മലയാള സിനിമയില്‍ നര്‍മത്തില്‍ ചാലിച്ച നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ട് നടന്‍ മാമുക്കോയ അന്തരിച്ചു. 76- വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള ചികില്‍സയിലിക്കെ ആയിരുന്നു അന്ത്യം. മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്‍റ് ഉദ്ഘാടനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നു തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും ആരോഗ്യം വഷളാവുകയും ചെയ്തിരുന്നു.
നാടക രംഗത്ത് നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ മാമുക്കോയ മലയാളികള്‍ക്ക് സമ്മാനിച്ചത് നര്‍മം തുളുമ്പുന്ന കഥാപാത്രങ്ങളെയാണ്. കോഴിക്കോടന്‍ സംഭാഷണത്തിന്‍റെ തനതു ശൈലിയില്‍ തന്‍റെ അഭിനയകലയെ വാനോളം ഉയര്‍ത്തുവാന്‍ കഴിഞ്ഞു, ഈ ഹാസ്യ സാമ്രാട്ടിന്. 1977-ല്‍ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമിയാണ് ആദ്യ ചിത്രം. ‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അറബി മുന്‍ഷി കഥാപാത്രത്തിലൂടെ സിനിമയില്‍ ചുവടുറപ്പിച്ചു. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരുടെ മുന്‍നിര വേഷങ്ങളില്‍ ഒന്ന് മാമുക്കോയക്കായി മാറ്റി വെക്കപ്പെട്ടു. കീലേരി അച്ചുവും ഗഫൂര്‍ക്ക ദോസ്തും ഇന്നും മലയാളസിനിമയില്‍ മാമുക്കോയയെ ഓര്‍മ്മിപ്പിക്കുന്നു. ‘നാട്ടുജീവിതത്തിന്‍റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന്” മുഖ്യമന്ത്രി അനുശോചനത്തില്‍ കുറിച്ചു.