96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു. ജിമ്മി കിമ്മൽ അവതാരകനായി എത്തിയ ലോസാഞ്ജലീസിലെ ഡോൾബി തിയ്യേറ്ററിൽ വെച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം. ആണവായുധത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഭൌതിക ശാസ്ത്രജ്ഞൻ ജെ. റൊബർട്ട് ഓപ്പൻഹൈമറുടെ ജീവിതത്തെ പ്രമേയമാക്കി നിർമ്മിച്ച ‘ഒപ്പൻഹൈമർ’ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളനേയും ഒപ്പൻഹൈമറായി വെള്ളിത്തിരയിലെത്തിയ കിലിയൻ മർഫിയെ മികച്ച നടനായും തിരഞ്ഞെടുത്തു. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദേശത്തിൽ ഒപ്പൻഹൈമർ ഏഴു വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. ‘പുവർ തിങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒപ്പൻഹൈമറിലെ അഭിനയത്തിലൂടെ റൊബർട്ട് ഡൌണി ജൂനിയറിനെ മികച്ച സഹനടനായും ദ ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഡിവൈൻ ജോയ് റാൻഡോൾഫ് മികച്ച സഹനടിയുമായി. ത്സാർഖണ്ഡിലെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പതിമൂന്നുകാരിയായ പെൺകൂട്ടിയെ കുറിച്ച് നിഷ പൌജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ‘ടു കിൽ എ ടൈഗർ’ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ മത്സരിച്ചു.ഈ വിഭാഗത്തിൽ യുക്രൈൻ ഡോക്യുമെന്ററിയായ 20 ഡേയ്സ് ഇൻ മരിയപോളിനാണ് പുരസ്കാരം ലഭിച്ചത്. 21 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് നിഷ പൌജ സംവിധാനം ചെയ്ത ‘ടു കിൽ എ ടൈഗർ’.