തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, അഭിനേതാവ്, പത്രപ്രവര്‍ത്തകന്‍…രഞ്ജി പണിക്കര്‍ എന്ന കലാകാരന്‍ കൈ വെക്കാത്ത മേഖലകള്‍ അപൂര്‍വം. തിരക്കഥകളില്‍ കിടിലന്‍ സംഭാഷണങ്ങള്‍ രചിച്ചു കൊണ്ടാണ് മലയാള സിനിമയില്‍ രഞ്ജി പണിക്കര്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതമാരംഭിക്കുന്ന രഞ്ജി പണിക്കരെ തേടി നിരവധി അവസരങ്ങളെത്തി. പത്രപ്രവര്‍ത്തനം വഴി നിരവധി സിനിമാ പ്രവര്‍ത്തകരെ പരിചയപ്പെടാനുള്ള വഴിയും അദ്ദേഹത്തിന് മുന്നില്‍ തുറന്നുവന്നു.
സംവിധായകനായ ഷാജി കൈലാസുമായുള്ള സൌഹൃദമാണ് രഞ്ജി പണിക്കരെ മലയാള സിനിമയിലേക്കെത്തിക്കുന്നത്. 1990- ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതിയാണ് രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ ആദ്യചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം തന്നെ ബോക്സോഫീല്‍ നിറഞ്ഞോടുകയും ചെയ്തു. പിന്നീട് നിരവധി ജോഷി ചിത്രങ്ങളിലും രഞ്ജി പണിക്കര്‍ നിരവധി തിരക്കഥകള്‍ രചിച്ചിട്ടുണ്ട്.
രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസും ജോഷിയും സംവിധാനം ചെയ്തു പുറത്തിറങ്ങിയ നിരവധി പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളിലൂടെയാണ് ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. സുരേഷ് ഗോപി എന്ന അഭിനേതാവിലെ കഴിവുകളെ പുറത്തു കൊണ്ട് വരാന്‍ ഇത്തരം സിനിമകള്‍ സഹായകമായി. രഞ്ജി പണിക്കരുടെ കിടിലന്‍ സംഭാഷണങ്ങള്‍ മാസ്റ്റര്‍ പീസുകളായി മാറിയത് സുരേഷ് ഗോപിയിലൂടെയാണ്. പിന്നീട് നിരവധി ഹിറ്റ് കഥാപാത്രങ്ങള്‍ സുരേഷ് ഗോപിയെ തേടിയെത്തുകയും മലയാള സിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന താര പദവിയിലേക്ക് അദ്ദേഹം ഉയര്‍ന്നു വരികയും ചെയ്തു.
‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ മലയാള സിനിമയിലെ മമ്മൂട്ടി നായകനായ കഥാപാത്രത്തിന്‍റെ ഇടിവെട്ട് ഡയലോഗുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും രഞ്ജി പണിക്കര്‍ തന്നെ. സംഭാഷണങ്ങളിലൂടെ കയ്യടികള്‍ നേടിയ രഞ്ജി പണിക്കരെ തേടി നിരവധി സിനിമകളെത്തി. മമ്മൂട്ടിയും സുരേഷ് ഗോപിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ചുകൊണ്ടുള്ള പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളും സാമൂഹിക പ്രതിബദ്ധതയടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.
രാഷ്ട്രീയം, സാമൂഹികം, മാനവികത…രഞ്ജി പണിക്കരുടെ തിരക്കഥകളില്‍ ഏറിയ പങ്കും പ്രത്യക്ഷപ്പെടുന്നത് ഇത്തരം വൈകാരിക സന്ദര്‍ഭങ്ങളാണ്. അത്തരം കഥാപാത്രങ്ങളെക്കൊണ്ട് പ്രേക്ഷകരെ ഇരുത്തിക്കുവാനും സിനിമയ്ക്കു കഴിഞ്ഞു. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന നിയമവ്യവസ്ഥയെയും നീതിയെയും സത്യത്തെയും വെള്ളിത്തിരയില്‍ വെച്ച് യാഥാര്‍ഥ്യമാക്കി. അതെല്ലാം കയ്യടികള്‍ നേടുകയും ചെയ്തു.
സുരേഷ് ഗോപി നായകനായി എത്തി 1994- ല്‍ ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കമ്മീഷണര്‍, മമ്മൂട്ടി നായകനായി എത്തിയ ദി കിങ് എന്നീ രണ്ട് സിനിമകളിലെ നായക കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2012- ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് രഞ്ജി പണിക്കര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ‘ദി കിങ് ആന്‍ഡ് കമ്മീഷണര്‍’ മലയാള ചലച്ചിത്ര മേഖലയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായി ചരിത്രത്തില്‍ അടയാളപ്പെടുത്തി. സുരേഷ് ഗോപി നായകനായി എത്തിയ ഏത് കാലത്തെയും ത്രില്ലടി പ്പിക്കുന്ന ‘ഭരത് ചന്ദ്രന്‍ ഐ പി എസ്‘ വേറിട്ട അനുഭവമായി. ഈ ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും നിര്‍മാനാവുമെല്ലാം രഞ്ജി പണിക്കരായിരുന്നു.
(ഭരത്ചന്ദ്രന്‍ ഐപിഎസ്)
1999- ല്‍ ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനായ ‘പത്രം’ മലയാളത്തിലെ മികച്ചൊരു രാഷ്ട്രീയ ചിത്രമായിരുന്നു. മലയാള സിനിമയിലെ വന്‍താരനിരകള്‍ ‘പത്ര’ത്തില്‍ അണിനിരന്നിട്ടുണ്ട്. 1995- ല്‍ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത ‘ലേല’വും മികച്ച പ്രതികരണം നേടി. ഇതിലെ സുരേഷ് ഗോപിയുടെ കഥാപാത്രമായ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ വളരെ സൂക്ഷമായി തിരക്കഥയില്‍ രഞ്ജി പണിക്കര്‍ അവതരിപ്പിച്ചിരിക്കുന്നു. 2008- ല്‍ പുറത്തിറങ്ങിയ ‘രൌദ്ര’മാണ് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. പിന്നീട് ജോഷിയുടെ സംവിധാനത്തില്‍ ദുബായ്, പ്രജ, തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ക്ക് രഞ്ജി പണിക്കര്‍ സൂപ്പര്‍ ഹിറ്റ് തിരക്കഥകള്‍ എഴുതി. മാഫിയ, ഏകലവ്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, തലസ്ഥാനം, തുടങ്ങിയവയാണ് ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ രഞ്ജി പണിക്കര്‍ എഴുതിയ മറ്റ് തിരക്കഥകള്‍.
സംവിധായകനും തിരക്കഥാകൃത്തും മാത്രമല്ല, അഭിനേതാവ് കൂടിയാണ് രഞ്ജി പണിക്കര്‍. അയാള്‍ ഞാനല്ല, ആട്, ജംനാപ്യാരി, അനാര്‍ക്കലി, പ്രേമം, അച്ഛാ ദിന്‍, ഞാന്‍, ഓം ശാന്തി ഓശാന, പകിട, 21 ഗ്രാംസ്, മുന്നറിയിപ്പ്, ലോഹം, ആട് ഒരു ഭീകരജീവിയാണ്, ചാര്‍ലി, പാവാട, ജേക്കബ്ബിന്‍റെ സ്വര്‍ഗ്ഗരാജ്യം, ഒപ്പം, പാ .വ, എന്നും എപ്പോഴും, തുടങ്ങിയ സിനിമക്‍ളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. കവി കൂടിയായ ഇദ്ദേഹം ഏതാനും സിനിമകളില്‍ ഗാനങ്ങളും രചിച്ചിട്ടുണ്ട്. രുദ്രാക്ഷത്തിലെ ചില്ലുജാലകത്തിനപ്പുറം, എള്ളോളം മാരിക്കീറു, ശ്രീ പാര്‍വതി പാഹിമാം തുടങ്ങിയവയാണവ. രഞ്ജി പണിക്കര്‍ എന്ന സംവിധായകനെ തിരക്കഥാകൃത്തിനെ ഓര്‍ക്കുമ്പോഴെല്ലാം പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നെത്തുക തീര്‍ച്ചായായും ഹിറ്റ് സിനിമകളിലെ ഇടിവെട്ട് ഡയലോഗുകള്‍ ആയിരിക്കും.