ഷൈസണ്‍ പി ഔസേപ്പ് സംവിധാനം ചെയ്യുന്ന സിസ്റ്റര്‍ റാണിമരിയയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്സ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സിസ്റ്റര്‍ റാണിമരിയയായി 2022- ലെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ വിന്‍സി അലോഷ്യസ് എത്തുന്നു. ഉത്തര്‍പ്രദേശിലെ പീഡനമനുഭവിക്കുന്ന ഒരുവിഭാഗം ജനതയ്ക്ക് വേണ്ടി ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെയെത്തിയ സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിലാണ് ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്സ്’ (മുഖമില്ലാത്തവരുടെ മുഖം) പ്രദര്‍ശനത്തിനെത്തുന്നത്.
പ്രേംനാഥ്( ഉത്തര്‍പ്രദേശ്), സോനലി മൊഹന്തി (ഒറീസ്സ), ജിത്ത് മത്താറു (പഞ്ചാബ്), പൂനം (മഹാരാഷ്ട്ര), അജീഷ് ജോസ്, ഫാദര്‍ സ്റ്റാന്‍ലി, സ്വപ്ന, ദിവ്യ, അഞ്ജലി സത്യനാഥ്, സ്നേഹലത( നാഗ് പൂര്‍), മനോഹരിയമ്മ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം മഹേഷ് അനന്ദും തിരക്കഥയും സംഭാഷണവും ജയപാല്‍ അനന്ദും വരികള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഗീതം അല്‍ഫോണ്‍സ് ജോസഫും നിര്‍വഹിക്കുന്നു