നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും. അങ്കമാലിക്കടുത്ത് മൂക്കന്നൂർ ജോഷ് മാളിൽ സിനിമയുടെ പൂജകർമ്മങ്ങൾ നിർവഹിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം കൊളുത്തി. സൈജു കുറുപ്പിന്റെ മാതാവ് സ്വിച്ചോൺ കർമ്മവും നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നല്കി. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ, സൈജു കുറുപ്പ് എന്നിവരാണ് നിർമാണം. ജിബു ജേക്കബ്, സിന്റോ ആൻറണി, ‘ഗു’ ചിത്രത്തിന്റെ സംവിധായകൻ മനു രാധാകൃഷ്ണൻ, ഛായാഗ്രഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സൈജു കുറുപ്പാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നാട്ടിൽ ക്ഷേത്ര- ഉത്സവ കാര്യങ്ങൾ നോക്കിനടത്തുന്ന ചെറുപ്പക്കാരനാണ് ഇതിൽ. ഒരു ഫാമിലി എന്റർടൈമെന്റ് മൂവിയാണ് ഭരതനാട്യം. കലാരഞ്ജിനി, സായ് കുമാർ, അഭിറാം രാധാകൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ, ശ്രുതി സുരേഷ്, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിങ് ഷഫീഖ്, ഗാനരചന മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. അന്നമനട, മാള, മൂക്കന്നൂർ തുടങ്ങിയ ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാകും.