Friday, November 15, 2024

സംഗീതത്തിന്‍റെ ഇതളടര്‍ന്ന വഴിയിലൂടെ

സിനിമയിലൂടെ പാട്ടുകളെ ഓര്‍ക്കറുണ്ട് നമ്മള്‍. എന്നാല്‍ പാട്ടിലൂടെ ഒരു സിനിമ ഹിറ്റാവുക, ആ പാട്ടിലൂടെ സിനിമ ഓര്‍ക്കപ്പെടുക എന്നത് അപൂര്‍വമായ കാര്യമാണ്. 1986- ല്‍ പുറത്തിറങ്ങിയ ‘ശ്യാമ’ എന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു എങ്കിലും പെട്ടെന്ന് ഓര്‍മ്മയിലെത്തുക “ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ…” എന്ന ഷിബു ചക്രവര്‍ത്തിയുടെ ഹൃദ്യമായ വരികള്‍ക്ക് രഘുകുമാര്‍ ഈണമിട്ട് ചിത്ര ആലപിച്ച ഗാനമാണ്. ഈ പാട്ട് ആസ്വദിക്കാത്ത മലയാളികളുണ്ടാവില്ല. മനോഹരമായൊരു കാവ്യഭംഗിയോടെ ഹൃദയത്തില്‍ ഈ ഗാനം സ്ഥാനം പിടിച്ചിരിക്കുന്നു.

രഘുകുമാര്‍ എന്ന മലയാള സിനിമയുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ ഈണമിട്ട ‘ശ്യാമ’യിലെ പാട്ടുകളെല്ലാം ഏറെയും ശ്രദ്ധിക്കപ്പെട്ടവയാണ്. ഷിബു ചക്രവര്‍ത്തിയുടെ വരികളില്‍ രഘുകുമാര്‍ ഈണമിട്ട ചിത്രയും ഉണ്ണിമേനോനും ചേര്‍ന്ന് പാടിയ “പൂങ്കാറ്റെ പോയി ചൊല്ലാമോ…” എന്ന ഗാനവും ഹിറ്റായിരുന്നുവെങ്കിലും ജനപ്രിയമായിത്തീർ ന്നത് “ചെമ്പരത്തിപ്പൂവി”ന്‍റെ പാട്ടാണ്. ഷിബു ചക്രവര്‍ത്തിക്കും ചിത്രയ്ക്കും കരിയറില്‍ മികച്ചൊരു തുടക്കം കുറിക്കാന്‍ കഴിഞ്ഞു, ഈ പാട്ടിലൂടെ. ആ ചെമ്പരത്തിയുടെ പാട്ടിന് പ്രേയസിയുടെ കാമുകനോടുള്ള പ്രണയത്തിന്‍റെ ചുകപ്പിനോളം വര്‍ണം ചാലിച്ചിരുന്നു. നമ്മുടെ ഹൃദയത്തിനും …

രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി. അതിവിദഗ്ധനായൊരു തബല ആര്‍ട്ടിസ്റ്റുകൂടിയായിരുന്നു രഘുകുമാര്‍. ഇന്ത്യന്‍ സിനിമാ സംഗീതത്തിന്‍റെ അമരത്തേക്ക് കുതിച്ചുയര്‍ന്ന എ ആര്‍ റഹ്മാന്‍റെ പിതാവ് ആര്‍ കെ ശേഖറായിരുന്നു രഘുകുമാറിനെ സംഗീതത്തിന്‍റെ ചലച്ചിത്ര പ്രപഞ്ചത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. തുടര്‍ന്ന് അദ്ദേഹം എണ്ണമറ്റ പാട്ടുകളില്‍ ശേഖറിന്‍റെയും മറ്റ് പ്രഗല്‍ഭരായ സംഗീതഞ്ജരുടെ കൂടെയും പ്രവര്‍ത്തിച്ചു. ‘ഈശ്വര ജഗദീശ്വര’ എന്ന 1979-ല്‍ നിര്‍മ്മിച്ച ചിത്രത്തിലാണ് ആദ്യമായി പാട്ടുകള്‍ക്ക് ഈണം നല്‍കിയതെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് പി ടി രാജന്‍ 1981- ല്‍ സംവിധാനം ചെയ്ത ‘വിഷം’ എന്ന ചിത്രത്തിലൂടെ പൂവച്ചല്‍ ഖാദര്‍ എഴുതിയ പാട്ടുകളാണ് രഘുകുമാറിന്‍റെ സംഗീതത്തില്‍ പുറത്തിറങ്ങിയത്. യേശുദാസ് ആലപിച്ച ‘നിന്നെയെന്‍ സ്വന്തമാക്കും ഞാന്‍… പിന്നെ നിന്‍ നാണം മാറ്റും ഞാന്‍’…. എന്ന ഗാനം ശ്രദ്ധേയമായി.

രഘുകുമാർ ( ഫോട്ടോ ക്രെഡിറ്റ് : വി. രമേഷ്. മാതൃഭൂമി ഓൺലൈൻ )

ഹാര്‍മോണിയത്തിന്‍റെ കട്ടകള്‍ അടുക്കിലും ചിട്ടയിലും ഒതുക്കിവെച്ച പ്രതലത്തിലൂടെ ഒരു തബലിസ്റ്റിന്‍റെ വേഗതയോടെ സംഗീതം ചിട്ടപ്പെടുത്തിയ രഘുകുമാറിന്‍റെ പാട്ടുകളില്‍ മിക്കതും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയവയാണ്. ഈണമിട്ട പാട്ടുകളിലെല്ലാം ആ സംഗീത മാന്ത്രികത അവിസ്മരണീയമായൊരു പ്രപഞ്ചം നമുക്ക് മൂന്നിലൊരുക്കി. ആ പാട്ടുകള്‍ക്കെല്ലാം അദ്ദേഹത്തിന്‍റേതായ മുദ്രയുണ്ടായിരുന്നു. സിനിമയെ വെല്ലുന്ന പാട്ടുകളുമായി രഘുകുമാറിന്‍റെ ഈണം കാലങ്ങള്‍ ചെല്ലുന്തോറും മാറ്റുരക്കപ്പെട്ട് തനി തങ്കമായി.

1985- ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘ബോയിങ് ബോയിങ്’ എന്ന ചിത്രത്തിലെത്തിലെ പാട്ടുകളെല്ലാം ശ്രദ്ധേയമായിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍റെ വരികള്‍ക്ക് ‘തൊഴുകൈ കൂപ്പിയുണരും നെയ് വിളക്കിന്‍ പ്രഭകളില്‍…’ എന്ന ഗാനം രഘുകുമാറിന്‍റെ സംഗീത സപര്യയ്ക്ക് കരിയറില്‍ നല്കിയ പുത്തൻ പ്രതീക്ഷയായിരുന്നു. രവീന്ദ്രന്‍ മാഷും ജോണ്‍സണ്‍ മാഷും എം ജി രാധാകൃഷണനുമെല്ലാം നിറഞ്ഞു നിന്ന സംഗീത മാമാങ്കത്തിന്‍റെ എണ്‍പതുകളില്‍ രഘുകുമാര്‍ എന്ന പേരും അദ്ദേഹത്തിന്‍റെ ഗാനങ്ങളും അദ്ദേഹത്തിന്‍റെ ശൈലിയില്‍ തന്നെ വേറിട്ട് കേട്ടു എന്നതാണു ആ സംഗീത ശില്‍പിയുടെ പ്രത്യേകത.

‘പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ…’ പൂവച്ചല്‍ ഖാദറിന്‍റെ വരികളില്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമായ ‘താളവട്ട’ത്തിലെ പാട്ടുകള്‍ രഘുകുമാറിന്‍റെ സംഗീതത്തെ വാനോളമുയര്‍ത്തി. ഈ ചിത്രത്തിലെ തന്നെ “കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ… “, “കളഭം ചാര്‍ത്തൂം…” തുടങ്ങിയ പാട്ടുകളും ആ സംഗീത പ്രതിഭയുടെ അസാമാന്യ വഴക്കം അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഓരോ പാട്ടും ഇന്നും മലയാളികള്‍ക്ക് ഹൃദ്യം തന്നെ.

‘ആര്യന്‍’ എന്ന പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മറ്റൊരു ചിത്രത്തിലും രഘുകുമാര്‍ തന്‍റെ സംഗീത പ്രതിഭ തെളിയിച്ചു. എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് പാടിയ “പൊന്‍മുരളിയൂതും കാറ്റില്‍ …” രാഗമാലികാരാഗത്തില്‍ ചിട്ടപ്പെടുത്തിയ “ശാന്തിമന്ത്രം തെളിയും ഉപനയനം പോലെ…” എന്നീ പാട്ടുകള്‍ മലയാളികള്‍ ഏറ്റെടുത്തവയായിരുന്നു. 1993- ല്‍ രഞ്ജിത്തിന്‍റെ തിരക്കഥയില്‍ സിബിമലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തിയ ‘മായാമയൂര’ത്തിലെ പാട്ടുകള്‍ ഹൃദ്യമായിരുന്നു. ഭാഗെശ്രീ രാഗത്തില്‍ ചിട്ടപ്പെത്തിയ ഈ പാട്ടിന്‍റെ വരികള്‍ക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ കാവ്യപൂര്‍ണ്ണമായ സൌന്ദര്യം കൂടിയുണ്ട്. “ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്…” “കൈക്കുടന്ന നിറയെ തിരുമധുരം തരും…” ജാനകിയുടെയും യേശുദാസിന്‍റെയും ശബ്ദത്തില്‍ ഈ ഗാനം ഇന്നും ആസ്വദിക്കാത്ത മലയാളികളുണ്ടാവില്ല . “നീയെന്‍ കിനാവോ..” (ഹലോ മൈഡിയര്‍ റോങ് നമ്പര്‍), “മാരിവില്ലിന്‍ ചിറകോടെ…”(ചെപ്പ് ), “പോരൂ നീയെന്‍ ദേവി…” (അരം അരം കിന്നരം ), “ഈ കുളിര്‍ നിശീഥിനിയില്‍… ” (ആയിരം കണ്ണുകള്‍ ), “മധുമാസ ചന്ദ്രന്‍… ” (കാണാക്കിനാവ് ) തുടങ്ങിയ പാടുകളില്‍ രഘുകുമാറിന്‍റെ പ്രതിഭ പതിഞ്ഞു കിടക്കുന്നുണ്ട്.

“എത്രയെത്ര പാട്ടുകള്‍ ചെയ്തു. പക്ഷേ, മലയാളികള്‍ ഇന്നും എന്നെ തിരിച്ചറിയുന്നത് രണ്ടു പാട്ടുകളുടെ പേരിലാണ് എന്നു തോന്നാറുണ്ട്; ഒന്ന് ചെമ്പരത്തി പൂവേ … പിന്നൊന്ന് പൊന്‍വീണേ… . രണ്ടാമത്തെ ഗാനം ഇത്ര ഹിറ്റാക്കി തന്നതിന് പ്രിയദര്‍ശനും മോഹന്‍ലാലിനും നന്ദി പറയുന്നു ഞാന്‍. വേദിയില്‍ ആ ഗാനത്തിന്‍റെ തുടക്കത്തിലെ “ലാ ലാ ലാ” എന്ന ഹമ്മിങ് പാടിത്തുടങ്ങുമ്പോഴേ സദസ്സ് ഇളകി മറിയാറുണ്ടെന്ന് അടുത്തിടെ ഒരു ടിവി പരിപാടിയില്‍ എം ജി ശ്രീകുമാര്‍ പറഞ്ഞു കേട്ടപ്പോള്‍ സന്തോഷം തോന്നി. പാട്ട് ഇന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നു എന്നാണല്ലോ അതിനര്‍ത്ഥം” ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇപ്പോൾ ഓർമ്മവരുന്നു. പാട്ടിന്‍റെ സന്ദര്‍ഭമനുസരിച്ച് സംഗീതവും വരികളും ഒരുക്കണമെന്ന കലാബോധമുള്ള സംഗീതാസ്വാദകന്‍ കൂടിയായിരുന്ന പ്രിയദര്‍ശനു നിര്‍ബന്ധമായിരുന്നു. അത് കൊണ്ട് പാട്ടുകളും പൂര്‍ണ്ണ വിജയത്തിലെത്തി.

രഘുകുമാർ ( ഫോട്ടോ ക്രെഡിറ്റ് : വി. രമേഷ്. മാതൃഭൂമി ഓൺലൈൻ )

കോരച്ചേട്ടന്‍ എന്ന ജ്യോതിഷിയുടെ ചീട്ടു കൊണ്ട് മാത്രം ഭാഗ്യം കടാക്ഷിച്ചു പോയ സംഗീത സംവിധായകനാണ് താനെന്ന് രഘുകുമാര്‍ കരുതിയിരുന്നതായി മലയാളത്തിലെ സിനിമാപാട്ടുകളെ പറ്റിയും അതിന്റെ പിന്നിലെ കഥകളെപ്പറ്റിയും എഴുതുന്ന രവി മേനോൻ തന്റെ ബുക്കിൽ പരാമർശിച്ചിട്ടുണ്ട്. ‘ശ്യാമ’യിലെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്ന “ചെമ്പരത്തിപൂവേ ചൊല്ല്.. ”എന്ന പാട്ട് വീണ്ടും സിനിമയില്‍ കൂട്ടിചേര്‍ത്തത് കോരച്ചേട്ടന്‍റെ ചീട്ടിൽ കൂടിയാണെന്ന് രവി മേനോൻ അടയാളപ്പെടുത്തുന്നു. എന്നാൽ ചീട്ടിനും കഥകൾക്കും മേലെയാണ് രഘുകുമാർ എന്ന സംഗീത പ്രതിഭയ്ക്ക് മലയാള സംഗീതസ്വാദകരുടെ ഹൃദയത്തിലുള്ള സ്ഥാനം.

“മെല്ലെ നീ മെല്ലെ വരൂ.. മഴവില്ലുകള്‍ മലരായി വിരിയുന്ന ഋതുശോഭയില്‍… “. അതെ, സംഗീതത്തിന്‍റെ വഴിയില്‍ രഘുകുമാര്‍ എന്ന ഗന്ധര്‍വ സംഗീതഞ്ജനെ തേടി പാട്ടിന്‍റെ മഴവില്ലുകള്‍ വിരുന്നെത്തുകയായിരുന്നു എന്ന് വേണം കരുതാന്‍. കാലം കഴിയുന്തോറും അതിന്റെ പ്രഭ കൂടുതൽ തെളിഞ്ഞു വരുന്നു. പാട്ടിന്റെ സദസ്സിലേക്ക് കൈക്കുടന്ന നിറയെ തിരുമധുരവുമായി വന്ന രഘുകുമാർ എന്ന അതുല്യ കലാകാരന്റെ ഓർമ്മകൾ അദ്ദേഹം സമ്മാനിച്ചു പോയ ഈണങ്ങളിൽ ഇന്നും മഴവില്ലുകൾ തീർക്കുന്നു…

spot_img

Hot Topics

Related Articles

Also Read

ഹൃദയാഘാതം; സംവിധായകന്‍ സിദ്ദിഖ് ആശുപത്രിയില്‍

0
ഹൃദയാഘാതത്തെ തുടര്‍ന്നു സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്

0
മികച്ച ഛായാഗ്രാഹകനുള്ള പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്. 2024 മെയ് 24 ന് നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സമർപ്പിക്കും. മികവുറ്റ ഛായാഗ്രഹകർക്ക് അന്താരാഷ്ട്രതലത്തിൽ നൽകുന്ന പുരസ്കരമാണിത്.

കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു

0
താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

0
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്

ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വാരത്തിലേക്ക് കടന്ന് ‘നദികളില്‍ സുന്ദരി യമുന’

0
പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വരത്തിലേക്ക് കടക്കുകയാണ്  ‘നദികളില്‍ സുന്ദരി യമുന’. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയമുള്ള ചിത്രമായി മാറിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസൂം ഒന്നിച്ചഭിനച്ച ഈ  ചിത്രം.