പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ കിഷ്കിന്ധാകാണ്ഡം. വിജയരാഘവനും ആസിഫ്അലിയും അപർണ ബാലമുരളിയും ജഗദീഷും ഒരുപോലെ മത്സരിച്ചഭിനയിച്ച സിനിമ. ഒരുപക്ഷേ, വിജയരാഘവൻ നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് കിഷ്കിന്ധാകാണ്ഡം എന്നും അവകാശപ്പെടാം. നിമിഷനേരങ്ങൾക്കുള്ളിൽ കഥാപാത്രത്തിൽ നിന്നും മിന്നിമറയുന്ന വ്യത്യസ്ത ഭാവാഭിനയം കൊണ്ടുതന്നെ വിജയരാഘവൻ എന്ന അഭിനേതാവിന്റെ കഴിവ് എടുത്തുകാട്ടുകയാണ് കിഷ്കിന്ധാകാണ്ഡം. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിൻജിത്ത് അയ്യത്താൻ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. തികച്ചും വ്യത്യസ്തമായ പ്രമേയം കൊണ്ടും ട്വിസ്റ്റ് കൊണ്ടും വേറിട്ട തിയ്യേറ്റർ അനുഭവം പ്രേക്ഷകർക്ക് നല്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചു.

കിഷ്കിന്ധാകാണ്ഡം എന്ന പേര് ഓർമയിലെത്തിക്കുന്നത് രാമായണവും അതിനകത്തെ വാനരന്മാരുമാണ്. പശ്ചാത്തലമായി കാടും വാനരന്മാരും കടന്നുവരുന്നത് കൊണ്ടാവണം ചിത്രത്തിന് കിഷ്കിന്ധാകാണ്ഡം എന്ന പേര് വീണത്. നേരെ മറിച്ച് രാമായണമായോ അതിലെ കിഷ്കിന്ധാകാണ്ഡവുമായി സിനിമയ്ക്ക് ബന്ധമില്ലെന്നതാണ് മറ്റൊരു വസ്തുത. പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും കഥാപാത്രങ്ങലെക്കൊണ്ടും മികച്ചൊരു ത്രില്ലർ മൂഡിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുവാൻ കഴിഞ്ഞതാണ് സിനിമയുടെ വിജയം. മുൻപും ആസിഫ്അലി പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടതുപോലെ ഈ കഥാപാത്രത്തിലും തന്റെ ഉത്തരവാദിത്തം പൂർണമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കിഷ്കിന്ധാകാണ്ഡത്തിൽ ഏറ്റവും ഉദ്വോഗം നിറഞ്ഞ കഥാപാത്രം വിജയരാഘവന്റെ അപ്പുപിള്ള എന്ന കഥാപാത്രമായിരുന്നു. തന്റെ കയ്യിൽ നിന്നുതന്നെ നഷ്ടപ്പെട്ടുപോയ ഒർമ്മയും വ്യക്തിത്വവും അപ്പുപിള്ള ആർക്കും പിടികൊടുക്കുന്നില്ല, സിനിമയുടെ അവസാനഭാഗം വരെയും. പ്രേക്ഷകരുടെ ജിജ്ഞാസയും മനസ്സും സിനിമയിൽ സഞ്ചരിക്കുന്നത് അപർണ്ണ എന്ന കഥാപാത്രത്തോടൊപ്പമാണ്. അവളുടെ അന്വേഷണവും കണ്ടെത്തലുകളും പ്രേക്ഷകരെയും ഇനിയെന്ത് എന്ന ആകാംക്ഷയുടെ മുനമ്പിൽ നിർത്തിക്കുന്നു.

പട്ടാളത്തിൽ നിന്നും വിരമിച്ച അപ്പുപിള്ളയെയും അയാളുടെ വനംവകുപ്പ് ജീവനക്കാരനായ മകൻ അജയചന്ദ്രനെയും അയാൾ വിവാഹംകഴിച്ച അപർണ്ണ എന്ന പെൺകുട്ടിയെയും ഒപ്പം പ്രേക്ഷകരെയും ദുരൂഹത നിറഞ്ഞ അന്തരീക്ഷത്തിലേക്ക് വളരെ കൃത്യമായി കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അജയചന്ദ്രന്റെ ആദ്യഭാര്യയുടെ കാൻസർ മൂലമുള്ള മരണവും ചച്ചു എന്ന അവരുടെ മകനെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നതും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്ടാളക്കാരനായ അപ്പുപിള്ളയുടെ തോക്ക് പൊലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യണമെന്ന അറിയിപ്പും തോക്ക് ആ സമയം കാണാതാകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കിഷ്കിന്ധാകാണ്ഡത്തിൽ.

ത്രില്ലർ പൊലിസ് കഥകൾ മലയാളത്തിൽ നിരവധി പുറത്തിറങ്ങിയിട്ടു ണ്ടെങ്കിലും കിഷ്കിന്ധാകാണ്ഡം വേറിട്ടൊരു ദൃശ്യാനുഭവം നല്കി. ദിൻജിത്തിന്റെ സംവിധാനവും ബാഹുൽ രമേഷിന്റെ തിരക്കഥയും മികച്ച അഭിനേതാക്കളും കരുത്തുറ്റ കഥാപ്രമേയവും കൊണ്ട് കൊണ്ട് ദൃഡമാണ് കിഷ്കിന്ധാകാണ്ഡം. മുജീബ് മജീദിന്റെ സംഗീതവും സൂരജ് ഇ എസിന്റെ എഡിറ്റിങും ശ്രദ്ധേയമായിരുന്നു. ഗുഡ്വിൽ എന്റർ ടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. അശോകൻ, മേജർ രവി, ജഗദീഷ്, വൈഷ്ണവി രാജ്, ശെബയിൻ ബെനസൻ, നിഷാൻ, മാസ്റ്റർ ആരവ്, കോട്ടയം രമേശ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ തിരകഥാകൃത്തായ ബാഹുൽ രമേശ് ആണ് ഛായാഗ്രഹണവും നിർവഹിച്ചത്.