‘കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമയാണ് ഹോം. എന്നെക്കാള്‍ ഒരുപാട് കഷ്ടപ്പെട്ടവരുണ്ട്. ആ സിനിമയ്ക്കു ജനങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചു’- ഇന്ദ്രന്‍സ് പറഞ്ഞു. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സിന് സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഹോം ഒഴിച്ച് നിര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണത്തെ ദേശീയ പുരസ്കാര വേളയില്‍ ഇരട്ടി മധുരമാണ് ഹോമിലൂടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
‘പുരസ്കാര നേട്ടത്തിന് അതിയായ സന്തോഷം. സംസ്ഥാന അവാര്‍ഡിന് തഴയപ്പെട്ടപ്പോള്‍ വിഷമം തോന്നി. മനുഷ്യനല്ലേ കിട്ടുമ്പോള്‍ സന്തോഷം കിട്ടാത്തപ്പോള്‍ വിഷമം’ ഇന്ദ്രന്‍സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരള സംസ്ഥാന പുരസ്കാര വേളയിലായിരുന്നു നടനും സംവിധായകനും ഹോം ചിത്രത്തിന്‍റെ നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണമുയര്‍ന്നു വന്നത്. ഹോം ചിത്രത്തെ എല്ലായിടത്തും നിന്ന് മാറ്റി നിര്‍ത്തിയത് പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കണോ എന്നായിരുന്നു ഇന്ദ്രന്‍സ് ഉന്നയിച്ചത്. നിരവധി പേര്‍ അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.