സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അഭിനേത്രിയാണ് നിമിഷ സജയന്‍. 2017- ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ അഭിനയത്തിനു അരങ്ങേറ്റം കുറിച്ചപ്പോള്‍ തന്നെ ഇതേ ചിത്രത്തിലെ അഭിനയത്തിലൂടെ ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് സ്വന്തമാക്കി, ഈ അനുഗ്രഹീത നടി. ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമാതാരം എന്ന സവിശേഷത കൂടിയുണ്ട് നിമിഷ സജയന്. പിന്നീട് അവര്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.
ഒരു കുപ്രസിദ്ധപയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ സജയനെ തേടിയെത്താന്‍ കാലതാമസമുണ്ടായില്ല. ദിലീഷ് പോത്തന്‍റെ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നു അല്ലെങ്കില്‍ അവ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍ കുന്നു എന്നതാണു അവയുടെ പ്രത്യേകത. തികച്ചും സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതത്തിലൂടെയും അവർക്കിടയിൽ സംഭവിക്കുന്ന ഏതെങ്കിലുമൊരു വിഷയത്തിലൂടെയും വളരെ തന്‍മ യത്വത്തോടെയാണ് ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ സഞ്ചരിക്കുന്നത്.
‘മഹേഷിന്‍റെ പ്രതികാര’ത്തില്‍ അമാനുഷികമായി ഒന്നും സംഭിക്കുന്നില്ല. തൊണ്ടിമുതലിലും ദൃക്സാക്ഷിയിലും അങ്ങനെ തന്നെ. ദിലീഷ് പോത്തന്‍റെ സിനിമ ബ്രാന്‍ഡ് അത്രയേറെ പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നു. കഥാപാത്രങ്ങളിലൂടെ ജീവിക്കുന്ന സിനിമകള്‍ അവതരിപ്പിക്കുന്ന റിയലിസ്റ്റിക്കായ സംഭവങ്ങളുടെ ഒരേട്. അതാണ് അദ്ദേഹത്തിന്‍റെ സിനിമകളുടെ ഉള്‍ക്കാമ്പ്.
മഹേഷിന്‍റെ പ്രതികാരത്തിലെ യാതൊരു വിധ അനുകരണങ്ങളും ‘തൊണ്ടിമുതലും ദൃക്സാക്ഷിയി’ലും കാണാന്‍ കഴിയില്ല. മോഷണക്കേസുമായി ബന്ധപ്പെട്ട ഒരു സംഭവം എത്രത്തോളം പാവപ്പെട്ട സാധാരണ മനുഷ്യരെ ബാധിക്കുന്നു എന്ന് ചിത്രത്തിലൂടെ പറയുന്നു. ജീവിത പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ശ്രീജ– പ്രസാദ് ദമ്പതികളും മാല വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യാത്രയ്ക്കിടയില്‍ കള്ളന്‍ മാല മോഷ്ട്ടിക്കുന്നതോടുകൂടി സിനിമ അതിന്‍റെ ഗൌരവ സ്വഭാവത്തിലേക്ക് കടക്കുന്നു. ശ്രീജ എന്ന കഥാപാത്രമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നിമിഷ സജയന്‍റെ അഭിനയം ഒരു തുടക്കക്കാരിയുടെതായ വിഷമതകളോ ടെന്‍ഷനോ കഥാപാത്രത്തെ ബാധിച്ചില്ല എന്നതാണു അവരുടെ കഴിവിന്‍റെ വിജയവും.
അഡ്വക്കേറ്റ് ഹന്ന എലിസബത്തായി ‘ഒരു കുപ്രസിദ്ധപയ്യനി’ല്‍ എത്തിയപ്പോളും നിമിഷ സജയന്‍റെ അഭിനയത്തിന്‍റെ മാറ്റ് പത്തരമാറ്റായി കഴിഞ്ഞിരുന്നു. മധുപാല്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമകളില്‍ തന്നെ ‘കുപ്രസിദ്ധ പയ്യനും’ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. കേരളത്തിന്‍റെ മന:സാക്ഷിയെ ഞെട്ടിച്ച കോഴിക്കോട് നഗരത്തില്‍ ഇഡ്ഡലി വിറ്റ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന സുന്ദരിയമ്മ എന്ന സ്ത്രീയുടെ കൊലപാതകത്തെ കേന്ദ്രീകരിച്ചുള്ള പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. സിനിമയിലെ ഏറ്റവും പ്രധാന റോളായ ഹന്ന എലിസബത്തിലൂടെ എത്താന്‍ കഴിഞ്ഞു എന്നതാണു നിമിഷ സജയന്‍ എന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും.
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല ‘ സാമൂഹിക പ്രധാന്യ മുള്ള സിനിമയാണ്. ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്തു മൃതദേഹം കത്തിച്ചു കളഞ്ഞ പ്രതികളെ പോലീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ‘ചോല‘ നിര്‍മ്മിക്ക പ്പെടുന്നത്. മികച്ച അഭിനയമാണ് ഈ ചിത്രത്തില്‍ നിമിഷ സജയന്‍റേത്. ജാനകി എന്ന സ്കൂള്‍ പെണ്‍കുട്ടിയെ അത്രയും ആഴത്തിലുള്‍ക്കൊണ്ട് അഭിനയിക്കുവാന്‍ നിമിഷ സജയന് കഴിഞ്ഞിട്ടുണ്ട്.
കണ്ണൂരിന് രാഷ്ട്രീയത്തില്‍ മാത്രമല്ല, പ്രണയത്തിനും ചോരത്തിളപ്പ് കൂടുമെന്ന് ‘ഈട’ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമായി തീരുമാനങ്ങ ളെടുക്കാന്‍ കഴിവുള്ള ഐശ്വര്യ ഗോപാല്‍ (നിമിഷ സജയന്‍ ) തന്‍റെ രാഷ്ട്രീയ കുടുംബത്തെ ഒന്നടങ്കം തള്ളിപ്പറയുന്നു. അത് മറ്റൊന്നും കൊണ്ടല്ല, ചോര കൊടുത്തു ജീവന്‍ ബലിയര്‍പ്പിച്ചുള്ള എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും അവള്‍ വെറുത്തു തുടങ്ങിയിരുന്നു. ഒരു പക്ഷേ ഐശ്വര്യ ഇന്നത്തെ തലമുറയുടെ മുന്‍ഗാമിയാകുന്നു. എതിര്‍പാര്‍ട്ടിയിലുള്ള ചെറുപ്പക്കാരനെ സ്നേഹിച്ചു കൊണ്ട് അവള്‍ അക്രമരാഷ്ട്രീയത്തിന് പ്രണയം കൊണ്ടായിരുന്നു പകരം വീട്ടിയത്. ഐശ്വര്യയുടെയും ആനന്ദിന്‍റെയും പ്രണയത്തിനു മുന്നില്‍ രാഷ്ട്രീയ കൊടിക്കൂറകള്‍ തലകുനിക്കുന്നു.
സൌമ്യ സദാനന്ദന്‍ സംവിധാനം ചെയ്ത ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിലെ നിമിഷ സജയന്‍റെ ക്ലാര എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിമിഷ സജയന്‍ അന്യഭാഷാ ചിത്രങ്ങളിലേക്കും ചേക്കേറി.‘ഘര്‍ സെ’ എന്ന ഹിന്ദി ഷോര്‍ട്ട് ഫിലിമിന് വേണ്ടിയാണ് നിമിഷ സജയന്‍ നായികയായി എത്തുന്നത്. ബി ടെക് എന്ന സിനിമയുടെ സംവിധായകന്‍ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ രാമകൃഷണ കുളൂരിന്‍റെയാണ് തിരക്കഥയും സംഭാഷണവും. കന്നി ചിത്രമായ ആദ്യ സിനിമ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നിമിഷയുടെ മിക ച്ച കഥാപാത്രങ്ങള്‍ക്കും അഭിനയത്തിനുമായി കാത്തിരിക്കുകയാണ് ആരാധകരായ സിനിമാപ്രേക്ഷകര്‍.