സംവിധായകൻ ഭരതൻ ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞു ; “മലയാള സിനിമയിൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ നടിയാണ് വിജയശ്രീ.” പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ നീരാട്ട് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അബദ്ധവശാൽ വിജയശ്രീക്ക് വസ്ത്രം നഷ്ടപ്പെട്ടപ്പോൾ അവരുടെ അനുവാദമില്ലതെ ചിത്രീകരിക്കുകയും പിന്നീട് ആ രംഗം ഒരു പറ്റം ആളുകൾ ആഘോഷമാക്കുകയും ചെയ്തപ്പോൾ പലരാലും ആ കലാകാരി വേട്ടയാടപ്പെട്ടു. 1974 മാർച്ച് 21ന് തന്‍റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ജീവിതത്തില്‍ നിന്നും വിട പറഞ്ഞു. മരണ കാരണം ആത്മഹത്യയെന്നോ കൊലപാതകമെന്നോ എന്ന ദുരൂഹത ഇന്നും ബാക്കിപത്രം. നഷ്ടം അഭിനയ കലയ്ക്കു മാത്രമാണ്. എന്നാൽ അവരുടെ നഷ്ടത്തെക്കുറിച്ചോർത്ത് വേദനിക്കാനും പരിതപിക്കാനും ആരുമുണ്ടായിരുന്നില്ല എന്നത് മറ്റൊരു ദുഃഖ സത്യം. മരിച്ചു കിടക്കുമ്പോഴും ആകർഷകത്വമുള്ള ആ മുഖകാന്തിയെക്കുറിച്ചു പിന്നീടാരോക്കെയോ എഴുതി.
കോടമ്പാക്കത്തെ ഒരോ ശ്വാസത്തിനും ഓരോ മണത്തിനും ഓരോ ശബ്ദത്തിനും ഓരോരോ ജീവിതസമരങ്ങൾക്കും മാത്സര്യത്തിന്‍റെയും വാശിയുടെയും കീഴടക്കലിന്‍റെയും ഒന്നുമാവാതെ മണ്ണടിയുന്നവരുടെയും എല്ലാം സ്വന്തമാക്കിയവരുടെയും നിറഞ്ഞ വിജയത്തിന്‍റെയും പരാജയത്തിന്‍റെയും ചരിത്രമുണ്ട്. പുറത്തു നിന്ന് നോക്കുമ്പോൾ വശ്യമെന്ന് തോന്നുന്ന ആ സ്വർഗത്തിന് രക്തത്തിന്‍റെയും വിയർപ്പിന്‍റെയും കണ്ണീരിന്‍റെയും നനവും ഗന്ധവുമുണ്ടായിരുന്നു. കോടമ്പാക്കത്ത് സിനിമാഭ്രാന്തുമായി അടിഞ്ഞു കൂടുന്ന ദശലക്ഷക്കണക്കിന് പേരിൽ ചുരുക്കം ചിലർക്ക് മാത്രം സിനിമയുടെ വിശ്വാസമായ ഭാഗ്യത്തിന്‍റെ അനുഗ്രഹാശിസ്സുകൾ ലഭിക്കുന്നു. ഭാഗ്യ നിർഭാഗ്യങ്ങളുടെ ചരിത്രത്താൽ മാത്രം രേഖപ്പെടുത്തിയവർ അങ്ങനെ എത്ര പേർ.
വിജയശ്രീയുടെ അമ്മ വിജയമ്മ അഭിനേത്രിയാകാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ ആ ആഗ്രഹം നടന്നില്ല. അത് മകളിലൂടെ നിറവേറ്റിക്കാണാന്‍ അവര്‍ അതിയായി കൊതിച്ചു. വാസുപിള്ളയുടെയും വിജയമ്മയുടെയും മകളായി തിരുവനന്തപുരത്ത് വിജയശ്രീ എന്ന നസീമ പിറന്നപ്പോൾ അവളെ ഒരു നടിയാക്കണമെന്ന ഉദ്ദേശ്യത്തോടെ അവർ മദ്രാസിലെ ജീവനാഡിയായ കോടമ്പാക്കത്തേക്ക് ചേക്കേറി. എന്നാൽ ആരെക്കാൾ കൂടുതൽ മെയ്യഴകും മുഖകാന്തിയും ഉണ്ടെങ്കിലും വിജയശ്രീ ആദ്യകാലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടില്ല. അവിടെ ‘ഭാഗ്യ’ത്തിന്‍റെ നറുക്ക് വീഴണം. പലതരത്തിലുള്ള അവഗണനകൾ നേരിടേണ്ടി വന്നെങ്കിലും വിജയശ്രീ തന്‍റെ കഴിവിൽ വിശ്വസിച്ചു കൊണ്ട് കോടമ്പാക്കത്തിന്‍റെ മണ്ണിൽ ഉറച്ച കാല്‍വവെപ്പോടെ ഭാവിയിലേക്ക് പ്രതീക്ഷയോടെ കാത്തു നിന്നു. അതിനിടയിൽ ചതിയുടെയും പ്രലോഭനങ്ങളുടെയും കോടമ്പാക്കത്തെ മറ്റൊരു ലോകം കൂടി വിജശ്രീയെ സ്വീകരിച്ചു കഴിഞ്ഞിരുന്നു. കൈ നിറയെ കിട്ടുന്ന പണം കണ്ട് അവർ കാബറെനൃത്ത പരിപാടികളിലും സജീവമായി. കാത്തിരുന്നു കാത്തിരുന്നാണ് ശ്രദ്ധേയമായ സിനിമകളിലേക്ക് വിജയശ്രീക്ക് ക്ഷണം കിട്ടുന്നത്. അവിടെയും ശരീരത്തിന്‍റെ തുറന്ന പ്രദർശനത്തിന് തന്നെ പ്രാമുഖ്യം. എന്നാൽ വിജയശ്രീ ആഗ്രഹിച്ചത് നല്ല കഥാപാത്രത്തെയായിരുന്നു. പ്രേക്ഷകരുടെ മുന്നിൽ ഉടുതുണിയഴിച്ച് നൃത്തം ചെയ്യുന്ന സെക്സ് ഗേൾ ആയി അറിയപ്പെടാൻ അവർ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. എങ്കിലും അവർക്ക് അങ്ങനെ അഭിനയിക്കേണ്ടി വന്നു.
ജീവിതത്തിന്‍റെ വെല്ലുവിളി. കൈ നിറയെ വന്നു വീഴുന്ന പണം. പ്രശസ്തിയുടെയും പ്രതാപത്തിന്‍റെയും താരക്കൊഴുപ്പിൽ അവർ ശരീരത്തിന്‍റെ തുറന്ന അഭിനയത്തിന് ധൈര്യത്തോടെ മുന്നോട്ട് വന്നു. തുടർന്നു മലയാള സിനിമയുടെ മാദകറാണിപ്പട്ടം സ്വന്തമാക്കി, വിജയശ്രീ. ചെറുപ്പക്കാർക്ക് അവരുടെ സൗന്ദര്യവും മാദകത്വം തുളുമ്പുന്ന ശരീരത്തിന്‍റെ വശ്യതയും ആകർഷണത്തിന്‍റെ വിരുന്നൊരുക്കി. തുടർന്നു 1970 കളിൽ അങ്ങനെ വിജയശ്രീ അവർ ആഗ്രഹിച്ച ജീവിതത്തിന്‍റെ വിജയശ്രീലാളിതമായ കൊടിമരം നാട്ടി. 1966ൽ പുറത്തിറങ്ങിയ ‘ചിത്തി ‘എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തിക്കുറിശ്ശിയുടെ സംവിധാനത്തിൽ 1969 ൽ പുറത്തിറങ്ങിയ ‘പൂജാപുഷ്പം’ എന്ന ചിത്രത്തിലെ വേഷത്തിലൂടെ വിജയശ്രീ എന്ന നടി കൂടുതൽ ശ്രദ്ധേയയായി. എന്നാൽ മാദകത്വം തുളുമ്പുന്ന മാദക റാണി എന്ന വിശേഷണത്തിൽ നിന്നും മോചിതയാകാനും പകരം ഒരു ‘നല്ല നടി’ എന്ന ജനസമ്മതി നേടാനും വിജയശ്രീ അതിയായി ആഗ്രഹിച്ചിരുന്നു. ശശി കുമാർ സംവിധാനം ചെയ്ത ‘രക്തപുഷ്പം’ എന്ന ചിത്രത്തിലെ വിജയശ്രീ ചെയ്ത കഥാപാത്രത്തെ മലയാള സിനിമ ശ്രദ്ധിച്ചു. പിന്നീട് മികച്ച സിനിമകളും കഥാപാത്രങ്ങളും വിജയശ്രീയെ തേടിയെത്തി. കുടുംബ ചിത്രങ്ങളിലൂടെ നല്ല അഭിനേത്രി എന്ന പേര് കേൾക്കാൻ അതിയായി ആഗ്രഹിച്ചിരുന്ന അവർ പ്രേം നസീറിന്‍റെ നായികയായി നിരവധി ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി.
എഴുപതുകളിൽ സ്‌ക്രീനിൽ നസീർ വിജയശ്രീ ജോഡികൾ നിറഞ്ഞു നിന്നു. ‘ഗ്ലാമർ’’സെക്സി’തുടങ്ങി തനിക്കുള്ള അഭിസംബോധന മാറ്റിയെടുക്കാനുള്ള കഠിനമായ ശ്രമം അവർ പിന്നീടഭിനയിച്ച ചിത്രങ്ങളിലൂടെ മനസ്സിലാക്കാം.1973ൽ പി സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത ‘സ്വർഗ്ഗപുത്രി’ എന്ന ചിത്രത്തിലെ ലിസി എന്ന കഥാപാത്രവും 1974ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ജീവിക്കാൻ മറന്നു പോയ സ്ത്രീ, 1974 ൽ ബാബു നന്ദൻകോട് സംവിധാനം ചെയ്ത യൗവനത്തിലെ മിനിക്കുട്ടി, 1972ൽ സേതുമാധവൻ സംവിധാനം ചെയ്ത ‘ആദ്യത്തെ കഥയിലെ രാജകുമാരി’ തുടങ്ങിയവ കുടുംബ ചിത്രങ്ങളായിരുന്നു.. “മലയാള ഭാഷതൻ മാദക ഭംഗിയിൽ “…1973ൽ ഗോപാലൻ മേനോൻ സംവിധാനം ചെയ്ത ‘പ്രേതങ്ങളുടെ താഴ്‌വര’ എന്ന ചിത്രത്തിലെ ഗാന ചിത്രീകരണം നടന്നത് വിജയശ്രീയുടെ വീട്ടിലെ പൂന്തോട്ടത്തിൽ വെച്ചായിരുന്നു. നടൻ രാഘവന്‍റെ കൂടെയായിരുന്നു അവർ ഈ രംഗം പാടിയഭിനയിച്ചിരുന്നത്. മലയാളഭാഷയുടെമാത്രമല്ല, ആ പാട്ടിൽ നിറഞ്ഞു നിൽക്കുന്നത് വിജയശ്രീയുടെ മാദക സൗന്ദര്യത്തെക്കുറിച്ചുള്ള പ്രകീർത്തനം കൂടിയാണ്.
1974ൽ പി സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത വണ്ടിക്കാരി, 1973ലെ ‘കാട്’ എന്ന ചിത്രത്തിലെ ‘മാല’ എന്ന കഥാപാത്രം, 1972 ലെ ‘പ്രൊഫസറി’ലെ മായാദേവി, 1972 ലെ ശ്രീഗുരുവയുരപ്പൻ, 1974ൽ എം ഡി മാത്യുസ് സംവിധാനം ചെയ്ത അലകൾ,1973ൽ എ ബി രാജ് സംവിധാനം ചെയ്ത ‘അജ്ഞാതവാസ’ത്തിലെ കുഞ്ഞുലക്ഷ്മി,’പച്ചനോട്ടുകളി’ലെ ലീലാമ്മ, 1972ലെ ‘സംഭവാമി യുഗേ യുഗേ’യിലെ സുമതി, 1971ലെ മറുനാട്ടിൽ ഒരു മലയാളി’ എന്ന ചിത്രത്തിലെ ഗീത,1973 ൽ ടി ആർ രഘുനാഥ് സംവിധാനം ചെയ്ത ‘അങ്കത്തട്ടി’ലെ ആർച്ച, 1973ൽ ശശികുമാർ സംവിധാനം ചെയ്ത ‘പത്മവ്യൂഹ’ത്തിലെ ഡബ്ബിൾ റോളിലെത്തിയ ജയ, റാണി എന്നി കഥാപാത്രങ്ങൾ, പഞ്ചവടി, തിരുവാഭരണം, ‘തനിനിറ’ത്തിലെ രാധ, ‘മറവിൽ തിരിവ് സൂക്ഷിക്കുക” എന്ന ചിത്ര ത്തിലെ ഇന്ദുമതി,’പുഷ്പാഞ്ജലി’യിലെ ഉഷ, അന്വേഷണം, ബോബനും മോളിയും, 1973ൽ പി ഭാസ്കരൻ സംവിധാനം ചെയ്ത ‘വീണ്ടും പ്രഭാത’ത്തിലെ സരോജം, 1973ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത പാവങ്ങൾ പെണ്ണുങ്ങൾ, പൊന്നാപുരം കൊട്ടാരം, തേനരുവി, 1972ലെ ആരോ മലുണ്ണി,’പോസ്റ്റുമാനെ കാണാനില്ല’ എന്ന ചിത്രത്തിലെ കമലം, 1970 ലെ ‘ദത്തുപുത്ര’നിലെ വനജ, ഒതേനന്‍റെ മകനിലെ കുഞ്ഞി കുങ്കി, 1972ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത മന്ത്രകോടിയിലെ വത്സല, രാമുകാര്യാട്ട് സംവിധാനം ചെയ്ത മായയിലെ കമലം, എൻ പ്രകാശ് സംവിധാനം ചെയ്ത ശിക്ഷ,തിക്കുറിശ്ശിയുടെ ‘അച്ഛന്‍റെ ഭാര്യ’ യിലെ ഓമന തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരമാക്കി വിജയശ്രീ എന്ന നടി.
അമേരിക്കൻ സിനിമയിലെ മാദകറാണി എന്നറിയപ്പെടുന്ന മർലിൻ മൺറോ എന്ന മോഡലിനോട് തന്‍റെ സൗന്ദര്യത്തെയും അഭിനയത്തേയും താരതമ്യം ചെയ്യുന്ന, ഉപമിക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും കുതറിയോടാൻ വെമ്പുകയും അതെ സമയം വിവാഹിതയായി അഭിനയ ജീവിതത്തിൽനിന്നുമകന്ന് സ്വാസ്ഥ്യമായ കുടുംബ ജീവിതം നയിക്കാനും വിജയശ്രീ ആഗ്രഹിച്ചു. കുഞ്ഞുങ്ങളെ അതിയായി സ്നേഹിച്ചിരുന്നു വിജയശ്രീ. അവർക്കായി കയ്യിൽ എന്നും മിഠായിയോ പലഹാരപ്പൊതികളോ കരുതുമായിരുന്നു. നടി ശ്രീലത നമ്പൂതിരി വിജയശ്രീയെ ഓർക്കുന്നു. വിജയശ്രീ തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ ഞങ്ങൾ മദ്രാസ് നഗരം ചുറ്റികറങ്ങുമായിരുന്നു. അവൾ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല”.. പ്രശസ്തിയുടെ നിറുകയിൽ നിൽക്കുമ്പോഴും പൊന്നാപുരം കൊട്ടാരത്തിലെ സീനിൽ താൻ നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് അവർ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. എന്നാൽ വിജയശ്രീയുടെ അപ്രതീക്ഷിത മരണം സംഭവിച്ചപ്പോൾ പോലും അവസാനമായി ഒരു നോക്ക് കാണാൻ കൂടി മരണവീട്ടിൽ എത്തിയിരുന്നില്ലെന്നു നടൻ രാഘവൻ ഓർക്കുന്നു. വിജയശ്രീ അവസാനമായി അഭിനയിച്ച ചിത്രത്തിലെ നായിക കൂടിയായിരുന്നു. മാത്രമല്ല, വിജയശ്രീ കുറച്ചു ഭാഗം അഭിനയിച്ചു പൂർത്തിയാക്കാതെ പോയ ‘യൗവനം’ എന്ന സിനിമയും ‘വണ്ടിക്കാരി’ എന്ന സിനിമയും കൂട്ടിച്ചേർത്തു ഒറ്റാച്ചിത്രമാ ക്കുകയും അത് തിയ്യേറ്ററുകളിൽ വൻ വിജയം കൊയ്യുകയും ചെയ്തു.
വിനയപൂർവമായ പെരുമാറ്റവും ചെറു പുഞ്ചിരിയും. വിജശ്രീയെ ഓർക്കുമ്പോൾ സഹപ്രവർത്തകർ അവരെ അങ്ങനെയാണ് സ്മരിക്കുന്നത്. എഴുപതുകളിലെ യുവത്വത്തെ തന്‍റെ മാദക സൗന്ദര്യം കൊണ്ട് ഭ്രമിപ്പിച്ച വശ്യസുന്ദരി. കോടമ്പാക്കത്തെ നഗര വീഥികളിൽ പൊലിഞ്ഞു പോയ അനേകം മോഹങ്ങളുടെ നെടുവീർപ്പുകളിൽ ഒന്നായി മാറി വിജയശ്രീയും. അവർ തന്‍റെ കലയെ ;തൊഴിലിനെ തന്‍റെ രക്തം നൽകിക്കൊണ്ട് അവസാനിപ്പിച്ചു. സിനിമയുടെ,പ്രശസ്തിയുടെ,സമ്പന്നതയുടെ,അധികാരത്തിന്‍റെ ഊഷര ഭൂമിയായിരുന്നു കോടമ്പാക്കം. അതിലേക്ക് വീണടിഞ്ഞ ഓരോരോ ജീവിതവും വ്യത്യസ്തമായിത്തീർന്നു. പിൽക്കാലത്ത് വിജയശ്രീയുടെ മരണത്തെ ആസ്പദമാക്കി ജയരാജ് നായിക എന്ന സിനിമ ചെയ്യുകയും ചെയ്തു. ജീവിതത്തിന്‍റെ വർണ ശബളമായ സുഖങ്ങൾ നേടിയിട്ടും ദുഃഖത്തിന്‍റെ കരിനിഴലിലേക്ക് വീണുപോയ സ്ത്രീ. ശരീരം പ്രദർശിപ്പിച്ചുള്ള അഭിനയം ഒഴിവാക്കാൻ നല്ല കഥാപാത്രങ്ങൾക്കായി തിരഞ്ഞു നടന്ന കലാകാരി. എന്നാൽ വെള്ളിത്തിരയുടെ അഭ്രപാളികൾക്കിടയിലേക്ക് ആ സൗന്ദര്യവും മറഞ്ഞു പോയി. എങ്ങുമെത്താത്ത ജീവിതയാത്രയ്ക്കിടയിൽ ആ താരവും അസ്തമിച്ചു.