീഹ’യിലെ ധും തന…,’ അപരാധി’യിലെ ‘മാമലയിലെ പൂമരം…,’ ‘വിഷുക്കണി’യിലെ കണ്ണിൽ പൂവ്…,’ ദേവദാസി’യിലെ ‘പൊന്നലയിൽ…,’തുടങ്ങിയ അനേകം ഗാനങ്ങൾ സലിൽ ചൗധരിയുടെ സംഗീതത്തിൽ വാണി ജയറാം പാടി ഹിറ്റായവയാണ്. മലയാളത്തിൽ ഗംഗൈ അമരനും വാണി ജയറാമും ഹിറ്റാക്കിയ പാട്ടുകൾ മലയാള ഗാനചരിത്രത്തിന്‍റെ പുതിയ അധ്യായങ്ങളാണ് തുറന്നിട്ടത്. ‘പ്രേമാഭിഷേകം’ എന്ന ചിത്രത്തിൽ യേശുദാസും വാണി ജയറാമും ചേർന്നു പാടിയ ‘മഴക്കാല മേഘം ഒന്ന്…,’എന്ന ഗാനം സൂപ്പർ ഹിറ്റായി. തമിഴ് ഭാഷയുടെ രസവും മനോഹാരിതയും ഈ ഗാനത്തിൽ പകർന്നപ്പോൾ മലയാള സംഗീതത്തില്‍ മറ്റൊരു സൗന്ദര്യം കൈവരികയും ചെയ്തു.
‘ആഷാഢ മാസം ആത്മാവിൽ മോഹം…,’ ‘യുദ്ധഭൂമി’ എന്ന ചിത്രത്തിന് വേണ്ടി വാണി ജയറാം പാടിയ ഈ പാട്ട് ഓർമകളിൽ ഓടിയെത്തുന്ന വിരഹാർദ്രമായ മെലഡി ഗാനമാണ്. പ്രണയത്തിന്‍റെ ദേവതകളായ രാധയും കൃഷ്ണനുമാണ് പാട്ടിൽ അദൃശ്യമായി നിറഞ്ഞു നിൽക്കുന്നത്. ആർ കെ ശേഖറിന്‍റെ സംഗീതത്തിൽ ആലപിച്ച വാണി ജയറാമിന്‍റെ സ്വരം രാധയുടേതായി, പ്രണയത്തിന്‍റെതായി പരിണാമം ചെയ്യപ്പെടുന്നു. എം എസ് വിശ്വനാഥൻ മലയാളത്തിനു വാണി ജയറാം എന്ന ഗായികയുടെ ശബ്ദത്തെ മനോഹരമായ ഗാന ങ്ങളിലൂടെ നമുക്ക് സമ്മാനിച്ചു. ബാബുമോനിലെ ‘പദ്‌മതീര്‍ത്ഥക്കരയില്‍…,’ ‘അനുരാഗമെന്നാലൊരു…,’ (ഉല്ലാസയാത്ര), ”തെയ്യത്തോം…, (പഞ്ചമി), ‘പാച്ചോറ്റി പൂക്കുന്ന…,’ (അമ്മേ അനുപമേ), ‘സഹസ്ര കമലദലങ്ങള്‍…’, ‘മന്മഥ ഗന്ധര്‍വ്വ…,’ (സംഗമം), ‘വേറൊരു ഇടം…,’ (ചില നേരങ്ങളില്‍ ചില മനുഷ്യര്‍), ‘താരകേ രജത താരകേ…,’ (രണ്ടിലൊന്നു), ‘പുലരിയോടോ സന്ധ്യയോടോ…,’ (സിംഹാസനം), ‘ശംഖുമുഖം കടപ്പുറത്തൊരു…,’ (പതിവ്രത) ‘ഏതു പന്തൽ കണ്ടാലും (വേനലിൽ), ‘ഒരു മഴ ആകാശം അകലെയെനാരു…,’ (വേനലിൽ ഒരു മഴ), ‘മധുരമധമാരിവില്ലിന്‍റെ പന്തൽ…,’ (വാടകവീട്) ‘കനകച്ചിലങ്ക ചാര്‍ത്തും..,’ (രാഗം) തുടങ്ങിയ ഗാനങ്ങളെ കൊണ്ട് എം എസ് വിശ്വനാഥനും വാണിജയറാമും അനശ്വരമാക്കി.
എണ്ണിയാലൊടുങ്ങാത്ത മലയാള ഗാനങ്ങൾ പാടി വിസ്മയിപ്പിച്ച വാണി ജയറാം മലയാളത്തിലെ ശ്രദ്ധേയരായ എല്ലാ സംഗീത സംവിധായകരുടെ ഗാനങ്ങൾക്ക് വേണ്ടിയും പാടിയിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ എം അർജുനൻ മാഷ് ഈണമിട്ട പാട്ടുകളാണ്. എ ടി ഉമ്മറിന്‍റെ കൂടെ ‘ആതിര പൂങ്കുരു
ന്നിനു…’ ‘വസന്തദേവത…,’ (അധികാരം), ‘മംഗള മുഹൂർത്തം…,’ (അവശേഷം ), ‘ഇളം തെന്നലോ…, (അരങ്ങും അണിയറയും) തുടങ്ങിയ ഒരു പാട് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. രാഘവൻ മാഷിന്‍റെഈണത്തിൽ യേശുദാസും വാണി ജയറാമും ചേർന്നു പാടിയ ‘പഞ്ചവർണ കിളിവാലൻ…,’ എന്ന ‘കണ്ണപ്പനുണ്ണി’യിലെ ഗാനം ശ്രദ്ധേയമായി. ജെറി അമൽ ദേവിന്‍റെ സംഗീതത്തിൽ പാടിയ ‘മഞ്ചാടിക്കുന്നിൽ…,’ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഗാനവും ‘അപ്പുണ്ണി’ എന്ന ചിത്രത്തിന് കണ്ണൂർ രാജൻ ഒരുക്കിയ ‘കിന്നാരം തരിവളയുടെ…,’ ശ്യാം ഈണമിട്ട ‘അർച്ചന ടീച്ചർ’ എന്ന ചിത്രത്തിലെ ‘പൂക്കുല ചൂടിയ…,’ എന്ന ഗാനവും ഹിറ്റായി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ചിട്ടപ്പെടുത്തിയ സമ്മാനം എന്ന ചിത്രത്തിലെ ‘എന്‍റെ കയ്യിൽ പൂത്തിരി…,’ എക്കാലത്തെയും വിഷു ആഘോഷങ്ങളിൽ കൂടുതലായും കേൾക്കപ്പെടുന്ന ഗാനങ്ങളിൽ ഒന്നാണ്.
‘പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ…,’ ‘ആക്ഷൻ ഹീറോ ബിജു’വിലെ വാണി ജയറാം യേശുദാസ് കൂട്ടുകെട്ടിൽ ആലപിച്ച ഈ ഗാനം യുവ ഹൃദയങ്ങൾ ഏറ്റവും കൂടുതൽ ജനപ്രിയമാക്കി. വാണി ജയറാമിന്‍റെ ശബ്ദത്തിനു അന്നും ഇന്നും പ്രണയത്തിന്‍റെ അതെ സ്വരം അതെ മണം, അതേ സ്പർശം….പ്രായമായാൽ കലാപരമായ മേഖലകളിൽ നിന്നും പിന്മാറുന്ന കലാകാരികളിൽ നിന്നും വിഭിന്നയായിരുന്നു വാണി ജയറാം. ആ ആർജവത്തിനു കുടുംബത്തിന്‍റെ ബലമുണ്ട്, ഒരു കലാകാരിയുടെ അസ്തിത്വമുണ്ട്, ഒരു സ്ത്രീയുടെ സ്വത്വബോധമുണ്ട്. അകലേക്ക് പോയെങ്കിലും ഓർമ്മൾക്ക് ഇന്നും കൂട്ടിരിക്കുന്ന സ്നേഹനിധിയായ കലാപ്രേമിയായ ഭർത്താവിന്‍റെ സ്നേഹവും പ്രോത്സാഹനവുമുണ്ട്. ആന്ധ്രയിലെ ദാസരി കൾച്ചറൽ അക്കാദമി ‘ദക്ഷിണേന്ത്യൻ മീര’ എന്ന് ആ ഗായികയുടെ സ്വരമറിഞ്ഞു വിളിച്ചു. ഗായിക മാത്രമല്ല, നല്ലൊരു ചിത്രകാരി കൂടിയാണ് വാണി ജയറാം. സ്കെച്ചിങ് എംബ്രോയിഡറി, പെയിന്‍റിഗ് എന്നിവയാണ് ഒഴിവുവേളയിലെ കലാപരിപാടികൾ..’പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ…’ കാതിലും ചുണ്ടിലുമിപ്പോൾ ഈ ഗാനം വിരുന്നെത്തുന്നു, ഗൃഹാതുരതയോടെ…