Friday, November 15, 2024

വൃത്തിയുടെയും വൃത്തികേടിന്‍റെയും രാഷ്ട്രീയം പറഞ്ഞ് മാൻഹോൾ

വിധു വിന്‍സെന്‍റ് എന്ന നവാഗത സവിധായക ശ്രദ്ധേയമാകുന്നതിന്‍റെ ആദ്യ ഘടകം അവര്‍ മലയാള സിനിമയുടെ സംവിധാനമേഖലയിലേക്ക് സധൈര്യം കടന്ന് വന്ന വനിത എന്ന നിലയ്ക്കാണ്. പിന്നീട് അവര്‍ തന്‍റെ സംവിധാന കലയില്‍ പുലര്‍ത്തുന്ന വിഷയ സ്വീകാര്യതയാകട്ടെ മറ്റുള്ള സിനിമകളില്‍ നിന്നും തികച്ചും ഭിന്നവുമായിരുന്നു. സിനിമ സംവിധാനം ചെയ്യാൻ ഒരു പെണ്ണോ എന്ന അസഹിഷ്ണുവായ നെറ്റിചുളിക്കലുകള്‍ക്ക് അവർ ഹൃദയ സ്പർശിയായ’ മാന്‍ഹോള്‍’ എന്ന ചിത്രം സമ്മാനിച്ചു. മികച്ച സിനിമയ്ക്കും സംവിധായികയ്ക്കുമുള്ള സ്റ്റേറ്റ് അവാർഡ് വാങ്ങിക്കൊണ്ട് ഒരു പുഞ്ചിരിയോടെ എതിര്‍പ്പുകളെ അവര്‍ നേരിടുകയും ചെയ്തു.

സംവിധായികയും മാധ്യമപ്രവർത്തകയുമായ വിധു വിൻസെന്‍റ് മലയാള ചലച്ചിത്ര സംവിധാനത്തിന് 2016- ൽ സംസ്ഥാന പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണ്. പഠന കാലത്തു തന്നെ നിരവധി ഡോക്യൂമെന്‍ററി കൾ ചെയ്തിട്ടുള്ള വിധു വിൻസെന്‍റ് സിഡിറ്റിൽ നിന്ന് പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സയൻസ് ആൻഡ് കമ്യൂണിക്കേഷൻ കോഴ്സ് ചെയ്യുകയും പിന്നീട് ഏഷ്യാനെറ്റിലെയും മീഡിയ വണ്ണിലേയും മാധ്യമപ്രവർ ത്തകയായി ജോലി ചെയ്തു. 2003- ൽ മുത്തങ്ങാ സമരപ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജോലിയുപേക്ഷിച്ച വിധു വിൻസെന്‍റ് സമര പ്രവർത്തനങ്ങളിൽ നിത്യ പങ്കാളിയായി. ’മാൻഹോൾ’ എന്ന ചിത്രത്തിലൂടെ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് അത് വരെ ആരും ശ്രദ്ധിക്കാതിരുന്ന വിഷയത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ ഈ ചിത്രത്തിലൂടെ വിധു വിൻസെന്‍റ്നു കഴിഞ്ഞിട്ടുണ്ട്.

“പെണ്ണുങ്ങൾക്ക് ഇതൊക്കെ ചെയ്യാനാകുമോ എന്ന സംശയമായിരുന്നു താൻ ഈ രംഗത്തേക്ക് കടന്നുവന്ന സമയത്തു ഉണ്ടായിരുന്നത്. ഇനി അഥവാ അങ്ങനെ ചെയ്‌താൽ തന്നെ അവൾ ഒരു ആൺകുട്ടിയെപ്പോലെ  മിടുക്കി എന്നായിരുന്നു സമൂഹത്തിന്‍റെ ഒരു വിഭാഗം ആള്‍ക്കൂട്ടം വിശേഷിപ്പിച്ചിരുന്നത്” എന്ന് വിധു വിൻ സെന്‍റ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. വേണ്ട, ഇല്ല എന്നിങ്ങനെ വിലക്കുകളും താക്കീ തുകളും സ്ത്രീകൾക്ക് പ്രാപ്തമാകുന്നത് ആദ്യം മാനസികമായി അവര്‍ സ്വയം പര്യാപ്തത നേടുമ്പോഴാണ്. തന്‍റെ നിലപാടുകളിൽ ഉറച്ചു നിന്ന് കൊണ്ട് ശബ്‌ദിക്കുന്ന സ്ത്രീകളെ കരിവാരിത്തേക്കുന്ന സമൂഹത്തി ലെ ഒരു വിഭാഗം ആൾക്കൂട്ടം എല്ലാ മേഖലകളിലുമുണ്ട്. അതിനെയൊക്കെ അതിജീവിക്കുക, തലയു യര്‍ത്തി സംസാരിക്കുക, ചോദ്യം ചെയ്യുക അതിനു കലാപരമായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക എന്നിവ വിധു വിൻസെന്‍റ് സ്വീകരിച്ച വെല്ലുവിളികളാണ്.

മാൻഹോൾ ഒരു വിഭാഗം തൊഴിലാളികളുടെ ജീവിത കഥ പറയുന്ന റിയലിസ്റ്റിക് ചിത്രമാണ്. വൃത്തിയും വൃത്തികേടും എങ്ങനെയാണ് മനുഷ്യന്‍റെ അകറ്റിനിർത്തലിന്‍റെയും അരികുവൽക്കരണത്തിന്‍റെയും തൊട്ടുകൂടായ്മയുടെയും രാഷ്ട്രീയം ചർച്ച ചെയ്യുന്നതെന്ന് ‘മാൻഹോൾ’ കൃത്യമായി അടയാളപ്പെടുത്തുന്നു. ജോലിക്കിടെ മാൻഹോൾ കരാർ തൊഴിലാളിയായ അയ്യൻ മരണപ്പെടുന്നതും അതിനു ശേഷം അയാളുടെ കുടുംബം അനുഭവിക്കേണ്ടി വരുന്ന സാമൂഹികമായ ഒറ്റപ്പെടുത്തലിന്‍റെ തീവ്രതയേയും ചിത്രം ചർച്ച ചെയ്യുന്നു. തോട്ടിപ്പണി ചെയ്യുന്ന ശാലിനിയുടെ അച്ഛൻ തൊഴിലിടത്തു വെച്ച് തന്നെ മരണപ്പെടു കയാണ്.അയ്യന്‍റെ കുടുംബം മുഴുവനും കക്കൂസ് കഴുകലുകളും മറ്റ് ശുചീകരണ തൊഴിൽ ചെയ്തും ജീവി ക്കുന്ന ആളുകളുമാണ്. എന്നാൽ അയ്യന്‍റെ മരണത്തോട് കൂടി ആ കുടുംബത്തിന്‍റെ അടിത്തറയിളകുന്നു. മാന്‍ഹോളില്‍ വെച്ചു ശ്വാസം മുട്ടി മരിക്കുന്ന തൊഴിലാളികളെക്കുറിച്ചുള്ള വാർത്തകൾ സമൂ ഹത്തിനൊ മാധ്യമങ്ങൾക്കോ വലിയ വിഷയമല്ല. അച്ഛന് തോട്ടിപ്പണിയാണെന്നു പറയാൻ മടിക്കുന്നതും അതിന്‍റെ പേരിൽ അവൾ അനുഭവിക്കേണ്ടി വരുന്ന വേദനകളും പല സന്ദർഭങ്ങളിലായി സംവിധായിക സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു.

മാനുവൽ സ്കാവഞ്ചിഗ്‌ ഇന്ത്യയിൽ നിയമംമൂലം നിർത്തലാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയുടെ കാണാപ്പുറങ്ങളുടെ ഉൾനാടൻ ഗ്രാമങ്ങളിലുണ്ടെന്ന സത്യത്തിലേക്ക് ചിത്രം വെളിച്ചം വീശുന്നു. വികസിത സംസ്ഥാനമായ കേരളത്തിലും തോട്ടിപ്പണി ചെയ്തു ജീവിക്കുന്ന ഒൻപതുലക്ഷം പേരുണ്ടെന്ന കണക്കെടുപ്പിനെ അടിസ്ഥാന മാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാത്രമല്ല, അവർ നേരിടുന്ന മനുഷ്യത്വരഹതമായ തൊട്ട് കൂടായ്മ യുടെ ഭീകരമായൊരവസ്ഥയും അവിടെ ബാധിച്ചിട്ടുണ്ട്. പ്രബുദ്ധ കേരളത്തിൽ പതിമൂവായിരത്തി ലധികം സ്കാവഞ്ചിഗ് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് മാത്രമല്ല, അത്യന്തം അവജ്ഞയോടെ ആളുകൾ അവരെ അകറ്റിനിർത്തുകയും ചെയ്യുന്നുവെന്ന സത്യത്തിലേക്ക് ചിത്രം വിരൽ ചൂണ്ടുന്നു. കൊല്ലം നഗര സഭയിലെ തോട്ടിക്കോളനിയെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ ചിത്രീകരണം.

സമകാലിക പ്രബുദ്ധ കേരളത്തില്‍ പോയ നൂറ്റാണ്ടിന്‍റെ തൊട്ടുകൂടായ്മയുടെ മറ്റൊരു വേർഷൻ രൂപപ്പെട്ട സാഹചര്യത്തെ ചിത്രം സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. ശക്തമായ പ്രമേയം കൊണ്ട് ഏറ്റവും പ്രസക്ത മായ സാമൂഹികാവസ്ഥയെ നിറച്ചാർത്തുകളില്ലാതെ പച്ചയായി ആവിഷ്കരിക്കാൻ വിധു വിൻസെന്‍റിന് കഴി ഞ്ഞിട്ടുണ്ട്. ശാലിനിയുടെ ഉറച്ച നിലപാടുകൾക്കും വാദങ്ങൾക്കും ശരിയുടെ ദിശ കണ്ട തോട്ടി തൊഴിലാളികൾ പണി ആയുധങ്ങൾ ഉപേക്ഷിച്ചു അവൾക്കൊപ്പം നില കൊള്ളുന്നതോടെ സിനിമ അവസാനി ക്കുന്നു. കേരളത്തിലേക്ക് തമിഴ് നാട്ടിൽ നിന്നും തോട്ടിപ്പണി ചെയ്യാനെത്തിയ ‘ചക്ളിയാർ’ എന്ന സമുദായ ത്തിന്‍റെ ജീവിതമാണ് മാൻഹോൾ നമ്മളോട് സംസാരിക്കുന്നത്. ജോലിയോ സ്വത്വമോ വെളിപ്പെടുത്തി യാൽ മൂക്ക് പൊത്തുന്ന സമൂഹത്തിന്‍റെ ഇടയിൽ അതേ മൂക്ക് പൊത്തുന്നവർ തന്നെ വിസർജ്ജിക്കുന്ന കക്കൂസ് മാലിന്യം നീക്കം ചെയ്തു വൃത്തിയാക്കി കൊടുക്കുന്ന സ്കാവഞ്ചിഗ് തൊഴിലാളികൾ ഇന്നും സമൂഹത്തിന്‍റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവർ തന്നെ.

‘മലം ചുമക്കുന്നവനെ ചുമക്കുന്നവനും മലം മണക്കു’മെന്ന ചൊല്ലുകൾ കൊണ്ടു പോലും ആളുകൾ കൂടുതൽ കൂടുതൽ അവരെ അകറ്റിക്കൊണ്ടിരിക്കുന്നു. വേണ്ടുന്ന സുരക്ഷകളില്ലാതെ പണിയെടുക്കുന്ന ഇവർ ദാരുണ അന്ത്യത്തിന് ഇരകളാകുന്നു. മനുഷ്യന്‍റെ സ്വകാര്യമായ അവന്‍റെതു തന്നെയായ അറപ്പുകളെ മറ്റു മനുഷ്യർ യാതൊരുമടിയുമില്ലാതെ നീക്കം ചെയ്യുന്ന കാഴ്ചകളെ സിനിമയില്‍ യാതൊരു മറയുമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ’മാൻഹോൾ’എന്ന ചിത്രത്തിൽ നായികാ നായകൻമാരുടെ ആടിപ്പാടലോ വർണ്ണപ്പകിട്ടാർന്ന ജീവിതമോ അല്ല പറയുന്നത്, അതിൽ സൗന്ദര്യമുള്ള, നിറമുള്ള, യാതൊന്നും കണ്ടെത്താൻ പ്രേക്ഷകര്‍ക്ക് കഴിയില്ല. പകിട്ടാർന്ന ജീവിതമല്ല, പരുക്കനായ യാഥാർഥ്യത്തിന്‍റെ ഒട്ടും ഭംഗി യില്ലാത്ത അധഃസ്ഥിതരായ ദളിത്‌ മനുഷ്യ ജീവിതങ്ങളുടെ തുറന്നു കാട്ടലുകളാണ് ചിത്രത്തിൽ. രേണു സൗന്ദർ(ശാലിനി), രവി (അയ്യൻ), ശൈലജ (പാപ്പാത്തി), മുൻഷി ബൈജു(മുരുകൻ) എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചു.

2016 ൽ മാൻ ഹോളിനു മികച്ച ചിത്രത്തിനും സംവിധായികയ്ക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ കാരവും കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസ് അവാർഡും നവാഗത സംവിധായികയ്ക്കുള്ള രജത ചകോരവും നേടി.2014 ൽ ‘ദി കാസറ്റ് ഓഫ് ക്‌ളീൻലിനെസ്’ എന്ന പേരിൽ വിധു വിൻസെന്‍റ് ചെയ്ത ഡോ ക്യൂമെന്‍ററികളുടെ തുടർച്ചയാണ് ഈ ചിത്രം.മലയാള ചലച്ചിത്ര മേഖലയിൽ വനിതാ കലാകാരികൾക്കും തൊഴിലാളിക്കും നേരിടേണ്ടിവരുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കുവാൻ മുന്‍പന്തിയില്‍ നിന്നു തന്‍റെ കരിയർ വളർച്ചയ്ക്ക് പ്രാധാന്യം കൊടുക്കാതെ മിക്ക സന്ദര്‍ഭങ്ങളിലും അവർ തന്‍റെ സ്വത്വത്തിലും നിലപാടിലും ഉറച്ചു നിന്നു. വിമോചനത്തിന്‍റെ ഗായകർ (2020), ഒരു നദിയുടെ പുനർജ്ജന്മം (2020), എഴുന്നേൽക്കുക (2019) നാടകാന്ത്യം (2015), എന്നിവ വിധു വിൻസെന്‍റിന്‍റെ ഡോക്യൂമെന്‍ററികളാണ്.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ‘സ്റ്റാൻഡ് അപ്പ്’ ആണ് വിധു വിൻസെന്‍റിന്‍റെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മലയാള സിനിമ അതിന്‍റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കാലങ്ങളിലൂടെയാണ് മലയാളികളും സഞ്ചരിക്കുന്നത്. സിനിമ അതിന്‍റെ കാല്‍പനികതയില്‍ നിന്നും മിഥ്യയില്‍ നിന്നും വ്യതിചലിച്ചു കൊണ്ടതു കൂടുതല്‍ കൂടുതല്‍ മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുന്നു .വിധു വിന്‍സെന്‍റിനെപ്പോ ലെയുള്ള നവാഗത സംവിധായകരുടെ കടന്നു വരവോടു കൂടി സിനിമയും അതിലുള്ള കാഴ്ച്ചപ്പാടും മാറി മറിഞ്ഞു. മുന്‍പ് സിനിമയുടെ ക്യാമറയിലേക്കാണ് പ്രേക്ഷകന്‍ ഉറ്റുനോക്കിയതെങ്കില്‍ ഇന്ന് പ്രേക്ഷകന്‍റെ കാഴ്ചയിലേക്കാണ് സിനിമ ഉറ്റുനോക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

‘മൃദുഭാവേ ദൃഢകൃത്യേ’ കണ്ണൂര്‍ സ്ക്വാഡിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

0
വിനായക് ശശികുമാര്‍ എഴുതി സുഷിന്‍ ശ്യാം ഈണമിട്ട് ആലപിച്ച മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡിലെ ലിറിക്കല്‍ വീഡിയോ ഗാനം ‘മൃദുഭാവേ ദൃഢകൃത്യേ’ റിലീസായി. റോബിന്‍ വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ്.

ജയിൻ ക്രിസ്റ്റഫർ മൂവി ‘കാത്ത് കാത്തൊരു കല്യാണം’ തിയേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു

0
ഭ്രമരം, പളുങ്ക്, ഛോട്ടാമുംബൈ, മായാവി, തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ താരമാണ് ടോണി സിജിമോൻ.

ഉണ്ണി മുകുന്ദൻ നായകൻ’ ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമയുമായി ഹനീഫ് അദേനി

0
വിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം ആരംഭിച്ചു.

സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിദ്ധാര്‍ഥ് ശിവ ‘എന്നിവരു’മായി സെപ്തംബര്‍ 29- നു വരുന്നു

0
സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ‘എന്നിവരു’ടെ ട്രൈലര്‍ പുറത്തിറങ്ങി. 2020 ല്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്.

കല്‍പനയുടെ മകള്‍ അഭിനയ രംഗത്തേക്ക്; ഉര്‍വശി പ്രധാന വേഷത്തില്‍

0
കല്‍പനയുടെ മകള്‍ ശ്രീ സംഖ്യ അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രമായി എത്തുന്നു. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികള്‍ക്ക് ചിരപരിചിതനായ നടന്‍ ജയന്‍ ചേര്‍ത്തല എന്ന രവീന്ദ്ര ജയന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്