“കസ്തൂരി മാൻമിഴി മലർശരമെയ്തു …” പാപ്പനം കോട് ലക്ഷ്മണന്‍റെ വരികൾക്ക് യേശുദാസ് പാടി കെ ജെ ജോയ് ഈണമിട്ട ഈ ഗാനം ഒരു വട്ടമെങ്കിലും മൂളിനോക്കാത്ത മലയാളികളുണ്ടാവില്ല. ഒരു വിവാഹവേദിയിൽ വെച്ച് വെളുത്ത കോട്ടും പാന്‍റുമിട്ട് പാട്ട് പാടി ജയനും സീമയും പ്രണയ ജോഡികളായെത്തിയ സിനിമ. പ്രണയത്തിനും ഹാസ്യത്തിനും വേണ്ടി എത്ര സൂക്ഷ്മമായാണ് ആളുകൾ ഇന്നും ഈ ഗാനമാഘോഷിക്കുന്ന തും ആസ്വദിക്കുന്നതും. ടീവി ഷോകളിലും വേദികളിലുമുള്ള പരിപാടികളിൽ പ്രണയ ജോഡികളുടെ ലീല കളിൽ ഹാസ്യാത്മകത കൊണ്ട് വരാൻ അണിയറയിൽ ഒരുങ്ങുന്നത് ഈ ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ്.
കെ ജെ ജോയ് എന്ന സംഗീത സംവിധായകനെ ആസ്വാദകരെ ഓർമ്മിപ്പിക്കുന്നത് ഒരു പാട്ടിലൂടെയല്ല, അദ്ദേഹത്തിന്‍റെ നിരവധി പാട്ടുകളിലൂടെയാണ്. ഒരുപാട് പാട്ടുകളുടെ എണ്ണത്തിലല്ല, ചെയ്യുന്ന പാട്ടുകളായാലും അതെല്ലാം ഹിറ്റ് ആവുന്നിടത്താണ് കലാകാരന്മാരുടെ പൂർണത. കെ ജെ ജോയ് എന്ന സംഗീതജ്ഞനെ ഓർക്കുന്നതും അദ്ദേഹത്തിന്‍റെ പാട്ടുകളിലൂടെയാണ്. ജയനെന്ന മലയാള സിനിമയുടെ കരുത്തനായ നടനെ വെള്ളിത്തിരയിലെ കാമുകനാക്കാൻ കെ ജെ ജോയിയുടെ പാട്ടുകൾക്ക് കഴിഞ്ഞു .
കഥാകാരൻ എൻ എസ് മാധവൻ ‘ഹിഗ്വിറ്റ‘ യിൽ പറയും പോലെ ഓർക്കസ്ട്രയുടെ കണ്ടക്ട്ടറെപ്പോലെ പ്രേക്ഷകരിൽ അമ്പരപ്പിന്‍റെയും ആസ്വാദ്യതയുടെയും നിസ്സീമമായ ആനന്ദവും സുഖവും ആവേശവും ദുഃഖവും നൽകി. സംഗീതത്തിലെ ‘ഹിഗ്വിറ്റ’യായിരുന്നു കെ ജെ ജോയ്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം മലയാള സിനിമയൊന്നാകെ സഞ്ചരിച്ചു.പാശ്ചാത്യസംഗീതത്തിൽ അഗ്രഗണ്യനാ യിരുന്നു കെ ജെ ജോയ്. അദ്ദേഹത്തിന്‍റെ “എൻ സ്വരം”, കസ്തൂരിമാൻ മിഴി“, “കുറുമൊഴി…” തുടങ്ങുന്ന പാട്ടുകളിൽ പാശ്ചാത്യസംഗീതത്തിന്‍റെ സൗന്ദര്യം ദർശിക്കാം.
ഇലക്ട്രോണിക് സംഗീതോപകരണങ്ങൾ പരിചയപ്പെട്ടുവരുന്ന മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ ആദ്യ ദശകങ്ങളിലാണ് ഇലക്ട്രോണിക് സംഗീതത്തിൽ പ്രിയങ്കരനായ ജോയിയുടെ പാട്ടുകളും പിറവിയെടുക്കുന്നത്. എൺപതുകളിൽ ചടുലമായ വേഗതയിൽ സംഗീതത്തിലേക്ക് യുവത്വത്തെ കൊണ്ട് വരാൻ ജോയിയുടെ സംഗീത മാന്ത്രികതയ്ക്ക് കഴിഞ്ഞു. ജോയിയുടെ പാട്ടുകൾ ‘പഴയത്’ എന്ന വിശേഷണത്തിനതീതമായി സഞ്ചരിക്കുന്നു. പാശ്ചാത്യ സംഗീതത്തിന്‍റെ ലയനത്തിൽ അദ്ദേഹത്തിന്‍റെ പാട്ടുകള്‍ എന്നും സമകാലികമായിക്കൊണ്ടിരുന്നു.
പുതുതലമുറയുടെ സംഗീതാഭിരുചിയേയും അവരുടെ ആസ്വാദ്യതയെയും അടുത്തറിഞ്ഞ സംഗീതജ്ഞനാണ് കെ ജെ ജോയ്. വളരെ ചെറുപ്പത്തിലെ സുഹൃത്തുക്കളായിരുന്ന ജോയിയും നടൻ ജയനും സംഗീതജ്ഞനും നടനുമാകുന്ന സ്വപ്നം കണ്ടു നടന്നിരുന്നു. കെ ജെ ജോയിയുടെ സംഗീതത്തെ ഏറ്റവും നന്നായി ആസ്വദിക്കാൻ ജയന് കഴിഞ്ഞിട്ടുണ്ട്. പിൽക്കാലത്ത് അദ്ദേഹത്തിന്‍റെ സംഗീതത്തിനൊത്തു ചുവട് വെക്കാനും. പാട്ടും അഭിനയവും ഒരു പോലെ പ്രിയങ്കരമായിരുന്നു ജയന്. അത് കൊണ്ട് തന്നെ ജോയിയുമായുള്ള സൗഹൃദം ഇരുവരിലും വറ്റാത്ത സംഗീതം നിറച്ചു.
1984 ൽ ജെസി സംവിധാനം ചെയ്ത ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ ജയൻ അരങ്ങേറ്റം കുറിച്ചതിന്‍റെ തൊട്ടടുത്ത വർഷം (1975) പുറത്തിറങ്ങിയ ‘ലവ് ലെറ്റർ ‘ എന്ന ചിത്രത്തിലൂടെ കെ ജെ ജോയിയും സംഗീത സംവിധായകനായി ആദ്യ ചുവട് വെച്ചു. ജയന്‍റെ മിക്ക ഗാനരംഗങ്ങളിലും സംഗീതം നൽകാൻ ജോയിക്ക് സാധിച്ചു .ജയന്‍റെ സ്റ്റണ്ട് യുവത്വത്തിന് ഹരവും ജയനത് ലഹരിയുമായിരുന്നു. ആത്മസുഹൃത്തുക്കളായതിനാൽ ജയനിലെ കരുത്തനായ പൗരുഷ ഭാവത്തിൽ നിന്നും ലോലനായ കാമുക ഹൃദയത്തെ എളുപ്പം തൊട്ടുണർത്താൻ ജോയിക്ക് തന്‍റെ സംഗീതം തന്നെ ധാരാ ളമായിരുന്നു. ’അക്കോർഡിയൻ’ എന്ന പാശ്ചാത്യ സംഗീതോപകരണത്തിന്‍റെ ഇഷ്ടക്കാരനായിരുന്നു കെ ജെ ജോയി. അന്നത്തെ പ്രമുഖ സംഗീതസംവിധായകരായിരുന്ന കെ വി മഹാദേവന്‍റെയും എം എസ് വിശ്വനാഥന്‍റെയും സംഗീത ഗ്രുപ്പിൽ അക്കോർഡിയസ്റ്റായും അദ്ദേഹം പ്രവർത്തിച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ ചെന്നൈയിൽ താമസമായിരുന്ന കെ ജെ ജോയ് എം എസ് വിശ്വനാഥന്‍റെ കൂടെ അഞ്ഞൂറോളം സിനിമകളിൽ പ്രവർത്തിച്ചു. അറുപത്തിരണ്ടോളം സിനിമകൾക്ക് വേണ്ടി സംഗീതം നൽകിയ ഇദ്ദേഹം ‘സതേൺ കംമ്പൈൻസ് ‘ എന്ന ശബ്ദലേഖന നിലയം കൂടി സ്ഥാപിച്ചു. 1980- ൽ ബേബി സംവിധാനം ചെയ്ത ‘മനുഷ്യ മൃഗം ‘ എന്ന ചിത്രത്തിലെ “കസ്തൂരിമാൻ മിഴിയും “, “ജാനകിയും ജയചന്ദ്രനും ചേർന്നു പാടിയ “അജന്താശില്പങ്ങളിൽ സുരഭീ …’ തുടങ്ങിയ പാട്ടുകളിലൂടെ കെ ജെ ജോയിയെ അടയാളപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്‍റെ മറ്റു ഹിറ്റ് പാട്ടുകളുടെ വരികളും നമ്മുടെ ചുണ്ടിലേക്ക് മൂളിയെത്തും. ബിച്ചുതിരുമലയുടെ വരികൾക്ക് കെ ജെ ജോയ് ഈണമിട്ട “എൻ സ്വരം പൂവിടും ഗാനമേ …’ ’അനുപല്ലവി’ എന്ന ചിത്രത്തിൽ യേശുദാസിന്‍റെ മുഴക്കമുള്ള സ്വരം നമ്മുടെ കാതുകളിലും കാലങ്ങളോളം പൂവിട്ടു കൊണ്ടിരുന്നു.കാലം ഉരച്ചു നോക്കുന്തോറും മാറ്റേറുന്ന അങ്ങനെ എത്രയെത്രയാണ് ജോയിയുടെ പാട്ടുകൾ നമ്മൾ ആസ്വദിക്കുന്നത്.
എൺപതുകളിലെ കൗമാര – യുവത്വത്തിന്‍റെ എല്ലാ ലഹരികളെയുമപ്പാടെ തന്‍റെ പാട്ടിലേക്ക് ആവാഹിച്ച സംഗീത മാന്ത്രികനാണ് കെ ജെ ജോയ്. ജോയിയുടെയും പുതുതലമുറകളുടെയും ചുവടുകൾ ഏറ്റവും നന്നായറിഞ്ഞ് അഭിനയിച്ചതോ, അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്തും സ്റ്റണ്ട് സ്റ്റാറുമായ ജയനും. ജയന്‍റെ ചലനാത്മകതയിൽ അഭിരമിക്കുകയായിരുന്നു ജോയിയുടെ ഓരോ പാട്ടുകളും.
“കാലിത്തൊഴുത്തിൽ പിറന്നവനേ നന്മ നിറഞ്ഞവനേ…” ഭക്തി നിർഭരമായ ക്രിസ്തുമസ് രാവുകളിൽ ദേവാലയങ്ങളിൽ നിന്ന് വിശ്വാസികളുടെ കണ്ഠത്തിൽ നിന്നും ഉയർന്നു കേൾക്കുന്ന ഗാനത്തിലും ജോയിയുടെ സംഗീതത്തിന്‍റെ പൂർണത നിറഞ്ഞു നിൽക്കുന്നു. ’സായൂജ്യം’ എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ വരികളുടെ ജീവനില്‍ സംഗീതത്തിന്‍റെ ആത്മാവിനെ കുടിയിരുത്താൻ കെ ജെ ജോയി എന്ന സംഗീതജ്ഞന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഓർക്കസ്ട്രയിൽ വിരിഞ്ഞ മനോഹരമായ പാട്ടിനെ സുശീലയുടെ ശബ്ദം ഗംഭീരമാക്കി.
സംഗീത പഠനത്തിന്‍റെ ആദ്യ കാലങ്ങളിൽ വയലിനിസ്റ്റായിരുന്ന ഇദ്ദേഹം ദക്ഷിണേന്ത്യൻ സംഗീതത്തിലെ തന്നെ ഏറ്റവും മികച്ച അക്കോർഡിയസ്റ്റായിരുന്നു. ’സർപ്പം’ എന്ന ചിത്രത്തിലെ “സ്വർണമീനിന്‍റെ ചേലൊത്ത പെണ്ണാളേ…” ഇന്നും മലയാള സിനിമയുടെ ഹരമാണ്. ബിച്ചു തിരുമലയുടെ വരികൾക്ക് കെ ജെ ജോയ് ഈണമിട്ടു യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും വാണിജയറാമും പി സുശീലയും ചേർന്നു പാടിയ മനോഹരമായ പാട്ട്. ജോയിയുടെ ഹിറ്റായ അനേകം പാട്ടുകളിൽ ഈ ഗാനം അതിന്‍റെ എല്ലാ വികാരങ്ങളുടെയും സമന്വയത്തിൽ വ്യത്യസ്തതകളോടു കൂടി വേറിട്ടു നിൽക്കുന്നു.
‘കസ്തൂരി മാന്മിഴി’യും ‘എൻ സ്വര’വും ‘സ്വർണ്ണമീനിന്‍റെ ചേലൊത്ത’തുമായ അനേകം പാട്ടുകളുടെ സംഗീത സൃഷ്ട്ടാവ് കെ ജെ ജോയിയിൽ നിന്നും ഏറ്റവും ദുഃഖ സാന്ദ്രമായ ഗാനവും പിറന്നിട്ടുണ്ട്. ‘സായൂജ്യ ‘മെന്ന ചിത്രത്തിൽ ഇദ്ദേഹത്തിന്‍റെ മനോഹരവും ദുഃഖാത്മകവുമായ മെലഡി ഗാനത്തിന്‍റെ സംഗീതത്തിന് അനു സൃതമായി യൂസഫലി കേച്ചേരിയുടെ രചനയിൽ യേശുദാസ് ആലപിച്ച “മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണിൽ മലരായി വിടരും നീ…” എത്ര കേട്ടാലും മതിവരില്ല. മനസ്സിന്‍റെ അഗാധയിലേക്ക് തുളച്ചുകയറുന്ന കെ ജെ ജോയിയുടെ ഈണത്തിൽ “രാജമല്ലിപ്പൂവിരിയും ” എന്ന പാട്ടും പ്രേക്ഷകർക്ക് സംഗീതത്തിന്‍റെ സുഗന്ധം പകർന്നു.
വെറും ശിലയായി കിടന്നതിനെ കൊത്തിമിനുക്കി മനോഹരമാക്കിമാറ്റുന്ന ഈ സംഗീതശില്പി മലയാളത്തിൽ മാത്രമല്ല, ഹിന്ദിയിലും പന്ത്രണ്ടോളം സിനിമകൾക്ക് വേണ്ടി സംഗീതമൊരുക്കി. നൗഷാദ്, ബാപ്പി ലഹരി, ആർ ഡി ബർമൻ, ലക്ഷ്മികാന്ത് പ്യാരിലാൽ, മദന്മോഹൻ തുടങ്ങിയ സംഗീത പ്രമാണിമാർക്കൊപ്പം തന്‍റെ സംഗീതവുമായി കെ ജെ ജോയ് കൂട്ടു കൂടി. ”എവിടെയോ കളഞ്ഞു പോയ കൗമാരം…” യേശുദാസ് ആലപിച്ച ബിച്ചുതിരുമലയുടെ വരികൾക്ക് കെ ജെ ജോയ് ഈണമിട്ട ഈ ഗാനമായിരുന്നു സുഹൃത്തും നടനുമായ ജയന് കൂടുതൽ പ്രിയങ്കരം. ഗസലിന്‍റെ മാധുര്യം ചേർത്തൊരുക്കിയ ഈ ഗാനരംഗത്ത് ജയനും ശ്രീവിദ്യയുമാണ് ജോഡികള്‍. എന്നാൽ ചിത്രത്തിൽ ഗായക കഥാപാത്രമായി എത്തുന്നത് ഗായകൻ കൂടിയായ കൃഷ്ണചന്ദ്രനാണ്.
പാശ്ചാത്യ സംഗീതമായിരുന്നു കെ ജെ ജോയിയുടെ മിക്ക പാട്ടുകളുടെയും അടിസ്ഥാന ശില. അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തിൽ കാലത്തിന്‍റെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തങ്ങ ളായ മാറ്റങ്ങളോടെ സിനിമയും ഈണങ്ങളും മാറിക്കൊണ്ടിരുന്നു. സംഗീതത്തിൽ പുതുമയ്ക്ക് വേണ്ടി അദ്ദേഹം പഴമയെ ഉപേക്ഷിച്ചില്ല. രണ്ടും രണ്ട് യുഗങ്ങൾ പോലെ അദ്ദേഹത്തിന്‍റെ സംഗീതത്തിൽ നിറഞ്ഞു നിന്നു. ഒരു അക്കോർഡിയസ്റ്റ് കൂടിയായ ജോയിയുടെ ആ സംഗീതോപകരണം മലയാളത്തിൽ ഉപയോഗിച്ചതും എം എസ് വിശ്വനാഥനാണ്. അക്കാലത്ത് മികച്ച യുഗ്മഗാനങ്ങളും ജോയിയുടെ സംഗീതത്തിൽ പിറന്നിട്ടുണ്ട്.
’തരംഗം’ എന്ന ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ വരികൾക്ക് കെ ജെ ജോയ് ഈണമിട്ടു യേശുദാസും എസ് ജാനകിയും ചേർന്നു പാടിയ “മഴമുകിൽ മയങ്ങി“, “നീലമേഘമാലകൾ“, “ഓരോ രാഗ പല്ലവി നമ്മൾ ” തുടങ്ങിയ പാട്ടുകൾ ഉദാഹരണങ്ങളാണ്. ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ, ഒ എൻ വി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, പൂവച്ചൽ ഖാദർ, പാപ്പനങ്കോട് ലക്ഷ്മണൻ തുടങ്ങി അന്നും ഇന്നും പ്രശസ്തരായ ഒത്തിരി ഗാനരചയിതാക്കളുടെ മനോഹരങ്ങളായ വരികൾക്ക് ഈണമിട്ടു കെ ജെ ജോയ്. ബിന്ദു നീയാനന്ദബിന്ദു, മുഖശ്രീ കുങ്കുമം ചാർത്തിയ ,ചന്ദനച്ചോല, മധുരം തിരുമധുരം, കാമുകിമാരെ സ്വർഗത്തിലേക്കോ,മു ല്ലപ്പൂ മണമോ, തെച്ചിപ്പുവേ മിഴി, അക്കരെയിക്കരെ, ലളിത സഹസ്രനാമങ്ങൾ, പരിപ്പുവടാ, മണിയാൻ ചെട്ടിക്ക്, ആറാട്ടു മഹോത്സവം, നീലയമുനെ, ഈ ജീവിതമൊരു, തുടങ്ങിയവ കെ ജെ ജോയ് ഈണമിട്ട മലയാള ഗാനങ്ങളാണ്.
ബാബുരാജ് ഒരിക്കൽ തന്നെ ചേർത്ത് നിർത്തി അഭിനന്ദിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ പല അഭിമുഖങ്ങളിലും കെ ജെ ജോയ് ഓർത്തെടുക്കാറുണ്ട്, “ജോയി, മലയാളികൾക്കിപ്പൊ മുഴുവൻ നിന്‍റെ പാട്ടു മതി. എന്‍റെ മക്കൾ കൂടി നിന്‍റെ പാട്ട് പാടിയാണ് നടക്കുന്നത്…” അതെ, മലയാള സിനിമ സംഗീതത്തിന്‍റെ അമരക്കാരിലൊരാളായി മാറിക്കഴിഞ്ഞിഞ്ഞിരുന്നു കെ ജെ ജോയ്. ദേവരാജൻ മാസ്റ്റർ, ദക്ഷിണമൂർത്തി ,എ ടി ഉമ്മർ, എം കെ അർജുനൻ മാഷ്, സലിൽ ചൗധരി ബാബുരാജ്, എന്നി സംഗീത കുലപതിമാർക്കൊപ്പം തന്‍റെതായ ഇരിപ്പിടം കണ്ടെത്തുകയായിരുന്നു ഈ മഹാനായ മലയാളത്തിന്‍റെ പ്രിയ സംഗീതജ്ഞൻ.
1969 ൽ ദക്ഷിണേന്ത്യൻ സിനിമ സംഗീതത്തിൽ തന്‍റെ കീബോർഡ് നിറയെ ഈണവും താളവുമായി പാറി നടന്നു കൊണ്ട് ആദ്യമായി തന്‍റെ കീബോർഡ് അനേകം ഭാഷകളിലെ സിനിമകൾക്ക് വേണ്ടി വായിച്ചു കെ ജെ ജോയ് എന്ന സംഗീതജ്ഞൻ. 2024 ജനുവര് 15 ന്നു ജീവതത്തോട് എന്നന്നേക്കുമായി വിടപറഞ്ഞെങ്കിലും ചലനാത്മകവും ഭാവാത്മകവുമായ ഒരു പിടി ഗാനങ്ങളുടെ സുൽത്താനായി ഇന്നും മലയാള സിനിമാ സംഗീതത്തിന്‍റെ അമരത്ത് കെ ജെ ജോയിയുണ്ട്.