ഉദ്വേഗജനകമായ കഥാപാശ്ചാത്തലത്തിലാണ് രേഖാചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. സമൂഹത്തിൽ നടന്ന സംഭവത്തെ മുൻനിർത്തിക്കൊണ്ട് എന്നാൽ തന്റേതായ രീതിയിൽ കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചുകൊണ്ട് ചലച്ചിത്ര ഭാഷ്യത്തിലേക്ക് നിർമ്മിച്ചെടുക്കുന്ന സിനിമകൾ മലയാളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് അധികകാലമായില്ല. സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ നിന്നും ഈ പ്രത്യേകത കൊണ്ടുതന്നെ രേഖാചിത്രം വേറിട്ടുനില്ക്കുന്നു. 1985- ൽ പുറത്തിറങ്ങിയ ഒരു സിനിമയ്ക്ക് പിന്നിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കി സ്വന്തമായ ശൈലിയിൽ നിർമ്മിച്ച് വർത്തമാനകാലവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജോഫിൻ ടി. ചാക്കോയും തിരക്കഥാകൃത്തായ ജോൺ മാന്ത്രിക്കലും.

സസ്പെൻസിലായ വിവേക് എന്ന പോലീസ് ഉദ്യോഗസ്ഥനെ നല്ലനടപ്പിനായി പ്രശ്നബാധിതമല്ലാത്ത മലക്കപ്പാറ എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുന്നതും അവിടെ അപ്രതീക്ഷിതമായി നടക്കുന്ന നാടിനെ നടുക്കിയ ആത്മഹത്യയും പിന്നീടുള്ള തുടരന്വേഷണവുമാണ് സിനിമയുടെ പ്രമേയം. ഈ കേസിന്റെ അന്വേഷണത്തിന് മുന്നോടിയായി 1985- നടന്ന ആ കൊലയെക്കുറിച്ചുള്ള ആകാംക്ഷാഭരിതമായ അന്വേഷണമാണ് സിനിമയെ വേറിട്ടതാക്കുന്നത്.

ചിത്രത്തിന്റെ ട്രയിലറുകളും പോസ്റ്ററും പുരത്തിറങ്ങിയപ്പോൾ തന്നെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. അതുകൊണ്ടുതന്നെ പ്രതീക്ഷയ്ക്കൊപ്പമോ പ്രതീക്ഷയ്ക്കപ്പുറമോ രേഖാചിത്രം കയ്യടിനേടി. ഓൾട്ടർനേറ്റ് ഹിസ്റ്ററി വിഭാഗത്തിൽ പെടുന്ന സിനിമ എന്ന സവിശേഷത (യഥാർത്ഥസംഭവത്തെ ഭാവനയ്ക്കനുസരിച്ച് രൂപപ്പെടുത്തി സമകാലിക സംഭവങ്ങളുമായി കോർത്തിണക്കുന്നത്) കൂടി രേഖാചിത്രത്തിനുണ്ട്. മനസ്സിനെ മരവിപ്പിക്കുന്ന സത്യങ്ങളാണ് പിന്നീട് പോലീസ് ഉദ്യോഗസ്ഥൻ വെളിച്ചത്തേക്ക് കൊണ്ടുവരുന്നത്. അതേ മരവിപ്പോടെ മാത്രമേ ഓരോ പ്രേക്ഷകർക്കും തിയ്യേറ്റർ വിട്ടിറങ്ങാൻ കഴിയുകയുള്ളൂ.

യാഥാർത്ഥ്യ സംഭവത്തെ സമകാലികവുമായി വളരെ സൂക്ഷ്മതയോട് കൂടി കോർത്തിണക്കിയിരിക്കുകയാണ് സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. പഴയതും പുതിയതുമായ രണ്ട് കാലഘട്ടങ്ങളെ സമാസമം ചേർത്ത് വെച്ചിരിക്കുന്നതാണു ആദ്യമായി പറയേണ്ട വസ്തുത. അതാണ് സിനിമയുടെ പുതുമയും. കൈവിട്ടുപോയെക്കാവുന്ന പല സന്ദർഭങ്ങളെയും മികച്ച രീതിയിൽ കൈകാര്യം ചെയ്ത ഷോട്ടുകളും എഡിറ്റിങ്ങും സാങ്കേതിക മികവും അതിൽ വിജയം കണ്ടെത്തി. അതിനൊപ്പം കിടപിടിക്കുന്ന രാമു സുനിലിന്റെയും ജോൺ മാന്ത്രിക്കലിന്റെയും തിരക്കഥ സിനിമയ്ക്ക് നെടുംതൂണായി. കൂടാതെ അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് റഹ്മാന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തിലൂടെ ആസിഫലിയും അനശ്വരജന്റെ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടി. തന്റെ കഥാപാത്രത്തെ അതേ വൈകാരികതയോടെ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കുവാൻ അനശ്വരയ്ക്ക് കഴിഞ്ഞു. പോലീസ് കഥാപാത്രം തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ആസിഫലി. സിദ്ദിഖ്, മനോജ് കെ ജയൻ, ശ്രീകാന്ത് മുരളി, ഇന്ദ്രൻസ്, നിഷാന്ത് സാഗർ തുടങ്ങിയവർ അഭിനയിച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ ഒന്നിനോടൊന്ന് മികച്ചു നിന്നു. ഒരു തിയ്യേറ്റർ ചിത്രമായി ബിഗ് സ്ക്രീനിൽ ആസ്വദിക്കേണ്ട സിനിമയാണ് ഛായാഗ്രഹണം.