മൈഡിയർ കുട്ടിച്ചാത്തൻ എന്ന ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന ചിത്രത്തിന്‍റെ സംവിധായകൻ ജിജോ പുന്നൂസിന്‍റെ സഹ സംവിധായകനായി അരങ്ങേറ്റം, സർവ്വകലാശാല യുവജനോത്സവത്തിൽ മോണോ ആക്ടിന് ഒന്നാം സ്ഥാനം,എന്നിങ്ങനെ മികച്ച അംഗീകാരങ്ങൾ നേടിയ ടി കെ രാജീവ് കുമാർ എന്ന മലയാള സിനിമയുടെ സംവിധായകൻ നിർമ്മിച്ച ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ‘പവിത്രം’ എന്ന സിനിമയിൽ കരുത്തുറ്റ കഥാപാത്രം കൊണ്ട് മികച്ച അഭിനേതാവെന്ന് തിലകനും ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയിലൂടെ മഞ്ജുവാര്യർ മികച്ച നടിയെന്നും ഒരിക്കൽ കൂടി തെളിയിച്ചു. ടി കെ രാജീവ് കുമാറിന്‍റെ സിനിമകൾ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ടി കെ രാജീവ് കുമാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ കൂറിൽ ജോലി നോക്കി. 2003 മുതൽ 2006 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു.1984ൽ കമലഹാസനും ജയറാമും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ചാണക്യൻ ആയിരുന്നു ടി കെ രാജീവ് കുമാറിന്‍റെ ആദ്യ ചിത്രം. സൂപ്പർ ഹിറ്റായ ഈ ചിത്രം നിരൂപക പ്രശംസ പിടിച്ചു പറ്റി.
സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയമാണ് ‘ശേഷം’ എന്ന ചലച്ചിത്രത്തിൽ ടി കെ രാജീവ് കുമാർ പരീക്ഷിച്ചിട്ടുള്ളത്. ഒരു മാനസികാരോഗ്യകേന്ദ്രത്തെ മുൻ നിർത്തിക്കൊണ്ടു സിനിമ നിർമിക്കുന്ന ഫിലിം സ്കൂളിലെ ബിരുദ വിദ്യാർത്ഥിനിയായ മീരയും മാനസിക ദൌര്‍ബല്യമുള്ള ലോനപ്പനുമാണ് ‘ശേഷ’ത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ‘ടൈം പീസ്’ എന്ന പേരിൽ മീര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അവിടുത്തെ അന്തേവാസിയായ ലോനപ്പനാണ് നായകനായി വരുന്നത്. അയാളുടെ വർത്തമാനകാല ജീവിതത്തിലൂടെ ഭൂതകാലത്തേക്ക് കൊണ്ട് പോകുന്ന ചിത്രമാണ് മീരയുടെ ‘ടൈം പീസ്’. എന്നാൽ ടി കെ രാജീവ് കുമാറിന്‍റെ ‘ശേഷം’ എന്ന ചിത്രത്തിൽ മീരയും ലോനപ്പനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ‘ടൈം പീസ്’ ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിയുന്തോറും ലോനപ്പനും മീരയും തമ്മിലുള്ള മാനസികമായ അടുപ്പത്തെ അദ്ദേഹം ‘ശേഷം’ എന്ന സിനിമയിലൂടെ കൂടുതൽ ആഴത്തിൽ ചിത്രീകരിക്കുന്നുണ്ട്. മാനസികമായി ചെറിയ തകരാറുള്ള ലോനപ്പൻ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയാണ്. തന്‍റെ ബിരുദ പഠനത്തിനുള്ള പ്രോജക്റ്റ് വര്‍ക്കിനായി തയ്യാറാക്കുന്ന ഡോക്യുമെന്‍ററിയില്‍ ലോനപ്പനെ നായകനാക്കി ഒരു ഫിലിം ചെയ്യാൻ മീര തീരുമാനിക്കുന്നു. മീരയുടെ പ്രതിശ്രുതവരനായ ശ്യാം സുന്ദർ കലക്ടറാണ്. അയാളുടെ സ്വാധീനം കൊണ്ടും സഹായം കൊണ്ടും മീര സിനിമ ചെയ്യാനായി ലോനപ്പനെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്തെത്തിക്കുന്നു.
പല ബുദ്ധിമുട്ടുകളും നഷ്ട്ടങ്ങളും ലോനപ്പൻ മൂലം മീരയ്ക്ക് ഉണ്ടാകുന്നെങ്കിലും അവൾ സഹനശക്തിയോടെ അതിനെ എതിരിടുന്നു. മീരയും ലോനപ്പനും തമ്മിലുള്ള ബന്ധം പിരിയാനാവാത്ത വിധത്തിൽ അടുക്കുമെന്ന് ശ്യാം സുന്ദർ മീരയോട് ഒരു മുന്നറിയിപ്പ് പോലെ പറയുന്നു. എന്നാല്‍ അവളത് നിഷേധിക്കുന്നു. സ്നേഹത്തിലൂടെ മീര ലോനപ്പനെക്കൊണ്ട് തന്‍റെ ജോലി എളുപ്പം ചെയ്തു തീർക്കുന്നു. അപ്പഴേക്കും ലോനപ്പനും മീരയും തമ്മിലുള്ള അടുപ്പം ഗാഢമായിരുന്നു. സ്നേഹവും സുരക്ഷയും കിട്ടുന്നതോടെ ലോനപ്പന്‍റെ മാനസികനില ഏറെക്കുറെ ഭേദമായി വരുന്നു. മീരയെ ഒരു നിമിഷം പോലും കാണാതെയിരിക്കാൻ ലോനപ്പനു കഴിയുന്നില്ല. അവൾ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന് അയാൾ ഭയപ്പെടുന്നു. ഒരമ്മയുടെയോ സഹോദരിയോ സ്നേഹം മീര ലോനപ്പന് നൽകുന്നു. അതിനിടയിൽ മീരയും ശ്യാം സുന്ദറും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നു. ഇത് ലോനപ്പനെ വിഷമിപ്പിക്കുന്നുണ്ട്. തനിക്ക് ഒരു ജോലി ശരിയാക്കി തരുമോ എന്ന് ലോനപ്പൻ മീരയോട് അന്വേഷിക്കുന്നു. അവൾ ഒരു സ്കൂളിൽ ചെറിയ ജോലി തരപ്പെടുത്തുന്നു. ലോനപ്പൻ സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുമായി അടുക്കുന്നു. പി ടി എ മീറ്റിങ്ങിൽ സമ്മർദ്ദം ചെലുത്തി രക്ഷിതാക്കൾ സ്കൂൾ ഹെഡ്മിസ്ട്രെസ്സ്നെക്കൊണ്ട് ലോനപ്പനെ ജോലിയിൽ നിന്ന് പിരിച്ചു വിടുവിക്കുന്നു. ഇതറിഞ്ഞ മീരയും ശ്യാംസുന്ദറും ലോനപ്പനെ വീട്ടിലേക്ക് തിരികെ കൊണ്ട് വരുന്നു. എന്നാൽ തന്നെ മനസ്സിലാക്കാൻ ആർക്കും കഴിയില്ലെന്നും അങ്ങനെ കഴിയുന്നവർ മാനസികാരോഗ്യ കേന്ദ്രത്തിലാണുള്ളതെന്നും പറഞ്ഞു ലോനപ്പൻ അവിടേക്ക് തന്നെ തിരിച്ചു പോകുന്നു. മീരയും ശ്യാംസുന്ദറും തിരിച്ചു വിളിച്ചെങ്കിലും അയാളത് നിരസിക്കുന്നു. മീരയുടെ ലോനപ്പൻ നായകനായ ‘ടൈം പീസ്’എന്ന ചിത്രം കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.
എവിടെയാണോ സ്നേഹം കിട്ടുന്നത് അവിടേക്ക് ചായുന്ന മനസ്സാണ് ലോനപ്പന്‍റെത്. മിക്ക മനുഷ്യരും അങ്ങനെ തന്നെ. എന്നാൽ സ്നേഹം കൊണ്ട് മനസ്സിനെ ചികിൽസിക്കാൻ സമൂഹം തയ്യാറാകുന്നില്ല. അവിടെയാണ് മീരയുടെ വിജയം. സ്നേഹം കിട്ടാതെ, അത് പ്രകടിപ്പിക്കാൻ കഴിയാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയും മാനസിക നില തകരാറിലാകുകയും ചെയ്യുന്ന മനുഷ്യ ജീവിതത്തിന്‍റെ കഥയാണ് ഈ സിനിമയിൽ. മീരയുടെ സ്നേഹത്തിലൂടെ ലോനപ്പനിലുണ്ടായ മാറ്റങ്ങൾ അതിനുദാഹരണമാണ്. ആ സ്നേഹം നഷ്ടപ്പെടുമെന്നു ഉറപ്പുണ്ടായപ്പോൾ ഭ്രാന്തമായ സമൂഹത്തിന്‍റെ കണ്ണിൽ നിന്നും അയാൾ തിരികെ മാനസികാരോഗ്യ കേന്ദ്രത്തിലെ പഴയ അന്തേവാസിയായി തിരിച്ചു പോകുന്നു. 2001 ൽ ടി കെ രാജീവ് കുമാറിന്‍റെ ‘ശേഷം’ എന്ന സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരമായ മികച്ച ചിത്രത്തിനും മികച്ച കഥയ്ക്കും (ടി കെ രാജീവ് കുമാർ) മികച്ച എഡിറ്റർക്കും(എ ശ്രീകർ പ്രസാദ്) മികച്ച സൗണ്ട് റെക്കോർഡിസ്റ്റിനുമുള്ള (സൈമൺ സെൽവരാജ് )അവാർഡ് ലഭിച്ചു. ചിത്രത്തിലെ സംഗീതം ശരത് നിർവഹിച്ചു. ജയറാം (ലോനപ്പൻ), ഗീതു മോഹൻദാസ്(മീര), ബിജു മേനോൻ(ശ്യാം സുന്ദർ) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചു. ചാണക്യൻ(1989), ക്ഷണക്കത്ത്(1990), ഒറ്റയാൾ പട്ടാളം (1991), മഹാനഗരം(1992), പവിത്രം(1994), തച്ചോളി വർഗീസ് ചേകവർ(1996), കണ്ണെഴുതി പൊട്ടും തൊട്ട്(1999), ജലമർമ്മരം(1999), വക്കാലത്ത് നാരായണൻകുട്ടി (2001), ശേഷം (2002), ഇവർ(2004), സീതാകല്യാണം(2007), ഫ്രീ കിക്ക്(ഹിന്ദി -2008), ചൽ ചലാചൽ(ഹിന്ദി 2009), ഒരുനാൾ വരും(2010), രതിനിർവേദം(2011), തത്സമയം ഒരു പെൺകുട്ടി(2012) എന്നിവയാണ് ടി കെ രാജീവ് കുമാറിന്‍റെ മറ്റ് സിനിമകൾ. മാനവികതയെ ദൃശ്യകലയില്‍ ആവിഷ്ക്കരിക്കാന്‍ ടി കെ രാജീവ് കുമാറിന്‍റെ ‘ശേഷം’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.