‘എൻ സ്വരം പൂവിടും കാലമേ…’ സംഗീതത്തിന്റെ ലഹരി കാലത്തിനുമതീതമായി സൃഷ്ടിച്ച പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോർജ്ജ് വിടവാങ്ങി. 77 വയസ്സായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 2. 30 തിന് ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദീർഘ നാളുകളായി ചികിത്സയിലായിരുന്നു. എഴുപതുകളിൽ മലയാള സംഗീത ലോകത്തേക്കു കീബോർഡ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക സംഗീതോപകരണങ്ങൾ പരിചിതമാക്കിയ സംവിധായകൻ കൂടിയാണ് കെ ജെ ജോർജ്ജ്.
മലയാളി ഹൃദയങ്ങളെ കീഴടക്കിയ ഒട്ടനവധി പാട്ടുകളുടെ സംഗീത സംവിധായകൻ കൂടിയാണ് കെ ജെ ജോർജ്ജ്. മാത്രമല്ല, മലയാള ചലച്ചിത്ര ഗാനമേഖലയിലെ ആദ്യ ടെക്നൊ മ്യുസീഷൻ കൂടിയാണ് ഇദ്ദേഹം. പ്രശസ്ത സംഗീത സംവിധായകൻ എം എസ് വിശ്വനാഥൻ സംഗീതം നിർവഹിക്കുന്ന പാട്ടുകളിലെ അക്കൊർഡിയൻ ആർട്ടിസ്റ്റായി കടന്നു വരികയും പിന്നീട് എം എസ് വിശ്വനാഥനെ സംഗീതത്തിലെ ഗുരുവായി സ്വീകരിക്കുകയും ചെയ്തു. സ്വതന്ത്യ സംഗീത സംവിധായകനായതിന് ശേഷം 1975- ൽ ‘ലവ് ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആരാധന, സ്നേഹയമുന, ചന്ദനച്ചോല, ഇവനെന്റെ പ്രിയപുത്രൻ, മനുഷ്യ മൃഗം, സർപ്പം, ശക്തി, മുക്കുവനെ സ്നേഹിച്ച ഭൂതം തുടങ്ങി ഇരുന്നൂറിലേറെ സിനിമകളിലെ ഗാനങ്ങൾക്ക് ഈണം പകർന്നു.
പൌരസത്യത്തിൽ വിരാജിച്ചിരുന്ന മലയാള ചലച്ചിത്ര ഗാനശാഖലയിലേക്ക് പാശ്ചാത്യശൈലിയെക്കൂടി അനാവരണം ചെയ്തു കെ ജെ ജോയ്. പാശ്ചാത്യ രീതിയിൽ മെലഡികൾ അന്ന് മാത്രമല്ല, ഇന്നും സൂപ്പർ ഹിറ്റ് തന്നെ. കസ്തൂരിമാൻ മിഴി, സ്വർണ്ണമീനിന്റെ ചേലൊത്ത, എൻ സ്വരം പൂവിടും കാലമേ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, തുടങ്ങിയ ഗാനങ്ങൾ ആവേശക്കൊടുമുടിയിൽ അലയൊലികൾ തീർത്തു. പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ ‘ദാദ’ എന്ന ചിത്രത്തിലാണ് അവസാനമായി സംഗീതം നിർവഹിച്ചത്. സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ വെച്ച് നടക്കും.