“എന്‍റെ കുട്ടിക്കാലം വലിയ സമൃദ്ധിയുടേതൊന്നും ആയിരുന്നില്ല. ഒരുപാട് ദാരിദ്ര്യമൊക്കെ അനുഭവിച്ചിട്ടുണ്ട്. വിശപ്പിന്‍റെ തളര്‍ച്ചയില്‍ ഉറക്കം വരാതെ ഞാന്‍ അമ്മയുടെ മടിയില്‍ കിടക്കും. അമ്മ എന്‍റെ തുടയില്‍ ചെറുതായി താളം പിടിച്ചുകൊണ്ട് താരാട്ട് മൂളും. കണ്ണീരിന്‍റെ നനവുള്ള സ്‌നേഹത്തിന്‍റെ ആര്‍ദ്രമായ ആ മൂളലുകള്‍. എന്‍റെ വിരലുകളിലേക്ക് അമ്മയുടെ മനസ്സ് ഇറങ്ങിവന്നു. ഹാര്‍മോണിയം മൂളിത്തുടങ്ങി ” രാരീ രാരാരിരം രാരോ പാടീ രാക്കിളി പാടീ…” അങ്ങനെയാണ് ആ ട്യൂണ്‍ ഉണ്ടായത്. ആ താരാട്ടു പാട്ട് ഒരിക്കലെങ്കിലും മൂളാത്തവര്‍ ആരുമുണ്ടാവില്ല. ആ ട്യൂണിനു പിന്നില്‍ വിശന്നു മയങ്ങിപ്പോയ ബാല്യത്തിന്‍റെ അടര്‍ന്നുവീണ കണ്ണീരിന്‍റെ നനവു കൂടിയുണ്ടായിരുന്നു എന്നുമാത്രം. “മോഹൻസിതാര തന്‍റെ ആദ്യ ഗാന പിറവിയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അനുഭവത്തെ കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞതാണിത്.
കുട്ടിക്കാലത്തെ ഹാർമോണിയവും വയലിനും തംബുരുവും പഠിച്ചിറങ്ങിയ ചെറുപ്പകാലം മോഹന് സംഗീതത്തിന്‍റെ വിരുന്നൊരുക്കി. സ്കൂൾ പഠന ശേഷം വയലിൻ പഠിക്കാൻ ഒരു മ്യൂസിക് സ്കൂളിൽ മോഹൻ ചേരുകയും പിന്നീട് തിരുവനന്തപുരത്തെ നിസരി സംഗീത വിദ്യാലയത്തിൽനിന്ന് പാശ്ചാത്യ സംഗീതപഠനം നടത്തുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്തെ മ്യുസിക് ട്രൂപ്പായ ‘സിതാര’യിൽ വയലിനിസ്റ്റായി ജോലിയിൽ പ്രവേശിക്കുകയും പേരിനൊപ്പം സിതാര എന്ന് ചേർക്കുകയും ചെയ്തു. വേദികളിൽ നിന്നും വേദിയിലേക്ക് നാടകങ്ങൾക്കും സംഗീത പരിപാടികൾക്കും വേണ്ടി മോഹൻ സിതാര തന്‍റെ കലാജീവിതവുമായി മുഴുകി.
തികച്ചും യാദൃശ്ചികമായാണ് മോഹൻ സിതാരയ്ക്ക് സംഗീത സംവിധയകന്‍റെ അവസരം കിട്ടുന്നത്. യഥാർത്ഥ കലയെ തേടി വരുന്നതിനെ ഭാഗ്യം എന്നാണ് മോഹൻ സിതാര വിശേഷിപ്പിച്ചിരുന്നത്. നവോദയ അപ്പച്ചന്‍റെ ബാനറിൽ ഒരുങ്ങുന്ന ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിനുള്ള ഗാനത്തിനു സംഗീതം ചിട്ടപ്പെടുത്താനാണ് അവിടേക്ക് വിളിച്ചതെന്ന് പോലും അറിയുന്നത് ചെന്നപ്പോഴായിരുന്നു. പരിചയമില്ലത്ത ഏറെ ഉത്തരവാദിത്തമുള്ള ജോലി ചെയ്യേണ്ടി വരുന്ന ടെൻഷൻ നല്ലവണ്ണം അന്ന് ഉണ്ടായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. അങ്ങനെ പലവട്ടം ട്യൂൺ ചെയ്താണ് ഇന്ന് മികച്ച താരാട്ട് പാട്ടിലൊന്നായ, “രാരീ രാരീരം രാരോ…” എന്ന ഗാനം പിറക്കുന്നത്. ചിത്രയുടെ, വേണുഗോപാലിന്‍റെ മനോഹരമായ ശബ്‌ദത്തിൽ ആസ്വാദക ലോകം ഒന്നിച്ചു പാടി. ആ ഒറ്റപ്പാട്ടിലൂടെ തന്നെ മലയാള ചലച്ചിത്ര സംഗീത സംവിധായകരുടെ ലിസ്റ്റിൽ മോഹൻ സിതാര എന്ന പേരും എഴുതി ചേർക്കപ്പെട്ടു. കണ്ണൂർ രാജൻ, ആലപ്പി രംഗനാഥ്, എം ജി രാധാകൃഷ്ണൻ എന്നിവരുടെ കൂടെയും ജോലി നോക്കിയിട്ടുണ്ട്.
ആദ്യ പാട്ട് സൂപ്പർ ഹിറ്റായെങ്കിലും പിന്നീട് അധികം ചിത്രങ്ങളിലേക്ക് മോഹൻ സിതാരയെ ഈണമിടാൻ അവസരം കിട്ടിയില്ല. ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന ചിത്രത്തിലെ പാട്ടുകളിലൂടെയാണ് മോഹൻ സിതാര വീണ്ടും ജനകീയനായത്. പിന്നിട് നിരവധി ചിത്രങ്ങളിൽ സംഗീതം നൽകാൻ അദ്ദേഹത്തിനു അവസരം ലഭിച്ചു. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. യൂസഫലി കേച്ചേരിയുടെ വരികളിൽ യേശുദാസും രാധിക തിലകും ചേർന്നു പാടിയ “എന്‍റെ ഉള്ളുടുക്കും കൊട്ടി…” എന്ന ഗാനം ഹിറ്റ് റൊമാന്‍റിക് യുഗ്മ ഗാന മായി മാറി. ആ പാട്ടിനു നൽകിയ സംഗീതം പിന്നീട് തിരക്കുള്ള സംഗീതജ്ഞനാക്കി മാറ്റി, മോഹൻ സിത്താരയെ. ചിത്ര പാടിയ “സ്നേഹത്തിൻ പൂ നുള്ളി…”, “കളവാണി നിന്നെ ഞാൻ…”, (യേശുദാസ് ),”നിന്‍റെ കണ്ണിൽ വിരുന്ന് വന്നു…”, (യേശുദാസ് ),”സിന്ദൂര സന്ധ്യേ…’, (യേശുദാസ് ) തുടങ്ങിയ പാട്ടുകൾ മോഹൻ സിത്താരയെ കൂടുതൽ തിരക്കുള്ള സംഗീതജ്ഞനാക്കി. “സിന്ദൂര സന്ധ്യേ “എന്ന് തുടങ്ങുന്ന മെലഡി ദുഃഖഗാനം ഇന്നും പുതുമയോടെ നിലനിൽക്കുന്നതിലെ സംഗീതാത്മകത അനിർവചനീയം തന്നെ.
“കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി…” ജോക്കറി’ലെ ഈ പാട്ട് മനസ്സിലേക്ക് കടന്നു വരുമ്പോൾ അതിലെ വരികൾക്കൊപ്പം സംഗീതവും ഓരോ സംഗീതോപകരണത്തിന്‍റെ നാദവും നമ്മുടെ മനസ്സിലേക്കു വീണമീട്ടി പാട്ട് പാടിത്തുടങ്ങുന്നു. കാവ്യാത്മകമായ വരികൾക്ക് അതിനിണങ്ങുന്ന സംഗീതം പകരാൻ മോഹൻ സിത്താരക്ക് കഴിഞ്ഞിട്ടുണ്ട്. “ചെമ്മാനം പൂത്തെ” (യേശുദാസ് ),”ആകാശ ദീപമേ” (പി ജയചന്ദ്രൻ ), “പൊൻ കസവു “(ചിത്ര, ജയചന്ദ്രൻ ),”ധ്വനി തരംഗ” (യേശുദാസ്, ചിത്ര), “എന്ത് ഭംഗി നിന്നെ “(യേശുദാസ് )തുടങ്ങിയ ഗാനങ്ങളിൽ സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും മെലഡിയുടെ വ്യത്യസ്ത ഭാവങ്ങൾ കാണാം. ‘വധു ഡോക്ടറാണ്’ എന്ന ചിത്രത്തിലെ ഗാനങ്ങളും മോഹൻ സിതാരയുടെ മെലഡി ഹിറ്റുകളിൽ ഉൾപ്പെടുന്ന ഗാനങ്ങളാണ്. “തങ്കത്തേരിൽ” എന്ന് തുടങ്ങുന്ന ഗാനം.”മീരയുടെ ദുഃഖവും മുത്തുവിന്‍റെ സ്വപ്നവും എന്ന ചിത്രത്തിലെ “സ്നേഹത്തിൻ നിധി തേടി”, “നന്ദകിശോരാ…”, “കുയിലേ നിൻ…”, “കണ്ണുനീർ പുഴയുടെ…”, “എന്നുള്ളിലേതോ…”, തുടങ്ങിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.
“നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി…”, ’വചനം’ എന്ന ചിത്രത്തിൽ ഒ എൻ വി എഴുതി യേശുദാസ് ആലപിച്ച ഹൃദയ സ്പർശിയായ ജനപ്രിയ മെലഡി ഗാനം. ആ പാട്ടിലെ വരികളുടെ അർത്ഥങ്ങളിലേക്കും ഭാവത്തിലേക്കും വൈകാരികതയിലേക്കും ഇറങ്ങിച്ചെല്ലാൻ മോഹൻസിതാരയുടെ സംഗീതത്തിന് കഴിഞ്ഞു. ‘കുബേരൻ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അടിച്ചു പൊളി മെലഡി ലിസ്റ്റുകളിൽ ആണ് ഉൾപ്പെട്ടത്. അത് വരെ വലിയൊരു ശതമാനം മെലഡിയുടെ വഴിയിൽ സഞ്ചരിച്ച മോഹൻ സിതാരയുടെ സംഗീതം മെലഡിയുടെ കൂടെ അടിച്ചുപൊളി സംഗീതവും ഇടകലർത്തി. എന്നാൽ അതിൽ സ്ഥായിയായി സന്തോഷമാണ് പ്രകടമായത്.
കുബേരനിലെ “കന്നിവസന്തം കാറ്റിൽ മൂളും…” ഇതിനുദാഹരണമാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതി സ്വർണലത ആലപിച്ച “മണിമുകിലേ…” എന്ന ഗാനം ആലാപന ശബ്ദം കൊണ്ട് വ്യത്യസ്തമായിരുന്നു. ഓരോ പാട്ടിനു അനുയോജ്യമായ ശബ്ദത്തെ കണ്ടെത്തിയാണ് മോഹൻ സിതാര സംഗീതം നൽകാറ്. “മണിമുകിലേ”എന്ന ഗാനം അദ്ദേഹം ഉദ്ദേശിച്ചത് പോലെ തന്നെ സൂപ്പർ ഹിറ്റാവുകയും ചെയ്തു. എം ജി ശ്രീകുമാറും സുജാതയും ചേർന്നു പാടിയ” ഒരു മഴപ്പക്ഷി പാടുന്നു” എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ്.’ നമ്മൾ’എന്ന ചിത്രത്തിൽ അടിച്ചു പൊളി മെലഡി ഹിറ്റ് മോഹൻ സിതാര ചെയ്തിട്ടുണ്ട്. “അഫ്സലും ഫ്രാങ്കോയും ചേർന്നു പാടിയ “എൻ കരളിൽ താമസിച്ചാൽ മാപ്പ് തരാം…” എന്ന ഗാനം അതിനുദാഹരണമാണ്. അത് പോലെ പുതിയ ഗായിക ശബ്ദത്തെയും അദ്ദേഹം “സുഖമാണി നിലാവ് “എന്ന മെലഡി ഹിറ്റ് യുഗ്മഗാനത്തിലൂടെ പരിചയപ്പെടുത്തി. പുതുമുഖ ഗായിക ജ്യോൽത്സനയും വിധുപ്രതാപും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ചിത്രത്തിൽ യേശുദാസ് ആലപിച്ച “എന്നമ്മേ ഒന്നു കാണാൻ” എന്ന ഗാനവും ജനപ്രിയ ശ്രദ്ധ നേടി.
“ഇല പൊഴിയും ശിശിരത്തിൽ ചെറു കിളികൾ വരവായി….” യേശുദാസ് ആലപിച്ച ‘വർഷങ്ങൾ പോയതറിയാതെ’എന്ന ചിത്രത്തിലെ ഗാനം. പ്രണയ നഷ്ടത്തിന്‍റെ തീവ്ര നൊമ്പരം ആ സംഗീതത്തിലും വരികളിലും ആലാപനത്തിലും നിറഞ്ഞു നിന്നു. പ്രണയത്തിന്‍റെ ഭംഗിയും അഭംഗിയും മനോഹരമായി അദ്ദേഹം സംഗീതത്തിൽ ആവിഷ്കരിച്ചു. “അല്ലിയാമ്പൽ പൂവേ ചൊല്ല് ചൊല്ല് പൂവേ…” ’ദാദ സാഹിബ്’എന്ന ചിത്രത്തിന് വേണ്ടി ചിത്ര പാടിയ ഈ ഗാനവും മലയാളത്തിൽ സൂപ്പർ ഹിറ്റായി. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനോടൊന്ന് മെച്ചമായിരുന്നു. മോഹൻസിതാരയുടെ സംഗീതത്തോടുള്ള എല്ലാ ഇഷ്ടവും ആ പാട്ടുകളിലും നിറഞ്ഞു നിന്നു. ആസ്വാദകർ ഓരോ പാട്ടിലെയും സംഗീതത്തെ ആവോളം ആസ്വദിക്കുകയും ചെയ്തു. എം ജി ശ്രീകുമാർ പാടിയ “ചാന്ദ് പൊട്ടും…” യേശുദാസ് പാടിയ “ആലിലക്കണ്ണാ നിന്‍റെ…”, “കണ്ണുനീരിനും ചിരിക്കാൻ അറിയാം…”, കലാഭവൻ മണി ആലപിച്ച “കാട്ടിലെ മാനിന്‍റെ…’ തുടങ്ങിയ പാട്ടുകൾ ഇന്നും കാതുകൾക്ക് ഇമ്പമായി ഒഴുകുന്നു. ” സഹ്യസാനു ശ്രുതി ചേർത്ത് വെച്ച..”, ‘കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലെ ഈ ഗാനം കയ്യടികളോടെ മലയാളികളും കേരളത്തെ സ്നേഹിക്കുന്നവരും സ്വീകരിച്ചു. നാടൻ പാട്ടിന്‍റെ ശൈലിയും ഒതുക്കവും ഭാഷയും പദലാളിത്യവും മ്യുസിക്കും ‘കരുമാടിക്കുട്ടനി’ലെ വരികൾക്കും സംഗീതത്തിനും ഉണ്ട്. “കൈകൊട്ട് പെണ്ണെ കൈകൊട്ട് പെണ്ണെ…” എന്ന ഗാനം അതിനുദാഹരമാണ്. ചിത്രത്തിൽ യേശുദാസ് ആലപിച്ച “നെഞ്ചുടുക്കിന്‍റെ…” മോഹൻ സിതാരയുടെ മറ്റൊരു മെലഡി ദുഃഖഗാനമാണ്.
“ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ “…’സാന്ത്വനം’ എന്ന ചിത്രത്തിലെ മനോഹരമായ താരാട്ട് പാട്ടാണിത്. കൈതപ്രത്തിന്‍റെ വരികൾ ചിത്ര ആലപിച്ചിരിക്കുന്നു. ’ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലെ “രാരീ രാരീരം രാരോ “എന്ന മോഹൻസിതാരയുടെ താരാട്ട് പാട്ടിനു ശേഷം പ്രേക്ഷകർ നെഞ്ചോട് ചേർത്ത അദ്ദേഹത്തിന്‍റെ മറ്റൊരു താരാട്ട് പാട്ടാണിത്. ഒരു അമ്മയുടെ വാത്സല്യം മുഴുവൻ ഒപ്പിയെടുക്കാൻ മോഹൻസിതാരയുടെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. ‘ഇഷ്ടം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ മോഹൻ സിതാരയുടെ സംഗീതത്തിന് കൂടുതൽ മിഴിവേകി. യേശുദാസും ചിത്രയും ചേർന്ന് പാടിയ “കാണുമ്പോൾ പറയാം ഞാൻ “..ചിത്ര പാടിയ “ചഞ്ചല ദ്രുത പദതാളം “…. യേശുദാസ് ആലപിച്ച “കണ്ടു കണ്ടു കണ്ടില്ല…” തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായി. ‘മുദ്ര’എന്ന സിനിമയിൽ കൈതപ്രം എഴുതി എം ജി ശ്രീകുമാർ ആലപിച്ച “പുതുമഴയായ് പൊഴിയാം…” എന്ന ഗാനം മലയാളികൾക്ക് പ്രിയപ്പെട്ട ഗാനമായിരുന്നു. വല്യേട്ടനിലെ “അറുപതുതിരിയിട്ട” (ചിത്ര), ‘ഒരു പക്കാ നാടൻ പ്രേമ’ ത്തിലെ “ആരും നമിക്കുന്ന പൂക്കണിയല്ലേ” (അഫ്സൽ), “ചന്ദനമഴയുടെ “(വിനീത് ശ്രീനിവാസൻ, ശിഖ),”നീ ഇല്ലേല് ” (ജ്യോത്സന, വിധു പ്രതാപ് ), ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ എന്ന ചിത്രത്തിലെ” അച്ഛന്‍റെ പൊന്നു മോളേ” (യേശുദാസ്, അഞ്ജന ഹരിദാസ്), ‘ഭ്രമര’ത്തിലെ “അണ്ണാറക്കണ്ണാ വാ…”, (മോഹൻ ലാൽ), തുടങ്ങിയ ഗാനങ്ങൾ മലയാളത്തിന്‍റെ സൂപ്പർ ഹിറ്റുകളാണ്.
മോഹൻ സിതാരയുടെ സംഗീതത്തിൽ വിരിഞ്ഞ ഗാനങ്ങളേറെയും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. എന്നാൽ ആ പാട്ടുകളുടെ സംഗീതജ്ഞൻ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന ചിത്രത്തിലൂടെ സ്വീകരിക്കപ്പെട്ട ഇദ്ദേഹം പിന്നീട് മലയാളത്തിലെ തിരക്കുള്ള സംഗീതജ്ഞനായി. കേരളവും കേരളീയ സംസ്കാരവും പ്രാദേശിക സംഗീതവും നാടൻ പാട്ടും പാശ്ചാത്യ സംഗീതവുമെല്ലാം മോഹൻസിതാരയുടെ കഴിവുകളിൽ ഇഴുകിച്ചേർന്നു കിടക്കുന്നു. 2009 ൽ ‘സൂഫി പറഞ്ഞ കഥ’ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് സ്വന്തമാക്കി ഇദ്ദേഹം. താൻ കഷ്ടപ്പെട്ടത് കൊണ്ട് ഇത്രയും നിൽക്കാൻ കഴിഞ്ഞെന്നും പാട്ടുകൾ ഒരുക്കാൻ കഴിഞ്ഞെന്നും മോഹൻസിതാര പറയുന്നു. ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്നു എന്നതാണ് മോഹൻസിതാരയുടെ സംഗീതത്തിന്‍റെ പ്രത്യേകത.
ഓരോ പാട്ടിനുമനുസൃതമായ സംഗീതത്തെയും ആലാപന ശബ്ദത്തെയും തേടിപ്പോയി ആ സംഗീതജ്ഞൻ. അസാധാരണത്വത്തെ സാധാരണമാക്കി അദ്ദേഹം ആർദ്രമായ സംഗീതം കൊണ്ട് വിസ്മയം തീർത്തു. ബ്ലെസ്സിയുടെയും വിനയന്‍റെയും കമലിന്‍റെയുമൊക്കെ ചിത്രങ്ങളിൽ മോഹൻസിതാര തീർത്ത സംഗീതത്തിന്‍റെ മായികത തുളുമ്പുന്ന ഗാനങ്ങൾ സൃഷ്ടിച്ചു. കൂടാതെ മലയാള ചലച്ചിത്ര ഗാനശാഖയുടെ അന്തസ് ന്യുജെൻ പാട്ടുകൾക്കിടയിൽ അദ്ദേഹം നിലനിർത്തി. കാലത്തിനനുസൃതമായ മാറ്റങ്ങൾ സംഗീതത്തിലും അനിവാര്യമാണെന്ന് സമ്മതിക്കുന്നുണ്ട് മോഹൻസിതാര. അടിപൊളി പാട്ടുകളെക്കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങിയതും ആ തിരിച്ചറിവിൽ നിന്നാണ്. അത് നിലനിൽപ്പിന്‍റെ പ്രശ്നമല്ല, കാലം ആവശ്യപ്പെടുന്നതാണ്. മോഹൻസിതാര പറയുന്നു. ഏകദേശം എഴുന്നൂറ്റി അൻപതോളം ഗാനങ്ങൾക്ക് ഈണമിട്ട മോഹൻ സിതാരയുടെ ഗാനങ്ങൾ ഏറെയും മനസ്സിൽ തങ്ങി നിൽക്കുന്നത് തൊണ്ണൂറുകളിലെ ഗാനം തന്നെ.. “പുതുമഴയായി പൊഴി” യുന്ന വരികളിലൂടെ മോഹൻ സിതാരയുടെ ഗാനങ്ങൾ നമ്മുടെ ഹൃദയത്തിൽ “മധുമയമായി പാടു”കയാണ് എന്നും.