രൂപത്തിലും ഭാവത്തിലും മാത്രമല്ല, ഓരോരോ ശരീര ചേഷ്ടകളിലും ‘ഞാന്‍ വില്ലനാ’ണെന്ന് ധ്വനിപ്പിക്കുന്ന നടന്‍. കഥാപാത്രങ്ങളെ ശരീരഭാഷയോടൊപ്പം ചേര്‍ത്തിണക്കിക്കൊണ്ട് പോകുന്ന ഭാവഗരിമ. കുണ്ടറ ജോണി എന്ന അഭിനേതാവിനെ മറക്കില്ല ഒരു സിനിമാപ്രേമിയും. ജീവിതത്തിലും കലയിലും അദ്ദേഹം എന്നന്നേക്കുമായി വെള്ളിത്തിരയുടെ അഭ്രപാളികളിലേക്ക് മറയുമ്പോള്‍ അദ്ദേഹമാടിതിമിര്‍ത്ത ഓരോ കഥാപാത്രങ്ങളും വേദിയില്‍ ബാക്കിയാകുന്നു. മലയാളി മനസുകളിലെ ആ വേദിയില്‍ ഇനി കുണ്ടറ ജോണിയുടെ കഥാപാത്രങ്ങളും കടന്നുവരികയായി.
ഗൌരവമുള്ള ഗുണ്ടയായും ചിരിപ്പിക്കുന്ന ഗുണ്ടയായും സഹനടനായും വിഭിന്ന വേഷപ്പകര്‍ച്ചകള്‍. വിശ്വസിച്ചു കയ്യില്‍ തന്നേല്‍പ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെ യും അദ്ദേഹം പകര്‍ന്നാടുകയായിരുന്നു. 1979- ല്‍ ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന കുണ്ടറ ജോണി പിന്നീട് നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. ആറാംതമ്പുരാനിലും സ്ഫടികത്തിലും കിരീടത്തിലും നാടോടിക്കാറ്റിലും ഗോഡ് ഫാദറിലു൦ ഭരത്ചന്ദ്രന്‍ ഐ പി എസിലും അദ്ദേഹം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഗുണ്ടാവേഷത്തിലും കാക്കിക്കുള്ളിലെ വില്ലനെയും പേടിപ്പിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലെ സിനിമകിലൂടെയും കുണ്ടറ ജോണിയിലെ വില്ലനെ അറിഞ്ഞു.
എഴുപത്തിയൊന്നാമത്തെ വയസ്സില്‍ ജീവിതത്തില്‍ നിന്നും 44 വര്‍ഷത്തെ കരിയറില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ഓര്‍മകളിലൂടെ, കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ് സിനിമാലോകം. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തച്ചിലേടത്ത് ചുണ്ടന്‍, വര്‍ണ്ണപ്പകിട്ട്, സമാന്തരം, ആഗസ്ത് 15, ഹലോ, സാഗരം സാക്ഷി, ആനവാല്‍മോതിരം, അവന്‍ ചാണ്ടിയുടെ മകന്‍, ബല്‍റാം v/s താരാദാസ്, മൂന്നാം ഖണ്ഡം, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. അറിയപ്പെടുന്നൊരു ഫുഡ്ബാള്‍ താരം കൂടിയാണ് ഇദ്ദേഹം. കൊല്ലം ഫാത്തിമ മാതാ കോളേജിലെ അധ്യാപിക സ്റ്റെല്ല ആണ് ഭാര്യ. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ‘മേപ്പടിയാന്‍’ ആണ് ഇദ്ദേഹം അഭിനയിച്ച ഒടുവിലത്തെ സിനിമ.