ആദ്യകാല പ്രമുഖ സിനിമ- നാടക നടന്‍ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണന്‍ കുളങ്ങരയില്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു. 88- വയസ്സായിരുന്നു. സിനിമയിലും നാടകത്തിലും സജീവമായിരുന്നു. ‘സ്റ്റേജിലെ സത്യന്‍’ എന്ന വിശേഷണമായിരുന്നു അക്കാലത്ത് വര്‍ഗീസ് കാട്ടിപ്പറമ്പന്. 1971- ല്‍ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങള്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ നായകനായി എത്തി. സരസ്വതിയായിരുന്നു ഈ ചിത്രത്തിലെ നായിക. സിനിമയില്‍ പ്രസാദ് എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പേര്. പിന്നീട് സുമംഗലിയിലൂടെ ഷീലയുടെയും ലക്ഷ്യം എന്ന ചിത്രത്തിലൂടെ രാഗിണിയുടെയും ജയഭാരതിയുടെയും നായകനായി അഭിനയിച്ചു.
‘നശിക്കാത്ത ഭൂമി’ എന്ന നാടകത്തിലൂടെ 1954- ല്‍ നാടകത്തിലേക്ക് അരങ്ങേറ്റം കുറിച്ചു. കൈരളി തിയ്യേറ്റേഴ്സ്, അങ്കമാലി പൌര്‍ണമി, മാനിഷാദ, കോട്ടയം നാഷണല്‍, വൈക്കം മാളവിക, ചങ്ങനാശ്ശേരി ഗീഥ, കായംകുളം പീപ്പിള്‍സ് തുടങ്ങിയ നിരവധി നാടക ട്രൂപ്പുകളില്‍ അഭിനയിച്ചു. ആകാശവാണി നാടകങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. 1977- ല്‍ നാടകരംഗത്തില്‍ നിന്നും വിടവാങ്ങി. ഇതിനിടെ ശാപമോക്ഷം, ഇത്തിരിനേരം ഒത്തിരികാര്യം, വാരഫലം എന്നീ സിനിമകളിലും തലമുറകള്‍ എന്ന മെഗാസീരിയലിലും അഭിനയിച്ചിട്ടുണ്ട്. സമഗ്രസംഭാവനയ്ക്ക് സംസ്ഥാന നാടക അക്കാദമിയിലൂടെ ഗുരുപൂജ പുരസ്കാരം ലഭിച്ചു. ഭാര്യ: റോസമ്മ. മക്കള്‍: പരേതനായ അലന്‍ റോസ്, അനിത റോസ്, ആര്‍ലിന്‍ റോസ്. സംസ്കാരം ശനിയാഴ്ച 4 നു തൃപ്പൂണിത്തുറ സെയിന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ വെച്ചു നടക്കും.