മലയാള സിനിമയിൽ പ്രമുഖനായിരുന്ന സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70- വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് നീണ്ട കാലത്തോളം ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരായ എം ടി വാസുദേവൻ നായരുടെയും എം മുകുന്ദന്റെയും പെരുമ്പടവം ശ്രീധരന്റെയും കഥകളെയും തിരക്കഥകളെയും ഹരികുമാർ സിനിമ സംവിധാനം ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കിയിട്ടുണ്ട്. വാണിജ്യ സിനിമ എന്നതിലേക്കാൾ ഉപരി കലാമൂല്യമുള്ള സിനിമകൾക്ക് പ്രാധാന്യം നല്കിയ സംവിധായകൻ കൂടിയാണ് ഹരികുമാർ. ദേശീയ പുരസ്കാര ജൂറിയിൽ 2005- 2008 എന്നീ വർഷങ്ങളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
സുകുമാരിയെയും ജഗതി ശ്രീകുമാറിനെയും പ്രധാനകഥാപാത്രമാക്കികൊണ്ട് 1981- ൽ സംവിധാനം ചെയ്ത ആമ്പൽ പൂവ് ആയിരുന്നു ഹരികുമാർ സംവിധാനം ചെയ്ത ആദ്യ സിനിമ. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 1994- ൽ പുറത്തിറങ്ങിയ ‘സുകൃതം’ ശ്രദ്ധേയ ചലച്ചിത്രമായിരുന്നു. മമ്മൂട്ടി, ഗൌതമി തുടങ്ങിയവർ ആയിരുന്നു അതിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും സുകൃതം നേടി. അയനം, ജാലകം, സ്വയംവരപ്പന്തൽ, ഊഴം, ഉദ്യാനപാലകൻ, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകൾ ഹരികുമാർ സംവിധാനം ചെയ്തിട്ടുണ്ട്. ഓട്ടോറിഷക്കാരന്റെ ഭാര്യ ആണ് ഒടുവിൽ സംവിധാനം ചെയ്ത സിനിമ. എം മുകുന്ദൻ തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആൻ അഗസ്റ്റിനും ആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചത്.