‘ലാലേട്ടനെ തിരിച്ചു കിട്ടി’യ ആവേശത്തിലാണ് ആരാധകർ. ‘നേര്’ എന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ ഗംഭീര മെക്കോവറുമായി മലയാള സിനിമയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരവിസ്മയം മോഹൻലാൽ. രജനീകാന്ത് ചിത്രമായ ‘ജയിലറി’ലെ അതിഥി വേഷത്തിലെത്തിയ മോഹൻലാൽ കേരളത്തിലെയും തമിഴകത്തെയും സിനിമ പ്രേക്ഷകർക്കിടയിൽ ആഘോഷമായിരുന്നു. ദൃശ്യം മോഡലിന് സമാനമായൊരു തരംഗം സൃഷ്ടിക്കുവാൻ ഏകദേശം നേരിനും കഴിഞ്ഞിട്ടുണ്ടെന്നാണ് തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം.
വേറിട്ട ശൈലിയിൽ അഭിഭാഷക വേഷത്തിലെത്തുന്ന കഥാപാത്രമാണ് നേരിൽ മോഹൻലാലിന്റേത്. അനശ്വര രാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിൽ. ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് സമ്മാനിച്ച ഹൈപ്പിന് നേരിലൂടെ കോട്ടയം തട്ടിയില്ല എന്നും ദൃശ്യവും നേരും വെവ്വേറെ ആണെന്നും പ്രേക്ഷകർ പറഞ്ഞു. ഇമോഷണൽ കോർട്ട് റൂം ഡ്രാമ എന്ന നിലയ്ക്ക് നേരു സൂപ്പർ വിജയം കൈവരിച്ചിട്ടുണ്ട്.
അഡ്വ: വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങളായി പ്രാക്ടീസ് മുടങ്ങിക്കിടന്ന വിജയമോഹൻ അവിചാരിതമായി ഒരു കേസ് ഏറ്റെടുക്കേണ്ടി വന്നത്തും തുടർന്ന് അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമാണ് ‘നേരി’ൽ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രമാണ് നേര്.
ജിത്തു ജോസഫ് ചിത്രങ്ങളുടെ പതിവ് രീതിയായ നിഗൂഡതയും സസ്പെൻസും റിയലിസവും സംഘർഷവും ഉദ്വോഗവും ചേർത്തിണക്കിയ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുണ്ട്. പ്രിയാമണി, സിദ്ദിഖ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശാന്തി മായാ ദേവി, ജഗദീഷ്, രശ്മി അനിൽ, കലാഭവൻ ജിൻന്റൊ, അനിൽ, ശങ്കർ ഇന്ദുചൂഡൻ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ശാന്തി മായദേവിയും ജിത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വരികൾ വിനായക് ശശികുമാർ, സംഗീതം വിഷ്ണു ശ്യാം, ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ് വി എസ് വിനായക്.